കിടിലന്‍ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്; ഫീച്ചേഴ്സും ബുക്കിംഗ് തുകയും അറിയാം

ജനപ്രിയ പ്രീമിയം എസ്‌.യു.വിയായ അൽകസാര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി പുറത്തിറക്കി. സെപ്റ്റംബർ 9 നാണ് കമ്പനി വാഹനം പുറത്തിറക്കുന്നത്.

വാഹനത്തിന്റെ പ്രത്യേകതകള്‍

എച്ച് ആകൃതിയിലുള്ള പുതിയ എൽ.ഇ.ഡി ഡേ ടൈം റണ്ണിംഗ് ലൈറ്റ് സജ്ജീകരണവും ക്വാഡ് ബീം എൽ.ഇ.ഡി ഹെഡ്‌ലാമ്പുകളും നല്‍കി എസ്‌.യു.വിയുടെ മുൻവശം ആകര്‍ഷകമായിരിക്കുന്നു. സ്‌കിഡ് പ്ലേറ്റുകളും പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും വാഹനത്തിന് പരുക്കന്‍ ആകര്‍ഷണം നല്‍കുന്നു.

പുതിയ ക്യാരക്ടർ ലൈനുകള്‍ നല്‍കി അൽകസാറിന്റെ സൈഡ് പ്രൊഫൈൽ മനോഹരമാക്കിയിരിക്കുന്നു. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. കണക്ടഡ് എൽ.ഇ.ഡി ടെയിൽലൈറ്റുകൾ, പുനർരൂപകൽപ്പന ചെയ്ത ടെയിൽഗേറ്റ്, ഇന്റഗ്രേറ്റഡ് സ്റ്റോപ്പ് ലാമ്പ്, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ് തുടങ്ങിയവ പിൻഭാഗത്ത് നല്‍കിയിരിക്കുന്നു.

പുതിയ ക്രെറ്റയിൽ അവതരിപ്പിച്ച അതേ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും അൽകസാറിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകള്‍ അടക്കം മൊത്തം 70 ലധികം സുരക്ഷാ സവിശേഷതകള്‍ അൽകസാർ ഫെയ്സ്ഫിറ്റില്‍‌ ഉൾക്കൊള്ളുന്നു. പുതിയ ക്രെറ്റയിൽ കാണുന്നതുപോലുള്ള ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങൾ (ADAS) ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ ഉൾപ്പെടുത്തും.

എഞ്ചിൻ ഓപ്ഷനുകള്‍

രണ്ട് എഞ്ചിൻ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 158 bhp കരുത്തും 253 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 113 bhp കരുത്തും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ U2 CRDi ഡീസൽ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളില്‍ ലഭ്യമാണ്.

ബുക്കിംഗ് ആരംഭിച്ചു

16.77 ലക്ഷം രൂപ മുതൽ 21.28 ലക്ഷം രൂപ വരെയാണ് അൽകസാറിന്റെ നിലവിലെ പതിപ്പിന് എക്‌സ് ഷോറൂം വില. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് ഏകദേശം 50,000 രൂപ അധികമായി നല്‍കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽകസാർ പുതിയ പതിപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 25,000 രൂപയ്ക്ക് ഹ്യുണ്ടായിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയോ രാജ്യത്തുടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിച്ചോ ബുക്ക് ചെയ്യാവുന്നതാണ്.
Related Articles
Next Story
Videos
Share it