ഇനി ഡീസല്‍ കാര്‍ വാങ്ങണോ?
ഡീസലിന് പെട്രോളിനെക്കാള്‍ വിലയുള്ള ഇന്ത്യന്‍ നഗരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ അങ്ങനെയും ചില പ്രദേശങ്ങളുണ്ട്. ഗോവ, ഗുജറാത്ത്, ഒഡീഷ, ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഡീസലിനാണ് വില കൂടുതല്‍. ഗോവയില്‍ ഡീസലിന് രണ്ട് രൂപയാണ് കൂടുതല്‍. ഗുജറാത്ത്, ഒഡീഷ, പോര്‍ട്ട് ബ്ലെയര്‍ എന്നിവിടങ്ങളില്‍ ഡീസലിന് ഒരു രൂപയാണ് കൂടുതല്‍.
ബാക്കിയുള്ള വന്‍നഗരങ്ങളിലാകട്ടെ പെട്രോള്‍- ഡീസല്‍ വിലകള്‍ തമ്മില്‍ നേരിയ വ്യത്യാസമേയുള്ളു. വിലകള്‍ തമ്മിലുള്ള ഈ വിടവ് വീണ്ടും നേര്‍ത്തതാകാനുള്ള സാധ്യതയാണ് കാണുന്നത്. ഡീസല്‍ കാറുകള്‍ കൂടുതല്‍ ഇന്ധനക്ഷമത തരുന്നുവെങ്കില്‍ കൂടി ഈ സാഹചര്യത്തില്‍ ഇനി അവ വാങ്ങുന്നത് ബുദ്ധിയാണോ എന്ന് ചിന്തിക്കുക. തീരുമാനം എടുക്കും മുമ്പ് ഇക്കാര്യങ്ങള്‍ പരിഗണിക്കുക.
- ഡീസല്‍ കാറുകള്‍ക്ക് പെട്രോള്‍ കാറുകളെ അപേക്ഷിച്ച് 20 ശതമാനത്തോളം വില കൂടുതലാണ്. ഡീസല്‍ ബേസ് വേരിയന്റിന്റെ വിലയ്ക്ക് പെട്രോള്‍ എന്‍ജിനുള്ള ഉയര്‍ന്ന വകഭേദം വാങ്ങാന്‍ കഴിഞ്ഞേക്കും.
- പെട്രോള്‍ കാറുകള്‍ക്ക് പരിപാലനച്ചെലവില്‍ കുറവുണ്ട്. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ കൂടുതലായി വേണ്ടിവരും. ഇപ്പോഴത്തെ ഡീസല്‍ കാറുകളുടെ സാങ്കേതികവിദ്യ മെച്ചപ്പെട്ടതായതുകൊണ്ട് ചെലവിന്റെ കാര്യത്തില്‍ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് വലിയ വ്യത്യാസമില്ലെങ്കില്‍ കൂടി.
- ഇപ്പോഴത്തെ പെട്രോള്‍ കാറുകള്‍ മുമ്പത്തേതുപോലെയല്ല. മികച്ച ഇന്ധനക്ഷമത തരുന്നവയാണ് ഭൂരിഭാഗം പുതിയ കാറുകളും. കരുത്തിന്റെ കാര്യത്തിലും ഇവ മുന്നില്‍ നില്‍ക്കുന്നു.
- പെട്രോള്‍ കാറുകള്‍ക്ക് ഡീസല്‍ കാറുകളെ അപേക്ഷിച്ച് ശബ്ദവും വിറയലും കുറവാണ്. പുതിയ ഡീസല്‍ കാറുകള്‍ക്ക് ഈ പ്രശ്‌നങ്ങളില്ലെങ്കിലും ഏറെ വര്‍ഷങ്ങളുടെ ഉപയോഗത്തിനുശേഷം താരതമ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് പെട്രോള്‍ കാറുകളാണ്.
നിരവധി ഘടകങ്ങള്‍ പരിഗണിച്ചുവേണം പെട്രോള്‍-ഡീസല്‍ കാറുകളില്‍ ഏത് വാങ്ങണം എന്ന തീരുമാനത്തിലെത്താന്‍. മുന്‍കാലങ്ങളിലേതിനെക്കാള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിന് പ്രാധാന്യം കൂടുതലാണ്.
നിങ്ങളുടെ വാഹന ഉപയോഗം എത്രമാത്രമാണ് എന്നത് ഇക്കാര്യത്തില്‍ വളരെ പ്രസക്തമായ ചോദ്യമാണ്. ദീര്‍ഘദൂര ഓട്ടങ്ങള്‍ ഏറെ കൂടുതലുള്ളവര്‍ക്ക് ഡീസല്‍ കാറുകള്‍ പരിഗണിക്കാവുന്നതാണെങ്കിലും കൃത്യമായ ഹോംവര്‍ക് ചെയ്ത് അവ ലാഭകരമാണെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രം വാങ്ങുക. വാഹനം കാര്യമായി ഉപയോഗിക്കുന്നില്ലാത്തവര്‍ ഡീസല്‍ കാറുകള്‍ വാങ്ങുന്നത് ബുദ്ധിയല്ല.