

മാരുതി സുസുക്കി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ യാത്രാ വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനിയായിരുന്നു അടുത്ത കാലം വരെ ഹ്യൂണ്ടായ് മോട്ടോര്‍സ്. എന്നാല്‍ കൊറിയന്‍ ബ്രാന്‍ഡിന്റെ പ്രകടനം അടുത്ത കാലത്തായി അത്ര ആശാവഹമല്ലെന്നാണ് വാഹന ലോകത്തെ സംസാരം. സെപ്റ്റംബറിലെ വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സിനും മഹീന്ദ്രക്കും പിന്നില്‍ നാലാം സ്ഥാനമാണ് ഹ്യൂണ്ടായ് മോട്ടോര്‍സിനുള്ളത്. കിടിലന്‍ മോഡലുകളുമായി ഇന്ത്യന്‍ വാഹന ബ്രാന്‍ഡുകള്‍ വിപണി നിറഞ്ഞതും ചില മോഡലുകളിലേക്ക് മാത്രം ഹ്യൂണ്ടായ് ഒതുങ്ങിയതുമാണ് വിനയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വില്‍പ്പനയിലെ രണ്ടാം സ്ഥാനം ഹ്യൂണ്ടായ് മോട്ടോറിന് നഷ്ടമാകുമോ? ഇപ്പോഴത്തെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ്? തിരിച്ചടി മറികടക്കാന്‍ കഴിയുമോ? പരിശോധിക്കാം...
ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യൂണ്ടായ് 1996ലാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. അധികമാര്‍ക്കും കേട്ടുകേല്‍വിയില്ലാത്ത ബ്രാന്‍ഡ് പെട്ടെന്ന് ഇന്ത്യക്കാരുടെ ഫേവറിറ്റായി മാറി. സാന്‍ട്രോയിലൂടെയും ക്രെറ്റയിലൂടെയും വളര്‍ന്ന ഹ്യൂണ്ടായ് കഴിഞ്ഞ വര്‍ഷം ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലേക്കുമിറങ്ങി. രണ്ടുപതിറ്റാണ്ടിലേറെ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ രണ്ടാം സ്ഥാനം നിലനിറുത്താനും കമ്പനിക്ക് കഴിഞ്ഞിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പകുതിയില്‍ ഹ്യൂണ്ടായ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏപ്രില്‍-സെപ്റ്റംബര്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ വില്‍പ്പന ഇടിഞ്ഞത് 9.1 ശതമാനം. ഈ കാലയളവില്‍ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും മികച്ച വില്‍പ്പനയുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
ഒന്നോ രണ്ടോ മാസത്തെ വില്‍പ്പന ഇടിയുന്നത് സാധാരണ വാഹന കമ്പനികളുടെ പ്രകടനത്തെ സാരമായി ബാധിക്കുന്നതല്ല. എന്നാല്‍ സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ ഹ്യൂണ്ടായ് മോട്ടോര്‍സിന്റെ രണ്ടാം സ്ഥാനം ഭീഷണിയിലാകുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. വിവിധ സെഗ്‌മെന്റുകളില്‍ മികച്ച മോഡലുകള്‍ അവതരിപ്പിച്ച് കളം നിറയുന്ന ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുമാണ് പ്രധാന ഭീഷണി.
എസ്.യു.വി സെഗ്‌മെന്റിലെ കിംഗായ ക്രെറ്റയുടെ വില്‍പ്പനയെ കൂടുതലായി ആശ്രയിച്ചതാണ് തിരിച്ചടിക്കുള്ള പ്രധാന കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. സെപ്റ്റംബറില്‍ ഹ്യൂണ്ടായ് വിറ്റ 51,547 യൂണിറ്റില്‍ മൂന്നിലൊന്നും, കൃത്യമായി പറഞ്ഞാല്‍ 18,861 എണ്ണവും, ക്രെറ്റയായിരുന്നു. വിപണിയിലുള്ള ഐ10 നിയോസ്, ഐ20, ഓറ, എക്‌സ്റ്റര്‍, വെര്‍ന, അല്‍കാസര്‍, ടസ്‌കോണ്‍, അയോണിക്ക് 5 എന്നീ മോഡലുകള്‍ക്ക് കൂടെയെത്താന്‍ കഴിയുന്നുമില്ല.
കൂടാതെ മിഡ്‌സൈസ്, ഇ.വി, ഹൈബ്രിഡ് സെഗ്‌മെന്റുകളില്‍ മികച്ച മോഡലുകള്‍ ഇല്ലാത്തതും ഹ്യൂണ്ടായ്ക്ക് തിരിച്ചടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണയെന്ന ഇ.വി മോഡല്‍ ഇറക്കിയെങ്കിലും അയോണിക്ക് 5നപ്പുറം പോകാന്‍ ഹ്യൂണ്ടായ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ടാറ്റയും മഹീന്ദ്രയും എന്‍ട്രി ലെവലില്‍ അടക്കം കിടിലന്‍ മോഡലുകള്‍ അവതരിപ്പിച്ച് വിപണി കയ്യടക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ടാറ്റ മോട്ടോര്‍സിന്റെ സെപ്റ്റംബറിലെ വില്‍പ്പനയുടെ 13-15 ശമതാനവും ഇലക്ട്രിക് സെഗ്‌മെന്റില്‍ നിന്നാണെന്നും കൂട്ടിവായിക്കേണ്ടതാണ്. അടുത്ത വര്‍ഷങ്ങളിലും ഈ ട്രെന്‍ഡ് തുടരാനാണ് സാധ്യത. നെക്‌സോണ്‍, ടിയാഗോ, പഞ്ച് തുടങ്ങിയ മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹീന്ദ്രയുടെ മോഡലുകളും വ്യത്യസ്തമല്ല.
വിവിധ സെഗ്‌മെന്റുകളിലായി അഞ്ച് വര്‍ഷത്തിനുള്ളില്‍ 26 മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ഹ്യൂണ്ടായ് മോട്ടോര്‍സിന്റെ പ്രഖ്യാപനം. ഇതില്‍ ആറെണ്ണവും ഇലക്ട്രിക് വാഹനങ്ങളായിരിക്കും. 2030ല്‍ തദ്ദേശീയമായി നിര്‍മിച്ച ഇലക്ട്രിക് വാഹനവും ഇന്ത്യന്‍ നിരത്തിലെത്തെും. ക്രെറ്റയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് അടക്കം നിരവധി പദ്ധതികളും കമ്പനി ആലോചിക്കുന്നുണ്ട്. ഇതിനൊപ്പം രാജ്യത്ത് ഇ.വി ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 2032ല്‍ 600 ഡി.സി ചാര്‍ജറുകള്‍ സ്ഥാപിക്കാനാണ് പ്ലാന്‍. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചതായും കമ്പനി വൃത്തങ്ങള്‍ പറയുന്നു. നിക്ഷേപകര്‍ക്കുള്ള ആശങ്കകള്‍ക്കെല്ലാം ഒക്ടോബര്‍ 15ന് ചേരുന്ന ഇന്‍വെസ്റ്റര്‍ ഡേയില്‍ മറുപടി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഭാവി പദ്ധതികളും ഈ യോഗത്തില്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine