25,000 കോടിയുടെ ഐ.പി.ഒ തീരുമാനത്തിന് പിന്നാലെ നാല് ഇലക്ട്രിക് കാറുകളുമായി ഹ്യുണ്ടായ്

25,000 കോടിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയിലേക്ക് (initial public offer/IPO) കടക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ നാല് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. വാഹനപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവി അടുത്ത വര്‍ഷം വിപണിയിലെത്തും. മറ്റ് മൂന്ന് മോഡലുകളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
നിലവില്‍ രണ്ട് ഇലക്ട്രിക് മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. 45 ലക്ഷം വില വരുന്ന ഇയോണിക് 5, 24 ലക്ഷത്തിന്റെ ക്രോണ എന്നീ മോഡലുകളാണിവ.
വിലകുറഞ്ഞ മോഡലുകളില്ലാത്തത്
കാരണം ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കമ്പനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് മറികടക്കാന്‍ എല്ലാ വിഭാഗത്തിലും വാഹനങ്ങള്‍ ഇറക്കാനുള്ള പദ്ധതിയിലാണ് കമ്പനി. ആദ്യം പ്രീമിയം ഹൈ എന്‍ഡ് വാഹനങ്ങള്‍ ഇറക്കി പതിയെ വിപണി പിടിക്കാനുള്ള തന്ത്രമാണ് ഹ്യൂണ്ടായി പയറ്റുന്നത്. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം ക്രെറ്റ ഇവി പുറത്തിറക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം (മേയ്) വന്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഹ്യുണ്ടായ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22.3 ശതമാനമാണ് മേയില്‍ ഇടിവ് രേഖപ്പെടുത്തിയത്. ഹൈബ്രിഡ് വാഹനങ്ങളോടുള്ള ഉപയോക്താക്കളുടെ മനോഭാവത്തില്‍ വന്ന മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി മാര്‍ച്ചില്‍ അവസാനിച്ചതുമാണ് വില്‍പ്പന ഇടിയാന്‍ കാരണമായി പറയുന്നത്.
ഹ്യുണ്ടായ് ഓഹരി വിപണിയിലേക്ക്
അതേസമയം, കൊറിയ ആസ്ഥാനമായ ഈ കമ്പനിയുടെ ഇന്ത്യന്‍ ഘടകമായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് 25,000 കോടി സമാഹരിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വിപണി കണ്ടതില്‍ ഏറ്റവും വലിയ ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന കമ്പനിക്ക് 1.5 ലക്ഷം കോടി രൂപ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മാണത്തിനാവശ്യമായ ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മിക്കാനാണ് കമ്പനിയുടെ ഭാവി പദ്ധതി. ചെന്നെയിലെ നിർമാണ പ്ലാന്റിലെ ഒരു ഭാഗം ഇവി ബാറ്ററി നിര്‍മിക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. വിദേശത്ത് നിന്നും ബാറ്ററി ഇറക്കുമതി ചെയ്യുന്ന ചെലവ് കുറയ്ക്കാന്‍ ഇത് ഉപകരിക്കും. കഴിഞ്ഞ ഏപ്രിലില്‍ കിയ കോര്‍പറേഷനോടൊപ്പം എക്‌സൈഡ് ബാറ്ററി കമ്പനിയുമായി ചേര്‍ന്ന് ബാറ്ററി നിര്‍മിക്കാന്‍ ഹ്യുണ്ടായ് കരാറൊപ്പിട്ടിരുന്നു. ബാറ്ററി, അനുബന്ധ ഘടകങ്ങള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് കൂടുതല്‍ ഇടപെടലുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഹ്യുണ്ടായ് ക്രെറ്റ ഇവി
അടുത്തിടെ വിപണിയിലിറങ്ങിയ ക്രെറ്റയുമായി സാദൃശ്യം തോന്നുന്ന ബാഹ്യ ഡിസൈനിലായിരിക്കും ഇലക്ട്രിക് പതിപ്പുമെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്ടിംഗ് എല്‍.ഇ.ഡി ഡി.ആര്‍.എല്‍, സ്പ്ലിറ്റ് എല്‍.ഇ.ഡി ഹെഡ്‌ലാംപ്, കണക്ടഡ് എല്‍.ഇ.ഡി ടെയില്‍ ലാംപ് എന്നിവ തുടരും. ഇന്‍സ്ട്രുമെന്റ് പാനലിനും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനുമായി രണ്ട് ഡിസ്ല്‌പേ നല്‍കാനാണ് സാധ്യത. വയര്‍ലെസ് ചാര്‍ജര്‍, ലെവല്‍ 2 അഡാസ് സ്യൂട്ട് (അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ), 360 ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, പനോരമിക് സണ്‍റൂഫ് എന്നീ സൗകര്യങ്ങളുമുണ്ടാകും. ഒറ്റ ചാര്‍ജിംഗില്‍ 500 കിലോമീറ്റര്‍ ഓടാന്‍ ശേഷിയുള്ള ബാറ്ററി പാക്കാകും വാഹനത്തില്‍ നല്‍കുക. മാരുതി ഇവി എക്‌സ്, ടൊയോട്ട അര്‍ബന്‍ സ്‌പോര്‍ട്ട്, എം.ജി ഇസഡ് എസ് ഇവി, കിയ കാരന്‍സ് ഇവി, മഹീന്ദ്ര എക്‌സ്.യു.വി ഇ8, ഹോണ്ട എലവേറ്റ് ഇവി തുടങ്ങിയ വാഹനങ്ങളാകും എതിരാളികള്‍. 22 മുതല്‍ 26 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Related Articles

Next Story

Videos

Share it