
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിട്ട് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഈ വര്‍ഷം അവസാനം കമ്പനി പ്രാരംഭ ഓഹരി വില്‍പന (ഐ.പി.ഒ) നടത്തിയേക്കും. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐ.പി.ഒയ്ക്കായി പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും നിരവധി ബാങ്കുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സൂചന.
കമ്പനി 15-20 ശതമാനം ഓഹരിയാണ് ഐ.പി.ഒയിലൂടെ വില്‍ക്കുക. ഐ.പി.ഒയിലൂടെ 27,390 കോടി രൂപ മുതല്‍ 46,480 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇത് ഓഹരി വിപണിയിലെ ഏറ്റവും വലിയ ഐ.പി.ഒയായി മാറും. നിലവില്‍ എല്‍.ഐ.സി നടത്തിയ 21,000 കോടി രൂപയുടെ ഐ.പി.ഒ ആണ് ഏറ്റവും വലുത്. ഐ.പി.ഒയുമായി ബന്ധപ്പെട്ട് ഗോള്‍ഡ്മാന്‍ സാക്‌സ്, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെ.പി മോര്‍ഗന്‍, ബാങ്ക് ഓഫ് അമേരിക്ക, എച്ച്.എസ്.ബി.സി, ഡച്ച് ബാങ്ക്, യു.ബി.എസ് എന്നിവയുടെ പ്രതിനിധികള്‍ ഹ്യുണ്ടായുമായി ചര്‍ച്ച നടത്തിയതായി പറയുന്നു.
ഈ വര്‍ഷം നവംബറില്‍ ദീപാവലിയോട് അടുത്താകും ഐ.പി.ഒ നടക്കുകയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാരുതി സുസുകി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ (എച്ച്.എം.ഐ.എല്‍). 1996ല്‍ പ്രവര്‍ത്തനം തുടങ്ങിയ എച്ച്.എം.ഐ.എല്ലിന് 13 മോഡലുകളുണ്ട്. 1366 ഷോറൂമുകളും 1549 സര്‍വിസ് സെന്ററുകളുമുണ്ട്. 2024ല്‍ ഹ്യൂണ്ടായ് ഇന്ത്യ വില്‍പ്പനയുടെ 65 ശതമാനം എസ്.യു.വികളില്‍ നിന്ന് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.67 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച ഇന്ത്യന്‍ കാര്‍ വിപണിയുടെ 15 ശതമാനം വിഹിതം ഇപ്പോള്‍ ഹ്യൂണ്ടായിക്കുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine