രാജ്യത്ത് ഇവി ടുവീലര്‍ വിപ്ലവം! കുതിച്ചുയര്‍ന്ന് വില്പന; ഒറ്റവര്‍ഷത്തിനിടെ 62% വളര്‍ച്ച, മുന്നില്‍ ടിവിഎസ് വിടാതെ ബജാജ്

ടിവിഎസ് മോട്ടോര്‍ ആണ് ഈ മാസവും വില്പനയില്‍ ആധിപത്യം പുലര്‍ത്തിയത്. തൊട്ടുപിന്നില്‍ ബജാജ് ഓട്ടോ ഉണ്ട്. കടുത്ത മത്സരം കാഴ്ച്ചവച്ച് ഏഥര്‍ എനര്‍ജി മൂന്നാംസ്ഥാനം നിലനിര്‍ത്തി.
രാജ്യത്ത് ഇവി ടുവീലര്‍ വിപ്ലവം! കുതിച്ചുയര്‍ന്ന് വില്പന; ഒറ്റവര്‍ഷത്തിനിടെ 62% വളര്‍ച്ച, മുന്നില്‍ ടിവിഎസ് വിടാതെ ബജാജ്
Published on

പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതും ഇന്ധനവില ഭാവിയില്‍ പോക്കറ്റ് കാലിയാക്കിയേക്കുമെന്ന ചിന്തയും രാജ്യത്തെ ഇവി മാര്‍ക്കറ്റിന് ടോപ്ഗിയറില്‍ കുതിക്കാനുള്ള ഇന്ധനമാകുന്നു. ഓഫറുകള്‍ കൊടുത്തും പരസ്യം നല്കിയും നേടാന്‍ സാധിക്കാതിരുന്ന വില്പന വളര്‍ച്ചയാണ് ഇവി കമ്പനികള്‍ക്ക് മെയ് മാസം സമ്മാനിച്ചത്.

കഴിഞ്ഞവര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഇത്തവണ വില്പനയില്‍ 62.76 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വിവിധ കമ്പനികള്‍ ചേര്‍ന്ന് കഴിഞ്ഞ മാസം ആകെ വിറ്റത് 1,70,733 യൂണിറ്റുകളാണ്. 2025 മെയില്‍ വില്പന 1,04,896 യൂണിറ്റുകളായിരുന്നു.

ടിവിഎസ് മോട്ടോര്‍ ആണ് ഈ മാസവും വില്പനയില്‍ ആധിപത്യം പുലര്‍ത്തിയത്. തൊട്ടുപിന്നില്‍ ബജാജ് ഓട്ടോ ഉണ്ട്. കടുത്ത മത്സരം കാഴ്ച്ചവച്ച് ഏഥര്‍ എനര്‍ജി മൂന്നാംസ്ഥാനം നിലനിര്‍ത്തി. ഒരുകാലത്ത് ഇന്ത്യന്‍ വിപണി ഭരിച്ചിരുന്ന ഒല ഇലക്ട്രിക് നെഗറ്റീവ് വളര്‍ച്ചയോടെ നാലാംസ്ഥാനത്താണ്.

വില്പന കണക്കുകള്‍

മേയ് മാസം ടിവിഎസ് ആകെ വിറ്റത് 42,459 യൂണിറ്റുകളാണ്. 2025 മേയില്‍ 25,804 യൂണിറ്റുകളായിരുന്നു കമ്പനിയുടെ വില്പന. 64.54 ശതമാനം വളര്‍ച്ച. മാര്‍ക്കറ്റ് വിഹിതത്തിന്റെ 24.87 ശതമാനം ടിവിഎസിന്റെ കൈവശമാണ്. തൊട്ടുപിന്നില്‍ 39,202 യൂണിറ്റുകളുമായി ബജാജ് ഓട്ടോയുണ്ട്.

2025 മെയ് മാസത്തെ അപേക്ഷിച്ച് 16,560 യൂണിറ്റുകള്‍ കമ്പനി കൂടുതല്‍ വിറ്റു. 73.14 ശതമാനത്തിന്റെ വളര്‍ച്ച. 22.96 ശതമാനമാണ് മാര്‍ക്കറ്റ് വിഹിതം. ചേതക് മോഡലിന്റെ സ്വീകാര്യതയാണ് ബജാജിനെ മുന്നോട്ടു നയിക്കുന്നത്.

വില്പനയില്‍ വലിയ കുതിപ്പ് നടത്തിയ കമ്പനികളിലൊന്ന് ഏഥര്‍ എനര്‍ജിയാണ്. കഴിഞ്ഞ വര്‍ഷം സമാനമാസത്തില്‍ 14,101 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 28,240 യൂണിറ്റുകളാണ് ഏഥര്‍ വിറ്റഴിച്ചത്. 100.27 ശതമാനം വര്‍ധന. ഹീറോ വിഡ (19,067 യൂണിറ്റുകള്‍), ഒല (15,141 യൂണിറ്റുകള്‍), റിവര്‍ ഇവി (3,720 യൂണിറ്റുകള്‍) എന്നിങ്ങനെയാണ് പ്രമുഖ കമ്പനികളുടെ വില്പന.

ഒലയ്ക്ക് തിരിച്ചടി തന്നെ

ഉപയോക്താക്കളുടെ അപ്രീതിക്ക് കാരണമായ ഒല ഇലക്ട്രിക്കിന് മെയിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്പന കുറഞ്ഞ ഏക ഇവി കമ്പനിയും ഒല തന്നെ. കഴിഞ്ഞ മെയ് മാസത്തേക്കാള്‍ 3,826 യൂണിറ്റുകളാണ് ഒല ഇത്തവണ കുറവ് രേഖപ്പെടുത്തിയത്. 2025ല്‍ സമാനമാസം 18,967 യൂണിറ്റുകള്‍ വിറ്റിടത്ത് ഇത്തവണ 15,141 ആയി കുറഞ്ഞു. 20.17 ശതമാനത്തിന്റെ കുറവ്. വിപണി വിഹിതം 8 ശതമാനത്തിലേക്ക് താഴ്ന്നു.

India’s electric two-wheeler market grew 62.76% year-on-year in May, with TVS leading sales, Bajaj close behind, and Ola Electric reporting a decline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com