

രാജ്യത്തെ വാഹന റീട്ടെയില്‍ വില്‍പന ഓഗസ്റ്റിലെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (FADA) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24,23,201 വാഹനങ്ങളാണ് ഈ വര്‍ഷം ഓഗസ്റ്റില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ സമാന മാസത്തേക്കാള്‍ 18 ശതമാനമാണ് വര്‍ധന.
പാസഞ്ചര്‍ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയെല്ലാം ഓഗസ്റ്റിലെ റെക്കോഡ് വില്‍പന രേഖപ്പെടുത്തി. അതേസമയം റെക്കോഡ് നേട്ടമുണ്ടായ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തം വില്‍പനയില്‍ 6.48 ശതമാനം ഇടിവുണ്ടായി. മണ്‍സൂണ്‍ കാലത്തെ ഡിമാന്‍ഡ് കുറവും ഗണേശ ചതുര്‍ഥി, ഓണം തുടങ്ങിയ ഉത്സവങ്ങളുമായി ബന്ധപ്പെട്ട വാങ്ങലുകള്‍ സെപ്റ്റംബറിലേക്ക് നീണ്ടതുമാണ് ഇതിന് കാരണം.
ഇന്ത്യന്‍ വാഹന വിപണിയില്‍ സുപ്രധാനമായൊരു മാറ്റത്തിനും ഓഗസ്റ്റ് സാക്ഷ്യംവഹിച്ചു. പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയുടെ സംയുക്ത വിഹിതം ആദ്യമായി പെട്രോള്‍ വാഹനങ്ങളെ മറികടന്നു.
സിഎന്‍ജി വാഹനങ്ങള്‍ക്ക് 25.28 ശതമാനവും ഹൈബ്രിഡിന് 9.04 ശതമാനവും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 7.63 ശതമാനവും വിപണി വിഹിതമാണുള്ളത്. ഇവയുടെ സംയുക്ത വിഹിതം 41.95 ശതമാനത്തിലെത്തി. പെട്രോള്‍ വാഹനങ്ങളുടെ വിഹിതം 40.85 ശതമാനമാണ്.
ഒറ്റ ഇന്ധന വിഭാഗമായി പരിശോധിക്കുമ്പോള്‍ പെട്രോള്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ബദല്‍ ഇന്ധനങ്ങളെക്കാള്‍ ഏകദേശം 11 ശതമാനം പോയിന്റിന്റെ ലീഡ് പെട്രോളിനുണ്ടായിരുന്നു. ഈ വ്യത്യാസമാണ് ഇപ്പോള്‍ പൂര്‍ണമായി ഇല്ലാതായത്.
ഇന്ധനച്ചെലവിലെ ലാഭവും ഇ20 പെട്രോളിലേക്കുള്ള മാറ്റത്തെക്കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്കകളുമാണ് കൂടുതല്‍ ആളുകളെ സിഎന്‍ജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു.
പാസഞ്ചര്‍ വാഹന വില്‍പന ഓഗസ്റ്റില്‍ 4,02,398 യൂണിറ്റുകളിലെത്തി. മുന്‍വര്‍ഷത്തേക്കാള്‍ 16.14 ശതമാനം വളര്‍ച്ചയാണിത്. ഓഗസ്റ്റ് മാസത്തെ വില്‍പന ആദ്യമായാണ് നാലുലക്ഷം കടക്കുന്നത്. എന്നാല്‍ ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പന 3.40 ശതമാനം കുറഞ്ഞു.
ഗ്രാമീണ മേഖലയില്‍ പാസഞ്ചര്‍ വാഹന വില്‍പന 24.99 ശതമാനം ഉയര്‍ന്നപ്പോള്‍ നഗരപ്രദേശങ്ങളിലെ വളര്‍ച്ച 10.93 ശതമാനമാണ്. ഗ്രാമീണ വിപണിയില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡാണ് വാഹന വില്‍പനയ്ക്ക് കരുത്തേകുന്നത്.
ഓഗസ്റ്റില്‍ 17,14,610 ഇരുചക്ര വാഹനങ്ങളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.69 ശതമാനം വളര്‍ച്ച. 2018ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഓഗസ്റ്റ് വില്‍പനയാണിത്. എന്നാല്‍ ജൂലൈയെ അപേക്ഷിച്ച് വില്‍പന 5.70 ശതമാനം കുറഞ്ഞു.
ഗ്രാമീണ മേഖലയില്‍ വില്‍പന 20.25 ശതമാനവും നഗരങ്ങളില്‍ 19.07 ശതമാനവും ഉയര്‍ന്നു. ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 10.68 ശതമാനത്തിലെത്തി. ഉത്സവ സീസണല്ലാത്ത ഒരു മാസത്തില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിഹിതം ആദ്യമായാണ് 10 ശതമാനം കടക്കുന്നത്. മുന്‍വര്‍ഷം ഇത് 7.66 ശതമാനമായിരുന്നു.
വാണിജ്യ വാഹന വില്‍പന 14.45 ശതമാനം വളര്‍ന്ന് 90,769 യൂണിറ്റുകളായി. ഓഗസ്റ്റ് മാസത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില്‍പനയാണിത്. ലൈറ്റ് കൊമേഴ്സ്യല്‍ വാഹന വില്‍പന 15.32 ശതമാനവും ഹെവി കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 13.98 ശതമാനവും മീഡിയം കൊമേഴ്സ്യല്‍ വാഹനങ്ങള്‍ 10.38 ശതമാനവും വളര്‍ന്നു. വാണിജ്യ വാഹന വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 5.18 ശതമാനത്തിലെത്തി. മുന്‍വര്‍ഷം ഇത് 2.06 ശതമാനം മാത്രമായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine