പെട്രോളുമല്ല, ഇലക്ട്രിക്കുമല്ല! ഭാവിയുടെ ഇന്ധനത്തില്‍ ഓടുന്ന ബൈക്കുമായി കാവസാക്കി

പുറത്തുവിടുന്നത് പുകയ്ക്ക് പകരം വെള്ളം
image credit : kawasaki website
image credit : kawasaki website
Published on

ഹൈഡ്രജന്‍ ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കമ്പസ്റ്റ്ഷന്‍ എഞ്ചിനുള്ള (internal combustion engine) ലോകത്തിലെ ആദ്യ ബൈക്കിന്റെ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കാവസാക്കി. കഴിഞ്ഞ ദിവസം ജപ്പാനിലെ സുസുക്ക സര്‍ക്യൂട്ടിലായിരുന്നു വാഹന ലോകത്തെ ഞെട്ടിച്ച പരീക്ഷണയോട്ടം. ഹൈഡ്രജന്‍ ഇന്ധനമാക്കാവുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ എഞ്ചിനാണ് ഇതിന് ഉപയോഗിച്ചത്.

2023ലാണ് ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള പരീക്ഷണങ്ങള്‍ കാവസാക്കി ആരംഭിച്ചത്. ഇതിനായി നിന്‍ജ എച്ച്ടു ബൈക്കില്‍ ഉപയോഗിച്ചിരുന്ന 998 സി.സി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ സൂപ്പര്‍ ചാര്‍ജ്ഡ് എഞ്ചിനാണ് തെരഞ്ഞെടുത്തത്. എഞ്ചിന്‍ സിലിണ്ടറുകളിലേക്ക് പെട്രോളിന് പകരം ഹൈഡ്രജന്‍ പമ്പ് ചെയ്യാനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയായിരുന്നു പരീക്ഷണം. ഹൈഡ്രജന്‍ സൂക്ഷിക്കാനുള്ള കാനിസ്റ്ററുകളും എഞ്ചിനിലേക്ക് സുരക്ഷിതമായി ഹൈഡ്രജന്‍ കൊണ്ടുപോകാനുള്ള സംവിധാനവും തയ്യാറാക്കി.

പുകയല്ല, വെള്ളം

സാധാരണ ഇന്റേണല്‍ കമ്പസ്റ്റ്ഷന്‍ എഞ്ചിനുകള്‍ കാര്‍ബണ്‍ അടങ്ങിയ പുക പുറത്തേക്ക് വിടുമ്പോള്‍ കാവസാക്കിയുടെ പുതിയ എഞ്ചിന്‍ വെള്ളമാണ് പുറന്തള്ളുന്നത്, നീരാവി രൂപത്തിലാണ് പുറത്തേക്ക് പോകുന്നതെന്ന് മാത്രം. സാധാരണ പെട്രോള്‍ ബൈക്കുകളെപ്പോലെ ശബ്ദമുണ്ടാക്കാനും വേഗത കൈവരിക്കാനും കഴിയുന്ന തരത്തില്‍ തന്നെയാണ് പേരിട്ടിട്ടില്ലാത്ത ഇവന്റെ നിര്‍മാണം.

ഹൈഡ്രജന്‍ ബൈക്കുകള്‍ 2030ല്‍

ഭാവിയുടെ ഇന്ധനമെന്ന് അറിയപ്പെടുന്ന ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനം 2030ഓടെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ലഭ്യതയും ഓരോ രാജ്യത്തെയും നിയമവും കണക്കിലെടുത്ത് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നും കാവസാക്കി വിശദീകരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com