

രാജ്യവ്യാപകമായി 20 ശതമാനം എഥനോൾ ചേർത്ത 'E20 പെട്രോൾ' നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ സജീവമായിരിക്കെ, വാഹന ഉടമകൾക്ക് വലിയ ആശ്വാസമേകുന്ന ഒരു വിധി പുറത്തുവന്നിരിക്കുന്നു. E20 ഇന്ധനം ഉപയോഗിച്ചതിനെ തുടർന്ന് എഞ്ചിൻ തകരാറിലായ കേസിൽ ഉപഭോക്താവിന് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയാണ് ഛത്തീസ്ഗഡിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്കും ഡീലർക്കും കനത്ത തിരിച്ചടിയാണ് ഈ ഉത്തരവ്. ഇന്ത്യയിൽ E20 ഇന്ധനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറുകൾക്ക് ഒരു ഉപഭോക്തൃ കോടതി നൽകുന്ന ആദ്യത്തെ വിധിയാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഇക്കണോമിക് ടൈംസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് പ്രകാരം റായ്പൂരിലെ ഡോ. പ്രേംരാജ് ദേവ്ത എന്ന വ്യക്തി 2023-ൽ വാങ്ങിയ മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോങ്ങ് ഹൈബ്രിഡ് (Grand Vitara Strong Hybrid Zeta Plus) കാറാണ് തർക്കത്തിന് കാരണമായത്. വാഹനം 21,913 കിലോമീറ്റർ ഓടിയതിന് ശേഷം എഞ്ചിൻ നിരന്തരമായി ഓഫാകാൻ തുടങ്ങി. പരിശോധനയിൽ ഫ്യുവൽ ടാങ്കിലും പൈപ്പുകളിലും വെളുത്ത ജെല്ലി പോലുള്ള രാസപദാർത്ഥം അടിഞ്ഞുകൂടി ഇന്ധനപ്രവാഹം തടസ്സപ്പെട്ടതായി കണ്ടെത്തി. പമ്പുകളിൽ ലഭ്യമായ E20 പെട്രോൾ അടിച്ചതാണ് ഈ കെമിക്കൽ റിയാക്ഷന് കാരണമെന്ന് ഉപഭോക്താവ് ചൂണ്ടിക്കാട്ടി.
വാഹനത്തിന് നിർമാണ തകരാറുകൾ (Manufacturing defect) ഇല്ലെന്നും, ഗുണനിലവാരമില്ലാത്ത ഇന്ധനം ഉപയോഗിച്ചതാണ് പ്രശ്നമെന്നുമായിരുന്നു മാരുതി സുസുക്കിയുടെ പ്രതിരോധം. എന്നാൽ, നിരന്തരം സർവീസ് സെന്ററിൽ കയറ്റിയിട്ടും ഈ പ്രശ്നം പരിഹരിക്കാൻ കമ്പനിക്ക് കഴിയാത്തത് സേവനത്തിലെ പോരായ്മയായി (Deficiency in service) കോടതി വിലയിരുത്തി.
ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കമ്മീഷൻ താഴെ പറയുന്ന കർശന നിർദേശങ്ങളാണ് മാരുതി സുസുക്കിക്ക് നൽകിയിരിക്കുന്നത്. E20 പെട്രോളിന് പൂർണ്ണമായും അനുയോജ്യമായ പുതിയ ഗ്രാൻഡ് വിറ്റാര കാർ 45 ദിവസത്തിനകം പരാതിക്കാരന് നൽകണം. പുതിയ കാർ നൽകാൻ സാധിക്കാത്തപക്ഷം, വാഹനത്തിന്റെ വിലയായ 18.29 ലക്ഷം രൂപയും, ആർടിഒ ചാർജ് (1.86 ലക്ഷം രൂപ), ഇൻഷുറൻസ് പ്രീമിയം (34,644 രൂപ) എന്നിവയുൾപ്പെടെ ആകെ 20.50 ലക്ഷം രൂപ തിരികെ നൽകണം.
മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 1 ലക്ഷം രൂപയും കോടതിച്ചെലവുകൾക്കായി 10,000 രൂപയും കമ്പനിയും ഡീലറും ചേർന്ന് നൽകണം.45 ദിവസത്തിനകം ഈ തുക നൽകിയില്ലെങ്കിൽ വർഷത്തിൽ 7 ശതമാനം പലിശ സഹിതം നൽകേണ്ടി വരും.
രാജ്യത്തെ ഇന്ധന പമ്പുകളിൽ ഇപ്പോൾ പൊതുവായി ലഭ്യമാകുന്നത് E20 പെട്രോളാണ്. ഉപഭോക്താക്കൾക്ക് മറ്റ് സാധാരണ ഇന്ധനങ്ങൾ തിരഞ്ഞെടുക്കാനുള്ള പ്രായോഗികമായ അവസരമില്ല. അതിനാൽ വിപണിയിൽ ലഭ്യമാകുന്ന ഇന്ധനം കൃത്യമായി ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയോടെ വാഹനങ്ങൾ വിപണിയിലെത്തിക്കുക എന്നത് നിർമ്മാതാക്കളുടെ ഉത്തരവാദിത്തമാണെന്നാണ് കോടതിയുടെ നിരീക്ഷണം.
പരിസ്ഥിതി മലിനീകരണവും ക്രൂഡ് ഓയിൽ ഇറക്കുമതിയും കുറയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി എഥനോൾ ബ്ലെൻഡിംഗ് പദ്ധതി അതിവേഗം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഇത് പഴയ വാഹനങ്ങളിലും ചില പുതിയ മോഡലുകളിലും എഞ്ചിൻ തകരാറുകൾക്കും മൈലേജ് കുറയുന്നതിനും കാരണമാകുന്നു എന്ന പരാതികൾക്കിടയിലാണ് ഈ കോടതി വിധി വരുന്നത്.
ഭാവിയിൽ സമാനമായ പ്രശ്നങ്ങൾ നേരിടുന്ന ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് നിയമപരമായ വഴി കാട്ടുന്ന ഒരു വലിയ നാഴികക്കല്ലായി മാറും ഈ ഉപഭോക്തൃ കോടതി ഉത്തരവ്. നിർമ്മാതാക്കൾ കേവലം സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഒഴിയാതെ, മാറുന്ന ഇന്ധന നയങ്ങൾക്ക് അനുസൃതമായി വാഹനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ നിർബന്ധിതരാകുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമാകുന്നത്.
Raipur Consumer Commission directs Maruti Suzuki to replace a Grand Vitara or refund Rs 20.50 lakh after E20 petrol caused engine failure.
Read DhanamOnline in English
Subscribe to Dhanam Magazine