ടെസ്‌ലയെ ജനുവരിയോടെ ഇന്ത്യയിലെത്തിക്കും; ചര്‍ച്ച ഉഷാറാക്കി കേന്ദ്രം

പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന ബ്രാന്‍ഡായ ടെസ്‌ലയെ 2024 ജനുവരിയോടെ തന്നെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ടെസ്‌ലയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങളും മറ്റ് ഇവി നിര്‍മ്മാണ സംരംഭങ്ങള്‍ക്കുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ജൂണില്‍ ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതു മുതല്‍ കേന്ദ്രം ടെസ്ലയുമായി ചര്‍ച്ച നടത്തിവരികയാണ്. ഇന്ത്യയില്‍ കാര്‍, ബാറ്ററി നിര്‍മാണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ടെസ്‌ല കൊണ്ടുവന്നേക്കും.

പൂര്‍ണമായും അസംബിള്‍ ചെയ്ത ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി തീരുവ 60 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി കുറയ്ക്കാന്‍ ടെസ്‌ല നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ തള്ളിയിരുന്നു. പ്രാദേശിക നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇന്ത്യ ഉയര്‍ന്ന തീരുവ ചുമത്തുന്നത്. എന്നാല്‍ നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി കുറവാണെന്ന് ഉറപ്പാക്കാന്‍ ഇറക്കുമതി നയത്തില്‍ പുതിയ വിഭാഗം കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഈ പ്രോത്സാഹനം ടെസ്‌ലയില്‍ മാത്രം ഒതുങ്ങില്ല. ഇന്ത്യയില്‍ വൈദ്യുത വാഹന നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ എത്തുന്ന മറ്റ് കമ്പനികള്‍ക്കും ഇത് ലഭ്യമാകും.

ഇറക്കുമതി തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വിജയിക്കാത്തതിനെ തുടര്‍ന്ന് ടെസ്‌ല നേരത്തെ ഇന്ത്യന്‍ പദ്ധതികള്‍ ഉപേക്ഷിച്ചിരുന്നു. ഇറക്കുമതി തീരുവ ഇളവിന് പകരമായി പ്രാദേശിക ഉല്‍പ്പാദനത്തിന് തയ്യാറാകണമെന്ന് ഇന്ത്യ ടെസ്‌ലയെ നിര്‍ബന്ധിച്ചിരുന്നു. കസ്റ്റംസ് തീരുവ ഇളവുകള്‍ തേടുന്നതിന് പകരം നിര്‍മ്മാതാക്കള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുന്ന പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് അപേക്ഷിക്കാനും സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. ടെസ്‌ലയെ ആകര്‍ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ നീക്കത്തിന്റെ ഭാഗമാണ്. 2030 ഓടെ 30% ഇലക്ട്രിക് വാഹന വ്യാപനം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it