ക്രെറ്റയ്ക്കും വെന്യുവിനും ഇടയിലേക്ക് പുതിയ താരം? മിഡ് സൈസ് എസ്‌യുവി വിപണി ഹ്യുണ്ടായ് 'ബെയോണ്‍' കൈയടക്കുമോ?

യൂറോപ്യന്‍ നിരത്തുകളില്‍ തരംഗമായ കോംപാക്റ്റ് എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്കും എത്തുമ്പോള്‍ മികച്ച ഡിസൈനും അത്യാധുനിക ഫീച്ചറുകളും പ്രീമിയം ലുക്കും വാഗ്ദാനം.
ക്രെറ്റയ്ക്കും വെന്യുവിനും ഇടയിലേക്ക് പുതിയ താരം? മിഡ് സൈസ് എസ്‌യുവി വിപണി ഹ്യുണ്ടായ് 'ബെയോണ്‍' കൈയടക്കുമോ?
Published on

ഇന്ത്യന്‍ വാഹന പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന പുതിയ എസ്യുവിയുടെ പേര് വെളിപ്പെടുത്തി പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. 'ഹ്യുണ്ടായി ബെയോണ്‍' (Hyundai Bayon) എന്ന് പേരിട്ടിരിക്കുന്ന ഈ എസ്‌യുവി വരുന്ന ഉത്സവ സീസണില്‍ രാജ്യത്തെ നിരത്തുകളിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ക്രോസ്ഓവര്‍ ഡിസൈനും അത്യാധുനിക കണക്റ്റഡ് സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുകൊണ്ടാണ് ഹ്യുണ്ടായ് ബയോണ്‍ എത്തുന്നത്.

ഇന്ത്യയില്‍ കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍ വന്‍ തരംഗം സൃഷ്ടിച്ച വെന്യു (Venue), ക്രെറ്റ (Creta) എന്നിവയ്ക്കിടയില്‍ പുതിയൊരു ഓപ്ഷനായി ഇതിനെ കമ്പനി പരിഗണിച്ചേക്കാമെന്നാണ് ഈ മേഖലയിലെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ബാസ്‌ക് മേഖലയിലുള്ള 'ബെയോണ്‍' (Bayonne) എന്ന പ്രശസ്തമായ നഗരത്തിന്റെ പേരില്‍ നിന്നാണ് ഹ്യുണ്ടായി പുതിയ വാഹത്തിന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര വിപണികളില്‍ ഈ പേരുള്ള വാഹനം നിലവിലുണ്ടെങ്കിലും, ഇന്ത്യന്‍ വിപണിയുടെ ആവശ്യങ്ങളും റോഡ് സാഹചര്യങ്ങളും മുന്‍നിര്‍ത്തി പൂര്‍ണമായും വ്യത്യസ്തമായ സവിശേഷതകളോടെയാണ് ഇന്ത്യയിലെ ബെയോണ്‍ ഒരുങ്ങുന്നത്.

പ്രീമിയം ലുക്ക്, മികച്ച ഡിസൈന്‍

വാഹനത്തിന്റെ പൂർണമായ സാങ്കേതിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ റോഡുകളിൽ പരീക്ഷണ ഓട്ടം നടത്തുന്ന ബയോണിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്പോർട്ടി ക്രോസ്ഓവർ രൂപകൽപ്പനയാണ് വാഹനത്തിനുള്ളത്.

തടിച്ച റൂഫ് റെയിലുകൾ, വീതിയേറിയ വീൽ ആർച്ചുകൾ, മുന്നിൽ എൽഇഡി ലൈറ്റുകളുടെ വിശാലമായ സിഗ്നേച്ചർ എന്നിവ വാഹനത്തിന് കരുത്തുറ്റ ലുക്ക് നൽകുന്നുണ്ട്. പുറകിൽ മെലിഞ്ഞ ഹൊറിസോണ്ടൽ ലൈറ്റിംഗ് എലമെന്റും റൂഫ് സ്‌പോയ്‌ലറും ക്രമീകരിച്ചിരിക്കുന്നു. പിന്നിലെ ആരോ (Arrow-shaped) ആകൃതിയിലുള്ള എല്‍.ഇ.ഡി ടെയില്‍ ലൈറ്റുകള്‍ ഈ വാഹനത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

നഗരങ്ങളിലെ തിരക്കേറിയ റോഡുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ കോംപാക്റ്റ് അളവുകളാണ് ഇതിനുള്ളത്.

കരുത്തുറ്റ എന്‍ജിന്‍ ഓപ്ഷനുകള്‍

ഗ്ലോബല്‍ മോഡലില്‍ 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ (Turbo GDi) പെട്രോള്‍ എന്‍ജിനാണ് ബയോണിന് കരുത്തേകുന്നത്. 48V മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതില്‍ ലഭ്യമാണ്. 6-സ്പീഡ് ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT), 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ (DCT) ഓപ്ഷനുകളില്‍ വാഹനം ലഭിക്കും.

ഇന്ധനക്ഷമത: മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ഉള്ളതിനാല്‍ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ ഉദ്വമനവും ഉറപ്പുനല്‍കുന്നു.

കേബിനിലെ സാങ്കേതികവിദ്യയും സുരക്ഷയും

അത്യാധുനിക ടെക്‌നോളജിയാണ് ബയോണിന്റെ ഉള്‍വശത്ത് ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും അതേ വലിപ്പത്തിലുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ബോസ് (Bose) പ്രീമിയം സൗണ്ട് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ്, ഹ്യുണ്ടായ് ബ്ലൂലിങ്ക് (Bluelink) കണക്റ്റഡ് കാര്‍ ഫീച്ചറുകളുമുണ്ടാകും

സുരക്ഷ

സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ചയില്ല. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (ADAS), ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ഫോര്‍വേഡ് കൊളീഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് എന്നിവ ഉള്‍പ്പെടുന്ന 'സ്മാര്‍ട്ട്‌സെന്‍സ്' സ്യൂട്ട് വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

പ്രീമിയം ഹാച്ച്ബാക്കുകളില്‍ നിന്നും കോംപാക്റ്റ് എസ്യുവികളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കളെയാണ് ഹ്യുണ്ടായി ലക്ഷ്യം വയ്ക്കുന്നത്. ഇടുങ്ങിയ റോഡുകളിലും എളുപ്പത്തില്‍ ഹാന്‍ഡ്ലിംഗ് സാധ്യമാകുന്ന അളവുകളും, കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സും ബെയോണിനെ അനുയോജ്യമായ ചോയ്‌സാക്കി മാറ്റുന്നു.

ടാറ്റ പഞ്ച്, മാരുതി ഫ്രോങ്ക്സ് (Fronx), നിസ്സാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ എന്‍ട്രി ലെവല്‍ ക്രോസ്ഓവര്‍/എസ്‌യുവി മോഡലുകളുമായി മത്സരിക്കാന്‍ ഹ്യുണ്ടായ് ഇന്ത്യ ബെയോണിനെ അല്ലെങ്കില്‍ ഇതിന് സമാനമായ പ്ലാറ്റ്ഫോമിനെ ഇന്ത്യയില്‍ എത്തിച്ചാല്‍ അത് വിപണിയില്‍ വലിയ ചലനമുണ്ടാക്കും.

Hyundai Motor India officially names its upcoming SUV 'Bayon', targeting a festive season market debut

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com