ഇവി മാര്‍ക്കറ്റ് മിഡില്‍ഈസ്റ്റ് 'പുഷ്', ഷോറൂമുകളില്‍ തിരക്കേറി; വില്പന കുതിച്ചുയരുമെന്ന പ്രതീക്ഷയില്‍ കമ്പനികള്‍

ഇവി ഷോറൂമുകളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് തിരക്ക് വര്‍ധിച്ചിട്ടുണ്ട്
ev swaping station, two cars entering it
CATL
Published on

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഫലമായി ക്രൂഡ്ഓയില്‍ വില കുതിച്ചതോടെ ഇന്ത്യയിലും പെട്രോള്‍-ഡീസല്‍ വില വര്‍ധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധനവില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. എണ്ണവില കുതിക്കുമെന്ന് ഉറപ്പായി തുടങ്ങിയതോടെ ഉപയോക്താക്കള്‍ കൂടുതലായി ഇവി (വൈദ്യുതവാഹനങ്ങള്‍) വാങ്ങലിലേക്ക് തിരിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇവി ഷോറൂമുകളില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളെ അപേക്ഷിച്ച് തിരക്ക് വര്‍ധിച്ചിട്ടുണ്ട്. ജിഎസ്ടി പരിഷ്‌കരണത്തിനുശേഷം ഇവി വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. ഇവി വാങ്ങുമ്പോള്‍ ലഭിച്ചിരുന്ന സബ്‌സിഡി അവസാനിച്ചതും വില്പനയില്‍ പ്രതിഫലിച്ചു.

ഇപ്പോള്‍ ഇവി വിപണിയില്‍ വീണ്ടും തിരക്കേറി തുടങ്ങിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതു മുതല്‍ ഈ മാറ്റം പ്രകടമാണെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (FADA) പുറത്തുവിട്ട കണക്കനുസരിച്ച് മാര്‍ച്ചില്‍ 5.1 ശതമാനമാണ് വാഹനവില്പനയില്‍ ഇവികളുടെ സംഭാവന. ഫെബ്രുവരിയില്‍ ഇത് 3.5 ശതമാനം മാത്രമായിരുന്നു.

ഉപയോക്താക്കളുടെ മനസ് മാറുന്നു

എണ്ണവില വര്‍ധിക്കുമെന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ ബോധവാന്മാരാണെന്നാണ് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. ഷോറൂമുകളിലേക്ക് അന്വേഷണങ്ങളുമായെത്തുന്നവരുടെ എണ്ണത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത് അനുകൂല ട്രെന്റാണ്. എണ്ണവിലയിലെ അനിശ്ചിതത്വം ഇവി വിപണിക്ക് എക്‌സ്ട്ര പുഷ് നല്കുമെന്നും ശൈലേഷ് ചന്ദ്ര പറയുന്നു.

ജെഎസ്ഡബ്ല്യു എംജിയുടെ ഷോറൂമുകളിലേക്കുള്ള അന്വേഷണത്തില്‍ മാര്‍ച്ചില്‍ 26 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കമ്പനി പറയുന്നു. ഏപ്രിലില്‍ ഇത് വര്‍ധിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ഇവിയോട് അകന്നു നിന്നവരുടെ പോലും തീരുമാനം മാറ്റിക്കാന്‍ പശ്ചിമേഷ്യന്‍ യുദ്ധം വഴിയൊരുക്കിയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കമ്പനികള്‍ കൂടുതല്‍ ഇവി മോഡലുകള്‍ ഇറക്കിയതും ടെക്‌നോളജിയില്‍ കൂടുതല്‍ മികവ് പുലര്‍ത്തുന്നതും ഇവിയോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എണ്ണവില കൂടുന്നതനുസരിച്ച് ഇവിയിലേക്കുള്ള ഒഴുക്ക് കൂടുമെന്നും വിപണി കണക്കുകൂട്ടുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com