പഴക്കമല്ല പ്രശ്‌നം, പഴയ വാഹനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര നിലപാട് മാറുമോ?
പഴയ വാഹനങ്ങള്‍ പൊളിക്കുന്നത് സംബന്ധിച്ച ദേശീയ സ്‌ക്രാപ്പേജ് പോളിസിയില്‍ വിട്ടുവീഴ്ചകള്‍ക്ക് സാധ്യത. നിശ്ചിത കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അയയുന്നതായാണ് പുതിയ സൂചനകള്‍. വാഹനങ്ങളുടെ പ്രായമല്ല, മറിച്ച മലിനീകരണ തോതാണ് ഇക്കാര്യത്തില്‍ മാനദണ്ഡമാക്കേണ്ടതെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന്‍ അഭിപ്രായപ്പെട്ടു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രീതിയില്‍ വര്‍ഷങ്ങളോളം കൊണ്ടു നടക്കുന്ന വാഹനങ്ങളുടെ കാര്യത്തില്‍ സ്‌ക്രാപ്പിംഗ് നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലിനീകരണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ വശങ്ങളും പഠിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ നയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പുക പരിശോധന കാര്യമമാകണം
വാഹനങ്ങളുടെ പുക പരിശോധനയില്‍ കാര്യക്ഷമത ഉറപ്പാക്കണമെന്ന് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഓട്ടോമൊബൈല്‍ വ്യാപാരികളോട് ആവശ്യപ്പെട്ടു. നിലവില്‍ പുക പരിശോധന നടത്തുന്നത് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വേണ്ടി മാത്രമാണ്. ഈ രീതി മാറണം. വാഹനങ്ങളില്‍ നിന്നുള്ള വായു മലനീകരണ തോത് കുറക്കാന്‍ വേണ്ടിയാകണം പരിശോധനകള്‍. പുക പരിശോധനകളുടെ വിശ്വാസ്യത നിലനിര്‍ത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പുതിയവ വാങ്ങുമ്പോള്‍ മൂന്നു ശതമാനം പ്രത്യേക ഡിസ്‌കൗണ്ട് നല്‍കാനുള്ള വാഹന നിര്‍മ്മാതാക്കളുടെ തീരുമാനം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ സ്‌ക്രാപ്പേജ് നയത്തിന് പിന്തുണയാകുമെന്നും അനുരാഗ് ജെയിന്‍ പറഞ്ഞു.