ഫെബ്രുവരിയിലെ ജനപ്രിയ എസ്‌യുവിയായി ഹ്യുണ്ടായ് ക്രെറ്റ

ഇന്ത്യന്‍ വാഹന ഉപഭോക്താക്കള്‍ക്കിപ്പോള്‍ പ്രിയം എസ്‌യുവികളോടാണ്. ഇത് തിരിച്ചറിഞ്ഞ് വിവിധ ഫീച്ചറുകളിലും ചെറിയ വിലയ്ക്കുമെല്ലാം എസ്‌യുവി വിപണിയിലെത്തിക്കാനാണ് കാര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. നിസാന്‍ മാഗ്നൈറ്റിനും റെനോ കൈഗറിനും ലഭിച്ച ജനപ്രീതിക്ക് തന്നെ കാരണവും ഉപഭോക്താക്കളുടെ എസ്‌യുവികളോടുള്ള പ്രിയമാണ്.

എന്നാല്‍ ഫെബ്രുവരി മാസം എസ്‌യുവി വിഭാഗത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞുപോയത് ഹ്യുണ്ടായിയുടെ ക്രെറ്റയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹ്യൂണ്ടായി ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന പാസഞ്ചര്‍ വാഹനമായ ക്രെറ്റയുടെ 12,428 യൂണിറ്റുകളാണ് കഴിഞ്ഞമാസം ഉപഭോക്താക്കള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മാസത്തെ ഹ്യുണ്ടായിയുടെ മൊത്തം എസ്‌യുവി വില്‍പ്പന 23,814 യൂണിറ്റാണ്. സബ്കോംപാക്റ്റ് എസ്‌യുവിയായ ഹ്യുണ്ടായ് വെന്യു 11,224 യൂണിറ്റുകളും ഗ്രാന്‍ഡ് ഐ 10 നിയോസ് 10,270 യൂണിറ്റുകളുമാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞത്. പ്രീമിയം ഹാച്ച്ബാക്കായ ഹ്യുണ്ടായ് ഐ 20 ഇതുവരെ 9,000 യൂണിറ്റുകള്‍ വിറ്റഴിച്ചതായി നിര്‍മാതാക്കള്‍ വ്യക്തമാക്കി.
എസ്‌യുവി വിഭാഗത്തില്‍ കിയ, മഹീന്ദ്ര, മാരുതി സുസുകി എന്നിവയാണ് ഹ്യുണ്ടായിക്ക് പിന്നിലുള്ളത്. ഫെബ്രുവരിയില്‍ കിയ 16,302 യൂണിറ്റുകളും മഹീന്ദ്ര 15,256 യൂണിറ്റുകളും മാരുതി സുസുകി 14,090 യൂണിറ്റ് എസ്‌യുവികളുമാണ് വിറ്റഴിച്ചത്.
1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടെയും 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായ് ക്രെറ്റ ലഭ്യമാണ്. ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങളെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇതിനുണ്ട്.
മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലായി ലഭിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ വേരിയന്റുകളുടെ വില 9.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ 17.2 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം).


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it