Begin typing your search above and press return to search.
ഫുള്‍ചാര്‍ജില്‍ 610 കിലോമീറ്റര്‍ ദൂരപരിധി, ഹ്യുണ്ടായി ടെസ്ലയെ മലര്‍ത്തിയടിക്കുമോ?
തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സെഡാന്‍ (Electric Sedan) അയോണിക് 6 അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ (Hyundai Motors) കമ്പനി. ജനപ്രിയ വിഭാഗത്തില്‍ ടെസ്ലയ്ക്കെതിരെ നേര്‍ക്കുനേര്‍ മത്സരിക്കുന്നതിനായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് മികച്ച ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സെഡാന്‍ അയോണിക് 6 അവതരിപ്പിച്ചത്. ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന ഒഴികെ, ഈ വര്‍ഷം ജനുവരി-മെയ് കാലയളവില്‍ ആഗോളതലത്തില്‍ കയറ്റുമതി ചെയ്ത ഇവികളില്‍ 13.5 ശതമാനവും ഹ്യൂണ്ടായിയും കിയയും ചേര്‍ന്നായിരുന്നു. അതേ കാലയളവില്‍ 22 ശതമാനം പങ്കാളിത്തമുണ്ടായിരുന്ന ടെസ്ലയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്.
പൂര്‍ണചാര്‍ജില്‍ ഏകദേശം 610 കിലോമീറ്റര്‍ ദൂരപരിധിയോടെയാണ് അയോണിക് 6 (Ioniq 6) വരുന്നത്. അതായത്, മംഗളൂരുവില്‍നിന്ന് തിരുവനന്തപുരം വരെ സഞ്ചരിക്കാന്‍ ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ മതിയാകും. അയോണിക് 5 ക്രോസ്ഓവറിനേക്കാള്‍ ഏകദേശം 30 ശതമാനം കൂടുതലാണ് ഈ മോഡല്‍ വാഗ്ദാനം ചെയ്യുന്ന ദൂരപരിധിയെന്ന് ഹ്യുണ്ടായ് പറഞ്ഞു. 'ഞങ്ങള്‍ അതേ (ബാറ്ററി) സെല്‍ കെമിസ്ട്രിയാണ് ഉപയോഗിക്കുന്നത്, പക്ഷേ ... ഓരോ പായ്ക്കിനും ബാറ്ററികളുടെ അളവ് ഞങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുകയും ഊര്‍ജ്ജ സാന്ദ്രത ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു,' ഹ്യൂണ്ടായ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കിം യോങ് വാ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അയോണിക് 6 ന്റെ വില വാഹന നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. 53 kWh, 77.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് അയോണിക് 6 വിപണിയിലെത്തുക. ഈ മോഡലിന്റെ ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെ ദക്ഷിണ കൊറിയയിലെ പ്ലാന്റില്‍ ആരംഭിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
ദക്ഷിണകൊറിയയിലും അമേരിക്കയിലും ഇവി പ്ലാന്റുകള്‍ (EV Plants) നിര്‍മിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അയോണിക് 6 അവതരിപ്പിച്ചത്. നിലവില്‍ അയോണിക് 5 ഉം കിയയുടെ ഇവി 6 (Kia EV 6) എസ്യുവിയുമാണ് ഈ രണ്ട് വിപണികളിലും ടെസ്ല കാറുകള്‍ക്ക് ശേഷം കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവികള്‍.
Next Story
Videos