പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ കാലം കഴിയുന്നോ? ഇന്ത്യയില്‍ 43% പേര്‍ക്കും പ്രിയം ഇവിയോട്

പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെ വേഗത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വളര്‍ന്നത്
പെട്രോള്‍ ഇരുചക്ര വാഹനങ്ങളുടെ കാലം കഴിയുന്നോ? ഇന്ത്യയില്‍ 43% പേര്‍ക്കും പ്രിയം ഇവിയോട്
Published on: 

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് മാറി ചിന്തിച്ച് ഇന്ത്യന്‍ വാഹന പ്രേമികള്‍. പുതിയ ഇരുചക്ര വാഹനം വാങ്ങാന്‍ പദ്ധതിയിടുന്നവരില്‍ 43 ശതമാനം പേരും ഇലക്ട്രിക് മോഡലുകള്‍ പരിഗണിക്കുന്നതായി ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ (ബിസിജി) പഠന റിപ്പോര്‍ട്ട്.

2024ല്‍ ഇവികളോട് പൂര്‍ണമായി മുഖം തിരിച്ചുനിന്നിരുന്നവരുടെ അനുപാതം 38 ശതമാനമായിരുന്നെങ്കില്‍, 2026-ല്‍ അത് 29 ശതമാനമായി കുറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായി നടത്തിയ സര്‍വേയുടെയും വാഹന വില്‍പന കണക്കുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തലുകള്‍.

വില്‍പനയിലും കുതിപ്പ്

ഉപഭോക്താക്കളുടെ താല്‍പര്യത്തിലുണ്ടായ മാറ്റം വില്‍പനയിലും പ്രതിഫലിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്തം ഇരുചക്ര വാഹന വില്‍പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 5.5 ശതമാനമായിരുന്നു. 2026 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇത് 9.9 ശതമാനമായി ഉയര്‍ന്നു.

സ്‌കൂട്ടര്‍ വിപണിയിലാണ് ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റം കൂടുതല്‍ പ്രകടം. മൊത്തം സ്‌കൂട്ടര്‍ വില്‍പനയില്‍ ഇലക്ട്രിക് മോഡലുകളുടെ പങ്ക് 16.8 ശതമാനത്തില്‍ നിന്ന് 24.1 ശതമാനമായി. അതായത് രാജ്യത്ത് വില്‍ക്കുന്ന നാല് സ്‌കൂട്ടറുകളില്‍ ഏകദേശം ഒരെണ്ണം ഇപ്പോള്‍ ഇലക്ട്രിക്കാണ്.

2022 മുതല്‍ 2026 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില്‍പന 54 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെ വേഗത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണി വളര്‍ന്നത്.

ഈ സാമ്പത്തിക വര്‍ഷം ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഓരോ മാസവും ശരാശരി 1.8 ലക്ഷം പേര്‍ ആദ്യമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നുണ്ട്.

മാറ്റത്തിനു കാരണമെന്ത്?

കുറഞ്ഞ ഇന്ധനച്ചെലവായിരുന്നു മുമ്പ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഉപഭോക്താക്കളെ പ്രധാനമായും ആകര്‍ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വാഹനങ്ങളുടെ ഡിസൈനും റേഞ്ചും സൗകര്യങ്ങളും വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ട്.

കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, പരിപാലനച്ചെലവിലെ ലാഭം, യാത്രാസൗകര്യം, സ്റ്റോറേജ് സൗകര്യം, ഡിജിറ്റല്‍ ഫീച്ചറുകള്‍ എന്നിവയും വാങ്ങുന്നവരെ സ്വാധീനിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളും വളരുന്നത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ദിവസവും കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടിവരുന്ന ഡെലിവറി ജീവനക്കാര്‍ക്ക് കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് വലിയ നേട്ടമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com