സെക്കന്‍ഡില്‍ വില്‍ക്കുന്നത് 16 കാറുകള്‍, ടൊയോട്ടയേക്കാള്‍ മുമ്പന്‍; ഈ കുഞ്ഞന്‍ ടോയ് കോടികളുടെ ട്രെന്‍ഡായതെങ്ങനെ?

ഒരു റോക്കറ്റ് സയന്റിസ്റ്റും കാര്‍ ഡിസൈനറും ചേര്‍ന്ന് 56 വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപകല്‍പ്പന ചെയ്ത ഒരു കളിപ്പാട്ടം അരനൂറ്റാണ്ടിനിപ്പുറവും സൂപ്പര്‍ ട്രെന്‍ഡായി നിലനില്‍ക്കുന്നതിന്റെ കാരണം ചികഞ്ഞ് വാഹനലോകം. ലോകോത്തര ബ്രാന്‍ഡുകളുടെ മിനിയേച്ചര്‍ രൂപമായ ഹോട്ട് വീല്‍സാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടികളുടെ വില്‍പ്പന നേടുന്നത്. 95 ലക്ഷം കാറുകള്‍ വിറ്റ് 2020ല്‍ ടൊയോട്ട ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായപ്പോള്‍ അഞ്ച് കോടി കുഞ്ഞന്‍ കാറുകള്‍ നിര്‍മിച്ച് റെക്കോര്‍ഡിട്ടത് ഹോട്ട് വീല്‍സായിരുന്നു. 1968ല്‍ അമേരിക്കയിലെ കാലിഫോര്‍ണിയില്‍ നിന്ന് തുടങ്ങിയ ഹോട്ട് വീല്‍സ് കാലമെത്ര പിന്നിട്ടിട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ തരംഗമായി നില്‍ക്കുന്നതിന്റെ കാരണമെന്താണെന്ന് പരിശോധിക്കാം.

ചരിത്രം

പ്രമുഖ വാഹന മോഡലുകളുടെ സ്‌കെയില്‍ മോഡല്‍ നിര്‍മിക്കുന്നതില്‍ പ്രശസ്തമായ അമേരിക്കന്‍ ബ്രാന്‍ഡാണ് ഹോട്ട് വീല്‍സ്. 1968 മേയ് 18ന് ഇലിയോട്ട് ഹാന്‍ഡ്‌ലറുടെ കമ്പനിയായ മറ്റേല്‍ (Mattel) ആണ് ന്യൂയോര്‍ക്ക് ടോയ് ഫെയറില്‍ കാര്‍ ആദ്യമായി അവതരിപ്പിക്കുന്നത്. പ്രശസ്തമായ ബാര്‍ബി, ഫിഷര്‍ പ്രൈസ്, അമേരിക്കന്‍ ഗേള്‍, തോമസ് ആന്‍ഡ് ഫ്രണ്ട്‌സ് തുടങ്ങിയ ഐക്കോണിക് ടോയ് ബ്രാന്‍ഡുകളുടെ നിര്‍മാതാവ് കൂടിയാണ് മറ്റേല്‍. ലോകത്തിലെ 200ലധികം വാഹന നിര്‍മാതാക്കളുമായി ഇന്ന് ഹോട്ട് വീല്‍സ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പല മോഡലുകളുടെയും ഒറിജിനല്‍ ഡിസൈനും ബ്ലൂ പ്രിന്റും ഉപയോഗിച്ചാണ് ഇവര്‍ സ്‌കെയില്‍ മോഡലുകള്‍ ഉണ്ടാക്കുന്നത്. ആദ്യം കുട്ടികള്‍ക്കിടയില്‍ ഹിറ്റായെങ്കിലും ഇപ്പോള്‍ മുതിര്‍ന്നവര്‍ക്കിടയിലും തരംഗമാണ് ഈ ഇത്തിരിക്കുഞ്ഞന്‍ വാഹനങ്ങള്‍. വാഹനങ്ങളുടെ ഒറിജിനല്‍ മോഡലിനെ വെല്ലുന്ന ഡീറ്റെയ്‌ലിംഗാണ് ഇവയുടെ പ്രധാന പ്രത്യേകത. അടയ്ക്കാനും തുറക്കാനും കഴിയുന്ന ഡോറുകള്‍, സസ്‌പെന്‍ഷന്‍, സ്റ്റിയറിംഗ്, മറ്റ് ഭാഗങ്ങള്‍ എന്നിവയെല്ലാം യഥാര്‍ത്ഥ മോഡലിന്റേത് പോലെതന്നെ. വില കൂടിയ സൂപ്പര്‍ കാറുകള്‍ സ്വന്തമാക്കാന്‍ കഴിയാത്തവര്‍ക്ക് അതിന്റെ മിനിയേച്ചര്‍ രൂപമെങ്കിലും കണ്ട് തൃപ്തിയടയാമെന്ന് സാരം.

കോടികളുടെ ബിസിനസ്

ഇത്തിരിക്കുഞ്ഞന്‍ കാറുകളാണ് വില്‍ക്കുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ഹോട്ട് വീല്‍സ് ആഗോള വിപണിയില്‍ നിന്ന് നേടിയത് 1.43 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) വില്‍പ്പനയാണ്. ഓരോ സെക്കന്‍ഡിലും 16 കാറുകളെങ്കിലും വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. എല്ലാ വര്‍ഷവും 130 പുതിയ കാര്‍ മോഡലുകളെങ്കിലും ഹോട്ട് വീല്‍സിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്നുണ്ട്. കാറുകള്‍ക്ക് പുറമെ റേസിംഗ് ട്രാക്കിന്റെ മിനിയേച്ചര്‍ പതിപ്പും ഹോട്ട് വീല്‍സിന്റേതായി വിപണിയിലുണ്ട്.

