അല്‍കസര്‍ സ്വന്തമാക്കാം, ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായ്

ക്രെറ്റയെ അടിസ്ഥാനമാക്കി ഏഴ് സീറ്റുകളുമായി ഹ്യുണ്ടായ് പുറത്തിറക്കുന്ന അല്‍കസറിന്റെ ബുക്കിംഗ് ആരംഭിച്ച് ഹ്യുണ്ടായ്. ഇന്നുമുതല്‍ ബുക്കിംഗുകള്‍ സ്വീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ എസ് യു വി വിഭാഗത്തില്‍ ആധിപത്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹ്യുണ്ടായ് അല്‍കസര്‍ പുറത്തിറക്കുന്നത്. 6, 7 സീറ്റുകളുമായും വാഹനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മാസം അവസാനത്തോടെ വാഹനം വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

25,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കി ഓണ്‍ലൈനായോ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാനാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. രണ്ട് ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നീ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുകള്‍ ഓപ്ഷനുകളിലും അല്‍കസര്‍ ലഭ്യമാകും.
നിലവില്‍ ഇന്ത്യയിലെ കാര്‍ വിപണിയില്‍ എസ് യു വി വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ മോഡലുകള്‍ ജനപ്രിയമാണ്. ക്രെറ്റ, വെന്യു, ടക്‌സണ്‍, കോന ഇലക്ട്രിക് തുടങ്ങിയ എസ്യുവികളിലൂടെ 2020 ല്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്യുവി നിര്‍മാതാക്കളായി കമ്പനി മാറിയെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഡയറക്ടര്‍ (സെയില്‍സ്, മാര്‍ക്കറ്റിംഗ് & സര്‍വീസ്) തരുണ്‍ ഗാര്‍ഗ് പറഞ്ഞു.
ഏഴ് സീറ്റര്‍ എസ്യുവി വിഭാഗത്തിലേക്കുള്ള ഹ്യുണ്ടായിയുടെ പ്രവേശനം അല്‍കസര്‍ അടയാളപ്പെടുത്തും. നിലവില്‍ മഹീന്ദ്ര എക്‌സ് യു വി 500, പുതുതായി പുറത്തിറക്കിയ ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ് എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. അതിവേഗം വളരുന്ന എസ്യുവി വിഭാഗത്തില്‍ അല്‍കസറിനൊപ്പം തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. ജനപ്രിയ മിഡ്-സൈസ് എസ്യുവി ക്രെറ്റയ്ക്കും പ്രീമിയം ഓഫറിംഗ് ടക്സണിനും ഇടയിലായിരിക്കും അല്‍കസറിന്റെ സ്ഥാനം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it