ക്രെറ്റ മുതല്‍ വിറ്റാര വരെ! 2025ലെത്തുന്നത് 19 ഇനം ഇ.വികള്‍; സര്‍ക്കാര്‍ വക സര്‍പ്രൈസും, മത്സരം കടുത്താല്‍ വില കുറയാനും സാധ്യത

ഇന്ത്യയില്‍ ബാറ്ററി ഇലക്ട്രിക് വാഹന (ബി.ഇ.വി) വിപണിക്ക് അടുത്ത വര്‍ഷം നല്ലകാലമെന്ന് റിപ്പോര്‍ട്ട്. 2025 കലണ്ടര്‍ വര്‍ഷത്തിലെ ഇ.വി ഉത്പാദനത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയുണ്ടാകുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ മൊബിലിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പുവര്‍ഷത്തില്‍ ഇ.വികളോട് ആളുകള്‍ക്കുണ്ടായിരുന്ന പ്രിയക്കുറവ് 2025ല്‍ ഉത്പാദനം 3,77,000 യൂണിറ്റിലേക്ക് എത്തുന്നതോടെ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍. 2024ല്‍ ആകെ ഉത്പാദിപ്പിച്ച ലൈറ്റ് വാഹനങ്ങളുടെ 6.6 ശതമാനം മാത്രമായിരുന്നു ഇവികള്‍(1,30,000 യൂണിറ്റുകള്‍).
പ്രമുഖ വാഹന നിര്‍മാണ കമ്പനികളെല്ലാം വന്‍തോതിലുള്ള നിക്ഷേപം നടത്തുന്നത് രാജ്യത്തെ ഇ.വി വിപണിയില്‍ കാര്യമായ മാറ്റമുണ്ടാക്കും. പുതിയ മോഡലുകളും അത്യാധുനിക സാങ്കേതിക വിദ്യയും ചേരുമ്പോള്‍ കറണ്ടുവണ്ടികള്‍ ഇന്ത്യന്‍ വാഹന വിപണിയുടെ സുപ്രധാന ഭാഗമാകും. കൂടാതെ ഇവികളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിലും ചില ശ്രമങ്ങള്‍ അടുത്ത കൊല്ലമുണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും അധികം വൈകാതെ കൂടുതല്‍ മെച്ചപ്പെടും. ഇത് വിപണിയെ കൂടുതല്‍ കരുത്തുള്ളതാക്കുമെന്നാണ് പ്രതീക്ഷ.

വരാനിരിക്കുന്നത് 19 മോഡലുകള്‍

വാഹനലോകം ഏറെ കാത്തിരിക്കുന്ന മാരുതി സുസുക്കി ഇ-വിറ്റാര, ഹ്യൂണ്ടായ് ക്രെറ്റ അടക്കമുള്ള 19 ഇവി മോഡലുകളാണ് 2025ല്‍ എത്തുക. 20 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള മാരുതി ഇ-വിറ്റാര ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ വിപണിയിലെത്തും. ഹ്യൂണ്ടായ് ക്രെറ്റയാകട്ടെ ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാകും അവതരിപ്പിക്കുക. ഇതിന് പുറമെ മഹീന്ദ്ര എക്‌സ്.ഇ.വി 9ഇ, ബി.ഇ 6ഇ, ടാറ്റ സിയാറ ഇവി, ഹാരിയര്‍ ഇവി തുടങ്ങിയ വമ്പന്‍മാരും അടുത്ത കൊല്ലമെത്തും. വിവിധ സെഗ്‌മെന്റുകളിലായി ഇത്രയും മോഡലുകളെത്തുന്നത് വമ്പന്‍ മാറ്റങ്ങളുണ്ടാക്കും. കൂടാതെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പോലുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ സഹായമെത്തുന്നതോടെ ഇവി ഉത്പാദനത്തിന്റെ ചെലവും കുറയും. ഇത് ഇവികളുടെ വിലയിലും കാര്യമായ കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. വിപണിയിലെ മത്സരം കടുക്കുമെന്നും അതുവഴി വണ്ടി വില കുറയുമെന്നും ഉപയോക്താക്കളും പ്രതീക്ഷിക്കുന്നു.

ഭാവിയെങ്ങനെ

2030 എത്തുന്നതോടെ ലൈറ്റ് ഇലക്ട്രിക് വെഹിക്കിള്‍ ഉത്പാദനം 1.4 കോടിയിലെത്തുമെന്നാണ് പ്രവചനം. വിപണിവിഹിതം 19.8 ശതമാനവുമാകും. ഇ.വി മേഖലയിലുണ്ടാകുന്ന മാറ്റങ്ങള്‍ രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഇ.വി കാറുകള്‍ വാങ്ങുന്നതിന് ആദ്യ ഘട്ടത്തില്‍ വലിയ തുക മുടക്കേണ്ടി വരുന്നത്, കൃത്യമായ ചാര്‍ജിംഗ് സംവിധാനങ്ങളുടെ കുറവ്, ബാറ്ററി സാങ്കേതിക വിദ്യയുടെ അപര്യാപ്തത തുടങ്ങിയ കാര്യങ്ങള്‍ ഇ.വി വിപണിയുടെ വളര്‍ച്ചക്ക് തടസമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Articles
Next Story
Videos
Share it