ഹ്യുണ്ടായി എക്‌സ്റ്റര്‍ എത്തി; വില ₹5,99,900 മുതല്‍

ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്.യു.വി) എക്‌സ്റ്റര്‍ വിപണിയിലെത്തി. 5,99,900 രൂപ മുതലാണ് വില. ഉയര്‍ന്ന മോഡലിന് 9,31,990 രൂപ.

എക്‌സ്, എസ്, എസ്.എക്‌സ്, എസ്.എക്‌സ്(ഒ), എസ്.എക്‌സ്(ഒ) കണക്റ്റ് എന്നിങ്ങനെ 5 വകഭേദങ്ങളിലും പെട്രോള്‍, സി.എന്‍.ജി എഞ്ചിനുകളിലും വാഹനം ലഭ്യമാണ്. 11,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ഹാര്‍ദിക് പാണ്ഡ്യയാണ് എക്സ്റ്ററിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
എന്‍ജിന്‍, മൈലേജ്
1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണുള്ളത്. 81.86 ബി.എച്ച്.പി കരുത്തും 113.8 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ പ്രദാനം ചെയ്യുന്നു. സി.എന്‍.ജി വകഭേദത്തിന് 68 ബി.എച്ച്.പി കരുത്തും 95.2 എന്‍.എം ടോർക്കുമുണ്ട്. മാനുവല്‍, ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ പെട്രോള്‍ വാഹനം ലഭിക്കും. പെട്രോള്‍ മാനുവല്‍ ഓപ്ഷന് 19.4 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക്കിന് 19.2 കിലോമീറ്ററും. സി.എന്‍.ജി കിറ്റുള്ള വാഹനത്തിന് 27.10 കിലോമീറ്റര്‍ മൈലേജും ലഭിക്കും.
സുരക്ഷാ സംവിധാനങ്ങള്‍
സുരക്ഷാ സംവിധാനങ്ങളിലും മികവ് പുലര്‍ത്തുന്നുണ്ട് എക്സ്റ്റര്‍. ആറ് എയര്‍ ബാഗുകള്‍, ത്രി-പോയ്ന്റ് സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍ എന്നിവയുണ്ട്. ആക്റ്റീവ് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹെഡ്‌ലാംപ് എസ്‌കോര്‍ട്ട് ഫംഗ്ഷന്‍, ഓട്ടോ ഹെഡ് ലാംപ്‌സ്, റിയര്‍ ഡീഫോഗര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിങ്ങനെ 40 ഓളം സുരക്ഷാ സൗകര്യങ്ങളുണ്ട്. അടിസ്ഥാന വകഭേദങ്ങളായ ഇ, എസ് എന്നീ മോഡലുകള്‍ക്ക് ചില ഫീച്ചറുകള്‍ നല്‍കിയിട്ടില്ല.
എക്സ്റ്റീരിയര്‍/ ഇന്റീരിയര്‍

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10, നിയോസ്, ഓറ എന്നിവയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഹ്യുണ്ടായ് എക്‌സ്റ്ററിന്റെ വരവ്. ഹ്യുണ്ടായുടെ പുതിയ മോഡലുകളില്‍ കാണുന്ന പാരാമെട്രിക് ഡിസൈനാണ് എക്സ്റ്ററും പിന്തുടരുന്നത്. ഹൈ എന്‍ഡ് വകഭേദങ്ങളില്‍ 15 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. വാഹനത്തിന് 3,815 എം.എം നീളവും 1,710 എം.എം വീതിയും 1,631 എം.എം ഉയരവുമുണ്ട്. വീല്‍ബേസ് 2,450 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സ് 185 എം.എം.
സിംഗിള്‍ പാന്‍ സണ്‍റൂഫ്, ഡ്യുവല്‍ ക്യാമറകളോടു കൂടിയ ഡാഷ് ക്യാം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണങ്ങള്‍. എട്ട് ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍, 4.2 ഇഞ്ച് കളര്‍ ടി.എഫ്.റ്റി എം.ഐ.ഡിയോടു കൂടിയ ആധുനിക ഡിജിറ്റല്‍ ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിംഗ്, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ്കാര്‍ ടെക്, ഹ്യുണ്ടായ് ബ്ലൂലിങ്ക് തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ആറ് നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണുകളിലും വാഹനം ലഭ്യമാകും. ടാറ്റ പഞ്ച്, മാരുതി സുസുക്കി ഫ്രോന്‍ക്‌സ്, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, സിട്രോണ്‍ സി3 എന്നിവയോടാണ് എക്‌സ്റ്റര്‍ മത്സരിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it