ചാരന്മാരുടെ കണ്ണിലുടക്കി ഹ്യുണ്ടായ് എക്‌സ്റ്റര്‍; ഈ എസ്.യു.വി ഇന്ത്യയിലെത്തുക ഓഗസ്റ്റില്‍

വന്‍ സ്വീകാര്യതയോടെ മുന്നേറുന്ന ഇന്ത്യന്‍ എസ്.യു.വി (SUV) വിപണിയിലേക്കായി ഹ്യുണ്ടായ് അവതരിപ്പിക്കുന്ന പുത്തന്‍ മോഡല്‍ എക്‌സ്റ്റര്‍ (Hundai Exter) ഓഗസ്റ്റില്‍ വില്‍പനയ്‌ക്കെത്തും. എന്നാല്‍, കാത്തിരിക്കാന്‍ ക്ഷമയില്ലാത്ത എസ്.യു.വി ആരാധകരിലെ ചാരന്മാര്‍ ഹ്യുണ്ടായിയുടെ മാതൃരാജ്യമായ ദക്ഷിണ കൊറിയയില്‍ നിന്ന് തന്നെ എക്സ്റ്ററിന്റെ ചിത്രങ്ങള്‍ ചോര്‍ത്തിയിരിക്കുകയാണ്.

ഹ്യുണ്ടായിയുടെ മറ്റ് മോഡലുകളായ വെന്യു, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ എന്നിവയില്‍ തുടിക്കുന്ന അതേ എന്‍ജിന്‍ തന്നെയാണ് മൈക്രോ എസ്.യുവിയായ എക്‌സ്റ്ററിലും പ്രതീക്ഷിക്കുന്നത്. എന്നാല്‍, രൂപകല്‍പന ഇവയില്‍ നിന്നെല്ലാം തികച്ചും വേറിട്ടതാണെന്ന് ചാരന്മാര്‍ ചോര്‍ത്തിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
വേറിട്ട രൂപകല്‍പന
തനത് രൂപകല്‍പനാ ശൈലിയില്‍ നിന്ന് മാറിയാണ് എക്സ്റ്ററിനെ ഹ്യുണ്ടായ് അണിയിച്ചൊരുക്കിയിട്ടുള്ളത്. ബോണറ്റിന് പരന്ന രൂപമാണ്. താഴെ കറുപ്പില്‍ തീര്‍ത്ത വീതിയേറിയ ഗ്രില്ലിനുള്ളത് മൂന്ന് തട്ടുകള്‍. ഗ്രില്ലിന് മുകളിലെ എല്‍.ഇ.ഡി ലൈറ്റുകള്‍ 'H' ആകൃതിയില്‍ തീര്‍ത്തിരിക്കുന്നു. ഇതിനും ഒപ്പമുള്ള ഇന്‍ഡിക്കേറ്ററിനും കറുപ്പഴകിലെ അതിര്‍വരമ്പുകളുണ്ട്.
ഗ്രില്ലിനുള്ളിലാണ് ചതുരാകൃതിയിലെ ഹെഡ്‌ലാമ്പിന്റെ സ്ഥാനം. പ്രൊജക്റ്റര്‍ എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍ പ്രതീക്ഷിക്കാം. സെമി-ചതുരാകൃതിയിലാണ് വീല്‍ആര്‍ച്ചുകളുള്ളത്. ഡ്യുവല്‍-ടോണാണ് അലോയ്. ഇവയ്‌ക്കൊപ്പം റൂഫ് റെയിലും ചേരുമ്പോള്‍ തികഞ്ഞ എസ്.യു.വി ലുക്ക് വാഹനത്തിന് ലഭിക്കുന്നുണ്ട്. പിന്നിലേക്ക് അല്‍പം ഇറക്കി, താരതമ്യേന വലുതായാണ് ഡോറുകള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇത് വാഹനത്തിന് അകത്തേക്കും തിരിച്ചുമുള്ള കയറ്റിറക്കം ആയാസമില്ലാത്തതാക്കും.
അധികം ആഡംബരങ്ങളില്ലാതെ ലളിതമാണ് പിന്‍ഭാഗം. പരന്ന ബമ്പറിന് വെള്ളയും കറുപ്പും ചേര്‍ന്ന് ഡ്യുവല്‍-ടോണ്‍ ഭംഗി നല്‍കുന്നുണ്ട്. ഗ്രാന്‍ഡ് ഐ10 നിയോസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ടെയ്ല്‍ലാമ്പ്. ഇതിനും എച്ച് ആകൃതിയാണുള്ളത്. ഇതിനൊപ്പം വെന്യൂവിലെ പോലെ ബ്ലാക്ക് പാനല്‍ കാണാം. ഈ പാനലിന്റെ മദ്ധ്യത്തിലാണ് ഹ്യുണ്ടായ് ലോഗോ.
സി.എന്‍.ജിയിലും എത്തും
നേരത്തേ സൂചിപ്പിച്ചത് പോലെ 83 ബി.എച്ച്.പി കരുത്തുള്ള 1.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് എക്‌സ്റ്ററിലുണ്ടാവുക. പിന്നീട് 1.0 ലിറ്റര്‍ ടർബോ പെട്രോള്‍ എന്‍ജിന്‍ പതിപ്പും ഹ്യുണ്ടായ് അവതരിപ്പിച്ചേക്കും. സി.എന്‍.ജി ഓപ്ഷനും പ്രതീക്ഷിക്കാം. എക്സ്റ്ററിന്റെ സമ്പൂര്‍ണ ഇലക്ട്രിക് പതിപ്പും ഹ്യുണ്ടായ് ആലോചിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

എക്സ്റ്ററിന്‌ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില ആറുലക്ഷം രൂപയ്ക്കടുത്താണ്. ടാറ്റാ പഞ്ച്, സിട്രോണ്‍ സി3 എന്നിവയാകും ഇന്ത്യയില്‍ ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ എതിരാളികള്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it