പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല: നിതിന്‍ ഗഡ്കരി
വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പനയും ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുമെന്ന ആശങ്ക വേണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി. അതേസമയം, ഹൈബ്രിഡ് വാഹന നികുതി കുറയ്ക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്നും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് വാര്‍ഷിക കണ്‍വന്‍ഷനില്‍ മന്ത്രി പറഞ്ഞു.
സിയാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈയില്‍ യാത്രാ വാഹന വില്‍പ്പന 31 ശതമാനം ഇടിഞ്ഞു. 200,790 വാഹനങ്ങളാണു വിറ്റത്. 2000 ഡിസംബറില്‍ സംഭവിച്ച 35% ഇടിവിന് ശേഷമുള്ള ഏറ്റവും മോശം വില്‍പ്പന പ്രകടനമാണിത്.
നിര്‍ണായക ഉത്സവ സീസണില്‍ വില്‍പ്പന പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നതിന് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് ഉടന്‍ കുറയ്ക്കണമെന്ന് സിയാം ആവശ്യപ്പെട്ടു. കുറഞ്ഞ നികുതി നിരക്ക് വരുന്നതോടെ കമ്പനികള്‍ക്ക് വാഹന വില കുറയ്ക്കാന്‍ കഴിയും. ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.