ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടും! ക്രെറ്റയുടെ ഇലക്ട്രിക് അവതരിപ്പിച്ച് ഹ്യുണ്ടായ്, എതിരാളികള്‍ക്ക് നെഞ്ചിടിപ്പ്

ഹ്യുണ്ടായ് ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന നേട്ടം സ്വന്തമാക്കി ക്രെറ്റ. 51.4 കിലോവാട്ട് അവർ ബാറ്ററി പാക്കും 473 കിലോമീറ്റർ റേഞ്ചുമാണ് ക്രെറ്റ ഇലക്ട്രിക്കിന് ഉണ്ടാവുക. 11 കിലോവാട്ട് എ.സി വാൾ ബോക്സ് ചാർജര്‍ ഉപയോഗിച്ച് 10 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ആകാൻ നാല് മണിക്കൂറും ഡി.സി ചാർജർ ഉപയോഗിച്ചാൽ 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ആകാൻ 58 മിനിറ്റും മതിയാകും.

ആക്ടിവ് എയർ ഫ്ലാപ്, ലോ റോളിങ് റെസിസ്റ്റൻസ് ഉള്ള 17 ഇഞ്ച് എയ്റോ അലോയ് വീൽ, സ്മാർട്ട് ഫോൺ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ഡിജിറ്റൽ കീ മുതലായവയാണ് ഇവയുടെ പ്രധാന ഫീച്ചറുകള്‍.

ബോൾഡ് ഡിസൈനിന്റെയും മോഡേൺ ടെക്നോളജിയുടെയും പെർഫക്റ്റ് ബ്ലെൻഡ് ആയ ഹ്യുണ്ടായിയുടെ ഗ്ലോബൽ പിക്സൽ ഡിസൈൻ ലാംഗ്വേജ് അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ജനുവരി 17 ന് നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ ക്രെറ്റ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിക്കും.

റെക്കോഡ് വില്‍പ്പന

മിഡ് സൈസ് എസ്.യു.വി വിഭാഗത്തില്‍ ഇന്ത്യയിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വിറ്റഴിച്ച റെക്കോഡും ഹ്യുണ്ടായ് ക്രെറ്റ നേടി. 1,86,919 യൂണിറ്റുകളാണ് 2024 ൽ ക്രെറ്റയുടെ വിറ്റുപോയത്. 2023 ലും 1,57,311 യൂണിറ്റുകളുമായി ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് ക്രെറ്റ തന്നെയായിരുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.8 ശതമാനത്തിന്റെ വളർച്ചയാണ് ക്രെറ്റ രേഖപ്പെടുത്തിയത്. ക്രെറ്റയെ 2015 ലാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2015 മുതല്‍ ഇതുവരെ 11 ലക്ഷം യൂണിറ്റുകളാണ് ക്രെറ്റയുടെ വിറ്റുപോയത്.
ക്രെറ്റയ്ക്ക് 2024 ജനുവരിയിൽ കമ്പനി നൽകിയ അപ്ഡേഷന്‍ ജനങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മാർച്ചിൽ പെർഫോമെൻസ് മെച്ചപ്പെടുത്തി ക്രെറ്റയുടെ എൻ ലൈൻ മോഡലും ഹ്യുണ്ടായി അവതരിപ്പിച്ചു. 115 ബി.എച്ച്.പി. പവറുളള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 160 ബി.എച്ച്.പി. പവറുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 115 ബി.എച്ച്.പി. പവറുളള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നീ വകഭേദങ്ങളില്‍ ക്രെറ്റ ലഭ്യമാണ്. അഡാസ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങളും 70 കണക്ടഡ് ഫീച്ചറുകളും വാഹനത്തെ ആകര്‍ഷകമാക്കുന്നു.

മാരുതി സുസുക്കി ​ഗ്രാന്റ് വിത്താര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലവേറ്റ്, സ്കോഡ കുഷാക്ക്, ഫോക്സ് വാ​ഗൺ ടൈ​ഗൂൺ, എം.ജി.ആസ്റ്റർ തുടങ്ങിയവയാണ് ക്രെറ്റയുടെ എതിരാളികള്‍.

Related Articles
Next Story
Videos
Share it