ചൈനീസ് കമ്പനി ബി.വൈ.ഡിയുടെ ₹8,200 കോടിയുടെ നിക്ഷേപം വേണ്ടെന്ന് കേന്ദ്രം

രാജ്യത്ത് 8,200 കോടിരൂപയുടെ (100 കോടി ഡോളര്‍) കാർ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനുള്ള ചൈനീസ് വാഹന, ബാറ്ററി നിര്‍മ്മാണ കമ്പനിയായ ബി.വൈ.ഡി (BYD) മോട്ടോഴ്‌സിന്റെ നിര്‍ദ്ദേശം കേന്ദ്രം നിരസിച്ചു. ഈ മാസം ആദ്യമാണ് ഹൈദരാബാദ് ആസ്ഥാനമായ മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സുമായി ചേര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ വൈദ്യുതി വാഹന നിർമ്മാണ കമ്പനികളിൽ ഒന്നായ ബി.വൈഡി വ്യവസായ വാണിജ്യകാര്യമന്ത്രാലയത്തിന് (DPIIT) അപേക്ഷ നല്‍കിയത്. പദ്ധതിക്കായുള്ള നിക്ഷേപം മേഘയും സാങ്കേതികവിദ്യ ബി.വൈ.ഡിയും നല്‍കുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ചൈനയില്‍ നിന്നുള്ള കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ തള്ളിയത്. ഇന്ത്യയില്‍ പ്ലാന്റ് തുറക്കുന്നതോടെ പ്രതിവര്‍ഷം 10,000-15,000 വൈദ്യുത കാറുകള്‍ നിര്‍മിക്കാനായിരുന്നു സംയുക്ത സംരഭത്തിന്റെ പദ്ധതി. റോഡുകള്‍, പാലങ്ങള്‍, പവര്‍ പ്ലാന്റുകള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ് മേഘാ എഞ്ചിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ്.
നിക്ഷേപം നടത്താനാകാതെ കമ്പനികള്‍

അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപത്തിന് 2020 ഏപ്രില്‍ മുതല്‍ മുന്‍കൂര്‍ അനുമതി നേടണമെന്നത് കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിലവില്‍ 40-50 പദ്ധതികള്‍ ഇത്തരത്തില്‍ അനുമതിക്കായി കാത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്പനികളുടെ ഏറ്റെടുക്കല്‍ തടയാനാണ് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്.
ചൈനീസ് വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയിലെ 100 കോടി ഡോളറിന്റെ പദ്ധതി ഉപേക്ഷിച്ചിരുന്നു.
ബി.വൈ.ഡി
വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ബി.വൈ.ഡി. രാജ്യത്തെ വാഹന വിപണിയില്‍ ഇതിനകം തന്നെ സാന്നിധ്യം നേടാന്‍ ബി.വൈ.ഡിക്ക് സാധിച്ചിട്ടുണ്ട്. ബി.വൈ.ഡി. ആറ്റോ 3 ഇലക്ട്രിക് എസ്.യു.വി, ഇ6 എന്നീ രണ്ടു മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ആറ്റോ 3യ്ക്ക് 33.99 ലക്ഷം രൂപയും എം.പി.വി വിഭാഗത്തിലുള്ള E6 ന് 29.15 ലക്ഷം രൂപയുമാണ് വില തുടങ്ങുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it