വണ്ടി വില കൂടുന്നു! ഹ്യുണ്ടായ് കാറുകള്‍ക്ക് അരലക്ഷം വരെ വര്‍ധന, നിര്‍ണായക തീരുമാനവുമായി മാരുതിയും

മറ്റ് വാഹന നിര്‍മാണ കമ്പനികളും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കുമെന്നാണ് വിവരം

അടുത്ത മാസം മുതല്‍ രാജ്യത്തെ വാഹന വില വര്‍ധിക്കുമെന്ന് ഉറപ്പായി. വിവിധ മോഡലുകള്‍ക്ക് 25,000 രൂപ വരെ ജനുവരി മുതല്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഹ്യൂണ്ടായ് മോട്ടോര്‍സാണ് ആദ്യം രംഗത്തെത്തിയത്. തൊട്ടുപിന്നാലെ സമാന തീരുമാനവുമായി മാരുതി-സുസുക്കിയുമെത്തി. മറ്റ് വാഹന നിര്‍മാതാക്കളും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.

ഹ്യൂണ്ടായ് വണ്ടികള്‍ക്ക് അരലക്ഷം കൂടും

ജനുവരി ഒന്ന് മുതല്‍ എല്ലാ മോഡലുകള്‍ക്കും 25,000 രൂപ വരെ വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചത്.

നിര്‍മാണ-വിതരണ ചെലവ് വര്‍ധിച്ചതും വിനിമയ നിരക്കിലെ മാറ്റവുമാണ് വിലകൂട്ടുന്നതിന് കാരണമായി ഹ്യൂണ്ടായ് ചൂണ്ടിക്കാട്ടുന്നത്. വിപണിയിലെ വില വര്‍ധയുടെ ഭാരം ഉപയോക്താക്കളില്‍ എത്താതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും എന്നാല്‍ നിലവില്‍ വിലയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നുമാണ് ഹ്യൂണ്ടായ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

തൊട്ടുപിന്നാലെ മാരുതിയും

ഹ്യൂണ്ടായ് മോട്ടോര്‍സ് വില വര്‍ധന പ്രഖ്യാപിച്ചതിന് പിന്നാലെ വില വര്‍ധനയുമായി മാരുതി സുസുക്കിയും രംഗത്തെത്തി.

ജനുവരി മുതല്‍ മോഡലുകള്‍ക്ക് നാല് ശതമാനം വരെ വര്‍ധിക്കുമെന്നാണ് മാരുതി അറിയിച്ചത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കമ്പനിയുടെ റെഗുലേറ്ററി ഫയലിംഗിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഏതൊക്കെ മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ധിക്കുമെന്ന കാര്യം കമ്പനി പുറത്തുവിട്ടിട്ടില്ല.

ആഡംബര വണ്ടികള്‍ക്കും കൂടും

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെര്‍സിഡസ് ബെന്‍സ്, ബി.എം.ഡബ്ല്യൂ, ഔഡി എന്നിവരും വിവിധ മോഡലുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

മൂന്ന് ശതമാനം വീതമാണ് ഓരോ മോഡലുകള്‍ക്കും ഇവര്‍ വര്‍ധിപ്പിക്കുന്നത്. നിര്‍മാണ ചെലവ് വര്‍ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് മൂന്ന് കമ്പനികളുടെയും വില വര്‍ധനയെന്നതും എടുത്തു പറയേണ്ടതാണ്.

ചെലവ് കൂടി

നിര്‍മാണ സാമഗ്രികളുടെ വില കൂടിയത് മിക്ക വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാഹനങ്ങളുടെ ബോഡി, എഞ്ചിന്‍ ഭാഗങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയത്തിന്റെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.6 ശതമാനം കൂടി. സമാനമായി സിങ്ക്, ടിന്‍, ചെമ്പ് തുടങ്ങിയവയുടെ വിലയും വര്‍ധിച്ചു. സമാനകാലയളവില്‍ ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ റബര്‍ വിലയും കൂട്ടിയിരുന്നു. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ ആഗോള കപ്പല്‍ ഗതാഗതത്തെ ബാധിച്ചത് വിതരണ ചെലവുകളും വര്‍ധിപ്പിച്ചു. ഇതിനൊപ്പം വിനിമയ നിരക്കിലെ ഏറ്റകുറച്ചിലുകള്‍ നഷ്ടം വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ് കമ്പനികളുടെ പ്രഖ്യാപനവും ഉടന്‍

മാരുതിയുടെയും ഹ്യൂണ്ടായ് മോട്ടോര്‍സിന്റെയും ചുവട് പിടിച്ച് മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും.
Related Articles
Next Story
Videos
Share it