ഓര്‍ഡറുകളുണ്ട്, പക്ഷെ ഉണ്ടാക്കാന്‍ ആളില്ല! ഇന്ത്യന്‍ വാഹന വിപണിയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി?

ഒരു വര്‍ഷം മുമ്പ് വരെ വാഹന നിര്‍മാതാക്കളുടെ പക്കല്‍ ലക്ഷക്കണക്കിന് യൂണിറ്റുകള്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ വാഹനം കൃത്യസമയത്ത് ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ പറ്റാത്ത അവസ്ഥയാണ്
automobile manufacturing
canva
Published on

ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്താനാകാതെ ഇന്ത്യന്‍ വാഹനഘടക വ്യവസായം പ്രതിസന്ധി നേരിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ 61 ശതമാനം ഓട്ടോ കംപോണന്റ് വിതരണക്കാരും കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നതായി ഓട്ടോമോട്ടീവ് കംപോണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ACMA) ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പും (BCG) ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

രാജ്യത്ത് തൊഴിലാളികളുടെ എണ്ണം കുറവായതല്ല, മറിച്ച് വ്യവസായ ക്ലസ്റ്ററുകളില്‍ ആവശ്യവും ലഭ്യതയും തമ്മിലുള്ള അസന്തുലിതാവസ്ഥയാണ് പ്രധാന പ്രശ്നമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു വ്യവസായ മേഖലകളുമായും വാഹനഘടക കമ്പനികള്‍ക്ക് ഒരേ തൊഴിലാളികള്‍ക്കായി മത്സരിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഏകദേശം 1.6 ലക്ഷം പേര്‍ ജോലി ചെയ്യുന്ന പൂനെയിലെ ഓട്ടോമൊബൈല്‍ മേഖലയില്‍ പ്രതിവര്‍ഷം 27,000 നൈപുണ്യമുള്ള തൊഴിലാളികളെ ആവശ്യമുണ്ട്. എന്നാല്‍ പ്രദേശത്തെ ഐടിഐകള്‍ക്കും ഡിപ്ലോമ സ്ഥാപനങ്ങള്‍ക്കും പ്രതിവര്‍ഷം 5,000 പേര്‍ക്ക് മാത്രം പരിശീലനം പൂര്‍ത്തിയാക്കി നല്‍കാന്‍ സാധിക്കുന്നുള്ളൂ. ഈ അവസ്ഥ മറ്റ് സ്ഥലങ്ങളിലും നിലനില്‍ക്കുന്നു.

വെല്ലുവിളിയായി കൊഴിഞ്ഞുപോക്ക്

എന്‍ജിനീയറിംഗ് വിഭാഗങ്ങളിലും അസംബ്ലി യൂണിറ്റുകളിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉയര്‍ന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഡിമാന്‍ഡ് അനുസരിച്ച് വാഹന നിര്‍മാണത്തിന്റെ വേഗത കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന രീതിയായിരുന്നു മുമ്പ് നിര്‍മാതാക്കള്‍ പയറ്റിയിരുന്നത്. എന്നാലിപ്പോള്‍ ഇത് അത്ര ഫലപ്രദമാകുന്നില്ല. തൊഴിലാളികളുടെ അഭാവം തന്നെയാണ് കാരണം.

ഒരു വര്‍ഷം മുമ്പ് വരെ വാഹന നിര്‍മാതാക്കളുടെ പക്കല്‍ ലക്ഷക്കണക്കിന് യൂണിറ്റുകള്‍ കെട്ടിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ വാഹനം കൃത്യസമയത്ത് ഉപയോക്താക്കള്‍ക്ക് കൈമാറാന്‍ പറ്റാത്ത അവസ്ഥയാണ്. വാഹനഘടക വ്യവസായം 20 ശതമാനം വളര്‍ച്ച ലക്ഷ്യമിടുമ്പോള്‍, ആവശ്യമായ വേഗത്തില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് വ്യവസായ രംഗത്തെ വിലയിരുത്തല്‍.

അടുത്ത കാലത്തായി വാഹന ഘടകനിര്‍മാണ മേഖലയില്‍ വനിതാ തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ചില വാഹനഘടക നിര്‍മാണശാലകളിലെ ഫാക്ടറി ജീവനക്കാരില്‍ 52 ശതമാനം വരെ സ്ത്രീകളാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com