

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി നിറുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര, മുച്ചക്ര ഇ.വികള്‍ക്ക് ഇപ്പോഴുള്ള സബ്‌സിഡി നടപ്പുസാമ്പത്തിക വര്‍ഷത്തിനപ്പുറം നീട്ടിയേക്കില്ല. ഇടക്ക് ഇ.വി കാറുകള്‍ക്കും സബ്‌സിഡി അനുവദിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇതും സര്‍ക്കാര്‍ തള്ളിയെന്നാണ് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇലക്ട്രിക് ബസുകള്‍ക്കും ട്രക്കുകള്‍ക്കും നല്‍കി വരുന്ന സബ്‌സിഡി തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഇ.വി സബ്‌സിഡിക്കെതിരെ ചൈന ലോക വ്യാപാര സംഘടനക്ക് മുന്നില്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.
2030ലെത്തുമ്പോള്‍ 30 ശതമാനം ഇ.വി വ്യാപനം (Ev Penetration) ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ പദ്ധതി അവസാനിപ്പിക്കുകയാണെന്നാണ് ആക്ഷേപം. പി.എം ഇ-ഡ്രൈവ് പദ്ധതിക്ക് കീഴില്‍ നല്‍കി ഇരുചക്ര-മുച്ചക്ര വാഹനങ്ങള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി 2026 മാര്‍ച്ച് 31ന് അവസാനിക്കും. നിലവില്‍ മുച്ചക്ര ഇ.വികളുടെ വ്യാപനം 32 ശതമാനം പിന്നിട്ടു. വ്യാപനം 25-30 ശതമാനത്തിലെത്തിയാല്‍ സബ്‌സിഡി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നവംബര്‍ നാല് വരെയുള്ള കണക്ക് പ്രകാരം 2.54 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ക്കാണ് സബ്‌സിഡി ലഭിച്ചത്. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ വ്യാപനം ഇതുവരെയും രണ്ടക്കം പോലും കടന്നിട്ടില്ലെന്നും കണക്കുകള്‍ പറയുന്നത്. നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് 5,000 രൂപ വീതവും മുച്ചക്ര വാഹനങ്ങള്‍ക്ക് 12,500 രൂപയുമാണ് പരമാവധി സബ്‌സിഡി നല്‍കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ സബ്‌സിഡിക്ക് വേണ്ടി 40,000 കോടി രൂപയാണ് സബ്‌സിഡി അനുവദിച്ചത്. എന്നിട്ടും ആകെ വാഹന വില്‍പ്പനയുടെ 7.6 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍. സബ്‌സിഡി നല്‍കിയത് കൊണ്ടുമാത്രം ഇ.വി വില്‍പ്പന ഉയര്‍ത്താന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇ.വികളുടെ ഉപയോഗം കൂടുതല്‍ പ്രോത്സാഹിപ്പിക്കാനും ഐസ് (internal combustion engine) വാഹനങ്ങളുടെ ഉപയോഗം കുറക്കാനുമുള്ള നയരൂപീകരണത്തിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിതി ആയോഗ് വെച്ചിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും ഇന്ത്യ സബ്‌സിഡി നല്‍കുന്നതിനെതിരെ അടുത്തിടെ ചൈന പരാതിപ്പെട്ടിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് മേല്‍ക്കൈ ലഭിക്കുന്നുവെന്നും ചൈനയുടെ വ്യാപാര തര്‍ക്കങ്ങള്‍ക്ക് എതിരാണെന്നും കാട്ടിയായിരുന്നു പരാതി. ലോകരാജ്യങ്ങളില്‍ ഇ.വികള്‍ക്ക് ഉയര്‍ന്ന സബ്‌സിഡി അനുവദിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ടാറ്റ നെക്‌സോണാണ് ഇതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. വാഹനത്തിന്റെ ആകെ വിലയുടെ 46 ശതമാനമാണ് നേരിട്ടും അല്ലാതെയും സബ്‌സിഡിയായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഇ.വികളുടെ സബ്‌സിഡി അവസാനിപ്പിക്കുന്നതില്‍ വാഹന നിര്‍മാണ കമ്പനികള്‍ക്ക് അതൃപ്തിയാണ്. നിലവിലെ സബ്‌സിഡിയെങ്കിലും തുടരണമെന്നതാണ് ഇവരുടെ ആവശ്യം. സമാന ആവശ്യം പാര്‍ലമെന്റ് സമിതിയും ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങളുടെ മൂന്നിലൊന്നും ഇ.വി ആയിരിക്കണമെന്ന ലക്ഷ്യം 2030ല്‍ കൈവരിക്കാനാകുമെന്നാണ് ടാറ്റ മോട്ടോര്‍സ് എം.ഡി ശൈലേഷ് ചന്ദ്ര പറയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയെ ആശ്രയിക്കുന്നത് പതിയെ അവസാനിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine