

പരിസ്ഥിതിക്കിണങ്ങുന്ന ഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈബ്രിഡ് കാറുകളുടെ റോഡ് നികുതി വെട്ടിക്കുറച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. പരമ്പരാഗത ഡീസല്‍ / പെട്രോള്‍ കാറുകളുടെ ഉപയോഗം കുറച്ച് ഹരിത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് ആളുകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രമുഖ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി, ടൊയോട്ട,ഹോണ്ട തുടങ്ങിയവര്‍ക്കാണ് ഇതിലൂടെ കൂടുതല്‍ നേട്ടം. എത്ര രൂപയാണ് കുറച്ചതെന്ന കാര്യം വ്യക്തമല്ലെങ്കിലും റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ള മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാറ, ടൊയോട്ട ഇന്നോവ ഹൈക്രോസ്, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, ഹോണ്ട സിറ്റി ഹൈബ്രിഡ് തുടങ്ങിയ മോഡലുകളുടെ വില കുറയും. നികുതി ഇല്ലാതാക്കിയത് വിപണിയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഗ്രാന്‍ഡ് വിറ്റാറ, അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എന്നീ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ തുകയില്‍ 1.80 ലക്ഷം രൂപയുടെ കുറവുണ്ടാകും. ടൊയോട്ട ഇന്നോവ ഹൈക്രോസിനാകട്ടെ മൂന്ന് ലക്ഷത്തോളം രൂപ കുറയും. സംസ്ഥാനത്തിന്റെ ഇലക്ട്രിക് വാഹന നയത്തില്‍ ഭേദഗതി വരുത്തിയാണ് ഇളവ് നല്‍കുന്നത്. 2025 ഒക്ടോബര്‍ വരെയാകും ഇത്.
ചരിത്ര തീരുമാനമെന്ന് വാഹന നിര്‍മാതാക്കള്‍
ഹൈബ്രിഡ് വാഹനങ്ങളുടെ റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനം നാഴികകല്ലാണെന്നും ആളുകള്‍ ഇത്തരം വാഹനങ്ങള്‍ കൂടുതലായി സ്വന്തമാക്കുമെന്നും വാഹന നിര്‍മാതാക്കള്‍ പറയുന്നു. യു.പി സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്ത ഹോണ്ട കാര്‍സ് ഇന്ത്യ, ഉപയോക്താക്കള്‍ക്ക് പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്ക് മാറാനുള്ള അവസരമാണിതെന്ന് പ്രതികരിച്ചു. ഹോണ്ടയുടെ ഹൈബ്രിഡ് കാറായ സിറ്റി ഇ:എച്ച്ഇവി ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മറ്റ് സംസ്ഥാനങ്ങളും മാതൃകയായേക്കും
ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരക്കാരനാകുമെന്ന് കരുതുന്ന ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇളവ് നല്‍കുന്ന തീരുമാനം മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമെന്നാണ് കരുതുന്നത്. പ്രകൃതിക്കിണങ്ങിയ വാഹന സംസ്‌ക്കാരത്തിലേക്ക് മാറുന്നതിനൊപ്പം പരിസര മലിനീകരണം വലിയ തോതില്‍ കുറയ്ക്കാനും തീരുമാനം വഴിവക്കും. ഹൈബ്രിഡ് കാറുകളുടെ നികുതി കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പറഞ്ഞിരുന്നു.
ഇലക്ട്രിക് കാറുകളുടെ വില്‍പ്പന കുറയും
ഹൈബ്രിഡ് കാറുകളുടെ വില കുറയുന്നത് ബാറ്ററിയെ മാത്രം ആശ്രയിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയെ ബാധിക്കുമെന്ന് കൊട്ടക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പെട്രോള്‍/ഡീസലില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളാണ് ഇന്ത്യന്‍ റോഡുകള്‍ക്ക് കൂടുതല്‍ അനുയോജ്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഹൈബ്രിഡ് വാഹനങ്ങളുടെ ഉയര്‍ന്ന വില ഉപയോക്താക്കളെ അതില്‍ നിന്നും അകറ്റുകയായിരുന്നു.
ഇനി ഹൈബ്രിഡ് യുഗമോ
വൈദ്യുത വാഹനങ്ങളെ കണ്ണടച്ച് പ്രോത്സാഹിപ്പിക്കുന്നത് ഭാവിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കൂട്ടുമെന്ന് വിവിധ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ ഇല്ലാതാക്കുമെന്ന നിലപാടിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം. ഒരുപക്ഷേ ഈ മാസത്തെ ബജറ്റില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് ഇളവ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രാജ്യത്ത് ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകാനാണ് സാധ്യത.
Read DhanamOnline in English
Subscribe to Dhanam Magazine