നോ ബ്രേക്ക്, ആക്‌സിലറേറ്റര്‍ ഫുള്‍! പെട്രോള്‍ വില കൂടിയിട്ടെന്ത്, ഓരോ മിനിട്ടിലും 55 പുതിയ വാഹനങ്ങള്‍ റോഡില്‍, എന്തുകൊണ്ട്?

എസ്.യു.വി വാഹനങ്ങളുടെ ആവശ്യകത കുതിച്ചുയരുകയാണ്. നിരവധി കമ്പനികള്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
നോ ബ്രേക്ക്, ആക്‌സിലറേറ്റര്‍ ഫുള്‍! പെട്രോള്‍ വില കൂടിയിട്ടെന്ത്, ഓരോ മിനിട്ടിലും 55 പുതിയ വാഹനങ്ങള്‍ റോഡില്‍, എന്തുകൊണ്ട്?
Published on

മെയ് മാസം ഇന്ത്യയില്‍ എത്ര വാഹനങ്ങള്‍ വിറ്റുപോയെന്നറിയാമോ? 25 ലക്ഷം! അതായത്, ഓരോ ദിവസവും 80,000-ത്തിലേറെ വാഹനങ്ങള്‍. ഓരോ മണിക്കൂറിലും ആയിരക്കണക്കിന് പുതിയ വാഹനങ്ങള്‍ റോഡിലിറങ്ങുന്നു. ഓരോ മിനിട്ടിലും 55 വാഹനങ്ങള്‍! പെട്രോള്‍ വില ഉയരുമ്പോള്‍ തന്നെയാണിത്. ജീവിതച്ചെലവ് കൂടുന്നു. ലോണുകളുടെ EMIയും കുറവല്ല. എന്നിട്ടും ഇന്ത്യക്കാര്‍ ഇത്രയധികം വാഹനങ്ങള്‍ വാങ്ങുന്നത് എന്തുകൊണ്ട്?

നമ്മള്‍ കൂടുതല്‍ പണക്കാരായി എന്നാണോ? കാര്‍ ഒരു മോഹമായതു കൊണ്ടു മാത്രമാണോ? യഥാര്‍ഥത്തില്‍ ഇന്ത്യയിലെ മധ്യവര്‍ഗം മാറുകയാണ്. ഒരു കാലത്ത് കാര്‍ ഒരു ആഡംബരമായിരുന്നു. ഇന്ന് അത് ഒരു ആവശ്യമാണ്. ജോലിക്ക് പോകാന്‍, കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍, സ്റ്റാറ്റസിനും സൗകര്യത്തിനുമെല്ലാം വാഹനം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

എസ്.യു.വിയാണ് താരം

ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. എസ്.യു.വി വാഹനങ്ങളുടെ ആവശ്യകത കുതിച്ചുയരുകയാണ്. നിരവധി കമ്പനികള്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ധനവില ഉയരുമ്പോള്‍ പോലും ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നത് കുറഞ്ഞിട്ടില്ല. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്കൊപ്പം, സി.എന്‍.ജിയിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കുമുള്ള മാറ്റം വര്‍ധിക്കുന്നുണ്ട്. മാരുതി സുസുക്കിക്ക് മാത്രം CNG ബുക്കിംഗുകളില്‍ 40% വളര്‍ച്ചയും ഇ.വി ആവശ്യകതയില്‍ ഇരട്ടിയിലേറെ വര്‍ധനയും രേഖപ്പെടുത്തി.

രാജ്യത്തെ വാഹന വിപണി വളരുന്നത് വെറും കാറുകള്‍ കൊണ്ടു മാത്രമല്ല. ഇരുചക്ര വാഹന വില്‍പനയും കുതിക്കുകയാണ്. ഹോണ്ട, ടി.വി.എസ്, സുസുക്കി, ബജാജ് തുടങ്ങി പ്രമുഖ കമ്പനികള്‍ മികച്ച വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തത്.

പെരുത്ത ആത്മവിശ്വാസം

അപ്പോള്‍ ഈ 25 ലക്ഷം വാഹനങ്ങളുടെ കഥ നമ്മളോട് പറയുന്നത് എന്താണ്? ഇന്ത്യക്കാര്‍ വെറുതെ ചെലവഴിക്കുക മാത്രമല്ല. ഭാവിയിലേക്കുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുക കൂടിയാണ്. അതുകൊണ്ടാവാം, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ മനസിലാക്കാന്‍ ചിലപ്പോള്‍ സെന്‍സെക്സ് നോക്കേണ്ടതില്ല. റോഡിലേക്ക് ഇറങ്ങുന്ന പുതിയ വാഹനങ്ങളുടെ എണ്ണം നോക്കിയാല്‍ മതി എന്നായിട്ടുണ്ട്!

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com