സുരക്ഷയില്‍ വലിയ ചുവടുവയ്പ്പുമായി ഹ്യുണ്ടായ്; ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് വെര്‍ണ
എല്ലാ മോഡലുകളുടെയും മുഴുവൻ വേരിയന്റുകളിലും ഇനി 6 എയര്‍ബാഗുകള്‍ ലഭ്യമാണെന്ന് ഹ്യൂണ്ടായ് അറിയിച്ചു. കൂടാതെ ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ ഇന്ത്യയിലെ പ്രീമിയം സെഡാന്‍ വാഹനങ്ങളില്‍ മുന്‍നിരക്കാരനായ ഹ്യുണ്ടായ് വെര്‍ണ 5 സ്റ്റാര്‍ സുരക്ഷ നേടി. കുട്ടികളുടെയും മുതിര്‍ന്നവരുടേയും സുരക്ഷയില്‍ വെര്‍ണ 5 സ്റ്റാര്‍ സ്വന്തമാക്കി.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 പോയിന്റില്‍ 28.18 പോയിന്റും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 49 പോയിന്റില്‍ 42 പോയിന്റുമാണ് വെര്‍ണ നേടിയത്. ഇതില്‍ ചൈല്‍ഡ് റിസ്രെയിന്റ് സിസ്റ്റത്തിലേയും (12 പോയിന്റ്) ഡയനാമിക്ക് സ്‌കോറിലേയും (24 പോയിന്റ്) മുഴുവന്‍ പോയിന്റുകളും വെര്‍ണ നേടി. ആറ് എയര്‍ബാഗുകളും ഇ.എസ്.സിയും റിയര്‍ ഐ.എസ്.ഒ.എഫ്.ഐ.എക്‌സും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകളും വെര്‍ണയുടെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളില്‍ ഉള്‍പ്പെടുന്നു. പിന്‍നിരയില്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയാണ് ഈ വാഹനം നല്‍കുന്നത്.
വാഹനത്തിന്റെ വശങ്ങളുടെ ഉറപ്പ് പരിശോധിക്കുന്ന സൈഡ് പോള്‍ ഇംപാക്ട് ടെസ്റ്റിലും മെച്ചപ്പെട്ട പ്രകടനമാണ് വെര്‍ണ കാഴ്ചവെച്ചത്. വാഹനത്തിന് കരുത്തുറ്റ ബോഡി ഷെല്ലും ഫുട്‍വെല്‍ ഏരിയയുമുണ്ടെന്ന് സേഫ്റ്റി ബോഡി അഭിപ്രായപ്പെട്ടു. ഹ്യുണ്ടായ് ഈ വര്‍ഷം ആദ്യമാണ് പുതിയ വെര്‍ണയെ വിപണിയില്‍ എത്തിച്ചത്. 1.5 ലീറ്റര്‍ പെട്രോള്‍ എം.ടി, 1.5 ലീറ്റര്‍ പെട്രോള്‍ ഓട്ടമാറ്റിക്, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടമാറ്റിക് എന്നീ എന്‍ജിന്‍ വകഭേദങ്ങളില്‍ ഹ്യുണ്ടായ് വെര്‍ണ ലഭ്യമാണ്.