

ഒറ്റച്ചാര്‍ജില്‍ 3,000 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇ.വി ബാറ്ററി സാങ്കേതിക വിദ്യയുമായി ചൈനീസ് ടെക് കമ്പനിയായ ഹുവാവേ (Huawei). അഞ്ച് മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജാകുന്ന സള്‍ഫൈഡ് അധിഷ്ഠിതമായ സോളിഡ് സ്‌റ്റേറ്റ് ബാറ്ററിക്ക് കമ്പനി പേറ്റന്റ് സ്വന്തമാക്കി. നേരത്തെ, അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ഇ.വി ബാറ്ററി ചൈനീസ് കമ്പനിയായ ബി.വൈ.ഡിയും പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹുവാവേയുടെ നീക്കം.
നിലവിലുള്ള ലിഥിയം അയണ്‍ ബാറ്ററിയേക്കാള്‍ രണ്ടോ മൂന്നോ മടങ്ങ് ശേഷിയുള്ളവയാണ് ഹുവാവേ വികസിപ്പിച്ചിരിക്കുന്നത്. 400-500 വാട്ട് അവര്‍ പെര്‍ കിലോഗ്രാം (Wh/kg) എനര്‍ജി ഡെന്‍സിറ്റി രേഖപ്പെടുത്തിയ ബാറ്ററികളാണിത്. സള്‍ഫൈഡ് അധിഷ്ഠിതമായ ബാറ്ററികള്‍ വാണിജ്യ വത്കരിക്കുന്നതിലുണ്ടായിരുന്ന തടസം പരിഹരിക്കുന്നതിനൊപ്പം സുരക്ഷയും ബാറ്ററിയുടെ ഈടും ഉറപ്പാക്കാനും കമ്പനിക്കായെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ ഫുള്‍ ചാര്‍ജിംഗ് സാധ്യമാക്കുന്ന തരത്തിലാണ് ബാറ്ററിയുടെ നിര്‍മാണം.
ബാറ്ററി വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് പുറമെ ടൊയോട്ട, പാനസോണിക്, സാംസംഗ് തുടങ്ങിയ പ്രമുഖരും വലിയ നിക്ഷേപം നടത്തിയിരുന്നു. 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 1,200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ബാറ്ററി പ്രോട്ടോടൈപ്പ് 2023ല്‍ ടൊയോട്ട പുറത്തിറക്കിയിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ വാണിജ്യ രൂപത്തിലുള്ള ബാറ്ററിയും വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഈ മേഖലയില്‍ ചൈനീസ് കമ്പനികളുടെ അതിപ്രസരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോളിഡ് സ്‌റ്റേറ്റ് ബാറ്ററി മേഖലയില്‍ ചൈനീസ് കമ്പനികള്‍ക്കുള്ളത് 7,600ലധികം പേറ്റന്റുകളാണെന്നാണ് കണക്ക്. ഈ മേഖലയിലെ ആകെ പേറ്റന്റുകളുടെ 36.7 ശതമാനമാണിത്.
അതേസമയം, ഒറ്റച്ചാര്‍ജില്‍ 3,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നത് വെറും സിദ്ധാന്തമാണെന്നും യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ തടസങ്ങളുണ്ടെന്നുമാണ് ചില ഗവേഷകര്‍ പറയുന്നത്. ഇത്രയും വേഗത്തില്‍ ചാര്‍ജ് ചെയ്യാനാവശ്യമായ സംവിധാനങ്ങളൊന്നും നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമല്ല. വലിയ രീതിയിലുള്ള നിക്ഷേപം ഈ മേഖലയില്‍ ആവശ്യമാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ സ്വന്തം പേരില്‍ ഹുവാവേ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൈബ്രിഡ് സോളിഡ് ബാറ്ററി മേഖലയില്‍ വലിയ മാറ്റത്തിനൊരുങ്ങുകയാണ് ചൈനീസ് കമ്പനികള്‍.
Huawei’s new solid-state battery patent claims 3,000 km range and sub-5-minute charging, setting off a global race among EV makers and suppliers.
Read DhanamOnline in English
Subscribe to Dhanam Magazine