കേരളത്തിലും ആരാധകരേറെ

ഹോട്ട് വീല്‍സിന് കേരളത്തിലും ആരാധകരുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം കോഴിക്കോട് തുടങ്ങിയ ലുലുമാളില്‍ ഹോട്ട് വീല്‍സിന്റെ സെക്ഷനിലുണ്ടായ തിരക്ക്. കുട്ടികളെ ലക്ഷ്യം വച്ചാണ് കളിപ്പാട്ടങ്ങളെങ്കിലും ഹോട്ട് വീല്‍സ് വാങ്ങിക്കൂട്ടാന്‍ തിരക്ക് കൂട്ടുന്ന ചെറുപ്പക്കാരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെണ്ണിന് പകരം ഹോട്ട് വീല്‍സിനെ പ്രണയിച്ചവരുടെ തിരക്കാണ് കോഴിക്കോട് കണ്ടതെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റ്.

കോടികളുടെ കളക്ഷന്‍

വാച്ചുകളും വാഹനങ്ങളും ശേഖരിക്കുന്നത് പോലെ ലോകത്തിലെ മികച്ച കളക്ഷന്‍ ഹോബികളിലൊന്നാണ് ഹോട്ട് വീല്‍സും. 1969ല്‍ വിപണിയിലെത്തിയ ബീച്ച് ബോംബ് എന്ന മോഡല്‍ 2000ല്‍ വില്‍പ്പന നടന്നത് 72,000 ഡോളറിനാണ് (ഏകദേശം 60 ലക്ഷം രൂപ). ഇന്ന് അതേ സാധനത്തിന്റെ മൂല്യം 1,75,000 ഡോളറിന് (1.5 കോടി രൂപയോളം) മുകളിലാണെന്ന് ഹോട്ട് വീല്‍സിന്റെ വെബ്‌സൈറ്റ് പറയുന്നു. പണപ്പെരുപ്പവും വിപണിയിലെ അനിശ്ചിതത്വങ്ങളും കാരണം ഹോട്ട് വീല്‍സ് ശേഖരം ഒരു നിക്ഷേപമായി കാണുന്നവരുമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കയിലെ ഓരോ കുട്ടികളുടെയും കയ്യില്‍ 50 കുഞ്ഞന്‍ കാറുകളെങ്കിലുമുണ്ടെന്നാണ് ഹോട്ട് വീല്‍സിന്റെ കണക്ക്.

വെറും പ്രഹസനമെന്ന് വിമര്‍ശനം

അതേസമയം, ഇത്തരം കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത് വെറും പ്രഹസനമാണെന്ന് വാദിക്കുന്നവരും ഏറെയാണ്. ഒരു കാലത്ത് അപൂര്‍വ വസ്തുവായിരുന്ന ഹോട്ട് വീല്‍സിന് മാസ് പ്രൊഡക്ഷന്‍ ആരംഭിച്ചതോടെ പ്രസക്തി നഷ്ടമായതായി ഇക്കൂട്ടര്‍ വാദിക്കുന്നു. സുലഭമായി ലഭിക്കുന്ന ഒരു സാധനത്തിന് ഇത്രയധികം വില കല്‍പ്പിക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു. കളിപ്പാട്ടങ്ങള്‍ക്കുണ്ടാകുന്ന ചെറിയ തകരാര്‍ പോലും അതിന്റെ വില കുറയ്ക്കും. ഏറെക്കാലം കേടുകൂടാതെ ഇവ സൂക്ഷിക്കുന്നതും വെല്ലുവിളിയാണ്. വിപണിയില്‍ സാമ്പത്തിക മാന്ദ്യം പോലുള്ള പ്രതിസന്ധികളുണ്ടാകുമ്പോള്‍ ഇത്തരം വസ്തുക്കള്‍ക്ക് വിലയില്ലാതാകും. അവശ്യവസ്തുക്കള്‍ക്ക് ആളുകള്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് കൊണ്ടാണ് ഇതുണ്ടാകുന്നത്. നിലവിലുള്ള ട്രെന്‍ഡ് കുറച്ചുകാലം കഴിയുമ്പോള്‍ മാറിയാല്‍ വലിയ വില കൊടുത്ത് വാങ്ങിയ കാറുകള്‍ കനത്ത നഷ്ടത്തിനിടയാക്കും. ഒരു നിക്ഷേപമായി കാണാതെ ഹോബിയായി മാത്രം കണ്ടാല്‍ മതിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇത്രയും വിലപിടിപ്പുള്ള കളിപ്പാട്ടങ്ങള്‍ വെറും ഹോബിക്ക് വേണ്ടി മാത്രം ശേഖരിക്കാന്‍ എത്ര പേര്‍ തയ്യാറാകുമെന്നതാണ് ചോദ്യം.
Muhammed Aslam
Muhammed Aslam - Sub-Editor @ DhanamOnline  
Related Articles
Next Story
Videos
Share it