

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾ 2025 ൽ ആദ്യമായി പെട്രോൾ, ഡീസൽ കാറുകളെ മറികടക്കും. ഈ വർഷം നടക്കാനിരിക്കുന്ന 28 ലോഞ്ചുകളിൽ 18 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്.
ആളുകൾക്ക് അവരുടെ ഇഷ്ടപ്പെട്ട കാർ ബ്രാൻഡിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനുള്ള ഓപ്ഷൻ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ വര്‍ഷം പല പ്രമുഖ കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാൻ പദ്ധതിയിടുന്നതിനാൽ കൂടുതല്‍ വില്‍പ്പന നടക്കുമെന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി എങ്ങനെ വികസിപ്പിക്കാമെന്നാണ് ഇപ്പോള്‍ എല്ലാ കാര്‍ നിർമ്മാതാക്കളും ചിന്തിക്കുന്നത്.
പാസഞ്ചർ വാഹന വിഭാഗത്തിൽ ഈ വര്‍ഷം രണ്ട് ലക്ഷം ഇ.വി യൂണിറ്റുകളുടെ വിൽപ്പന നടക്കുമെന്നാണ് കരുതുന്നത്. വർഷാവസാനത്തോടെ മൊത്തം കാർ വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് നിലവിലെ 2 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇ.വി ഉപയോക്താക്കളുടെ പ്രധാന ആശങ്കകളില്‍ ഒന്നാണ് ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം. ഉപഭോക്താക്കളുടെ ഉത്കണ്ഠ ലഘൂകരിക്കുന്നതിനും ഇ.വി വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുമായി വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ 100 നഗരങ്ങളില്‍ ഓരോ 5-10 കിലോമീറ്റര്‍ ഇടവേളകളിലായി ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലുമായി ഫാസ്റ്റ് ചാർജിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനുളള ഒരുക്കത്തിലാണ് മാരുതി സുസുക്കി. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നതിന് മുന്നോടിയായാണ് മാരുതിയുടെ നീക്കം.
മത്സരാധിഷ്ഠിതമായ വിലകളില്‍ ഇ.വി കള്‍ ലഭ്യമാക്കുന്നതിനായി ഹ്യുണ്ടായി ഇന്ത്യയിൽ ബാറ്ററി പായ്ക്കുകൾ അസംബിള്‍ ചെയ്യാന്‍ ആരംഭിച്ചിച്ചുണ്ട്. കൂടാതെ അടുത്ത വർഷങ്ങളിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് കാറുകൾക്കായി സെല്ലുകൾ ലഭ്യമാക്കുന്നതിന് കമ്പനി പ്രാദേശിക വിതരണക്കാരനുമായി ധാരണയിലും എത്തിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തുടനീളമുള്ള പ്രധാന ഹൈവേകളിൽ 600 ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് ഹ്യുണ്ടായി.
ഇന്ത്യയില്‍ കാറുകൾ, സെഡാൻ, യൂട്ടിലിറ്റി വാഹനങ്ങൾ എന്നീ വിഭാഗങ്ങളിലായി ഏകദേശം 43 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിക്കപ്പെടുന്നത്. ഇതില്‍ 1,07,00 യൂണിറ്റുകളാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി 15-20 ശതമാനം വർദ്ധിക്കുമെന്നാണ് പ്രമുഖ കമ്പനികള്‍ വിലയിരുത്തുന്നത്. 2030 ആകുമ്പോഴേക്കും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 9,32,000 യൂണിറ്റുകളിലെത്തുമെന്നാണ് മോട്ടോര്‍ നിര്‍മ്മാണ കമ്പനികള്‍ കണക്കാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine