ആഗോളതലത്തില്‍ ഇ.വി വാങ്ങാന്‍ ആളില്ല, ഇന്ത്യയില്‍ റിവേഴ്സ് ട്രെന്‍ഡ്! വില്‍പ്പന ഇതാദ്യമായി 20 ലക്ഷം കടന്നു, പിന്നിലെന്ത്?

2026ല്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്
Rows of parked new cars lined up in a large automotive stockyard, symbolising rising vehicle sales and inventory build-up.
canva
Published on

ആഗോള തലത്തില്‍ കാര്‍ ഉപയോക്താക്കള്‍ ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിനിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. ഇ.വി നയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉയര്‍ന്ന ചെലവുമാണ് മാറ്റത്തിന് കാരണം. പ്രൊഫഷണല്‍ സര്‍വീസ് ഗ്രൂപ്പായ ഇ.വൈയാണ് റിപ്പോര്‍ട്ടിന് പിന്നില്‍. അതേസമയം, ഇന്ത്യയില്‍ നടപ്പുകലണ്ടര്‍ വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റെക്കോഡ് വില്‍പ്പനയെന്ന് കണക്കുകള്‍. നവംബര്‍ വരെയുള്ള ആകെ ഇ.വി വില്‍പ്പന 20 ലക്ഷം കടന്നു. എല്ലാ വിഭാഗങ്ങളിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില്‍പ്പന നേടാനും കഴിഞ്ഞതായും കണക്കുകള്‍ പറയുന്നു.

ഇ.വി മടുത്തു

ആദ്യ ഘട്ടത്തില്‍ ഇ.വി അനുകൂല നയങ്ങള്‍ സ്വീകരിച്ച മിക്ക രാജ്യങ്ങളും ഇപ്പോള്‍ തിരിച്ചുപോക്കിന്റെ പാതയിലാണ്. മുന്‍ പ്രസിഡന്റ് നടപ്പിലാക്കിയ ഇ.വി നയം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മാറ്റിയിരുന്നു. 2035ഓടെ ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിനുള്ള വാഹനങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം യൂറോപ്യന്‍ യൂണിയനും ലഘൂകരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പിന്‍വലിക്കുകയോ കുറക്കുകയോ ചെയ്തതും ഡിമാന്‍ഡ് കുറച്ചു.

അടുത്ത 24 മാസത്തിനുള്ളില്‍ കാറ് വാങ്ങുന്നവരില്‍ 50 ശതമാനവും ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിന്‍ വാഹനങ്ങള്‍ തിരഞ്ഞെടുക്കുമെന്നാണ് ഇ.വൈ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 ശതമാനം കൂടുതലാണിത്. ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡ് 14 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. ഹൈബ്രിഡ് കാറുകളുടേത് 16ല്‍ നിന്ന് 5 ശതമാനമായി കുറഞ്ഞതായും ഇ.വൈ റിപ്പോര്‍ട്ട് പറയുന്നു. ഇനി ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ താത്പര്യമുള്ളവരില്‍ 36 ശതമാനം പേരും വാങ്ങല്‍ വൈകിപ്പിക്കുകയാണ്. ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് വില്ലന്‍.

ഇന്ത്യയില്‍ റിവേഴ്‌സ് ട്രെന്‍ഡ്

നടപ്പുകലണ്ടര്‍ വര്‍ഷത്തിലെ നവംബര്‍ മാസം വരെയുള്ള ഇ.വി വില്‍പ്പന 20 ലക്ഷം കടന്നതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തേക്കാള്‍ 14.29 ശതമാനമാണ് ഇ.വി കച്ചവടം കൂടിയത്. യാത്രാ, ഇരുചക്ര, മുച്ചക്ര, വാണിജ്യ വാഹനങ്ങളുടെയെല്ലാം വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടി. ഇതാദ്യമായാണ് നവംബറില്‍ തന്നെ എല്ലാ വിഭാഗങ്ങളും ഒരുമിച്ച് മുന്‍വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കുന്നത്.

മുന്നില്‍ ടാറ്റ, പക്ഷേ...

നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 1,60,894 ഇ.വി കാറുകളാണ് രാജ്യത്ത് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 77.5 ശതമാനം വര്‍ധന. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എം.ജി മോട്ടോര്‍സ്, ഹ്യൂണ്ടായ് മോട്ടര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ ഇ.വി നിര്‍മാതാക്കളെല്ലാം ഉയര്‍ന്ന വില്‍പ്പന രേഖപ്പെടുത്തി. നെക്‌സോണ്‍, പഞ്ച്, ഹാരിയര്‍, കര്‍വ്, ടിയാഗോ, ടൈഗൂര്‍ എന്നീ മോഡലുകളുള്ള ടാറ്റ മോട്ടോര്‍സ് തന്നെയാണ് വിപണിയില്‍ ഒന്നാമത്. എന്നാല്‍ വിപണി വിഹിതം മുന്‍വര്‍ഷം 63.5 ശതമാനമായിരുന്നത് ഇക്കുറി 39.25 ശതമാനമായി കുറഞ്ഞു. എന്നാല്‍ തൊട്ടുപിന്നിലുള്ള എം.ജി മോട്ടോറിന്റെ വിപണി വിഹിതം 19.79ല്‍ നിന്ന് 30 ശതമാനത്തിലേക്ക് കുതിച്ചതായും കണക്കുകള്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഇ.വികളിലൊന്നായ വിന്‍സറിന്റെ വരവാണ് കാര്യങ്ങള്‍ മാറ്റിയത്.

അടുത്ത വര്‍ഷം സമവാക്യങ്ങള്‍ മാറും

2026ല്‍ ഇലക്ട്രിക് വാഹന വിപണിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാര അടുത്ത വര്‍ഷം നിരത്തിലെത്തും. ചാര്‍ജിംഗ് സൗകര്യങ്ങള്‍ കൂടി മെച്ചപ്പെടുത്തുന്ന മാരുതിയുടെ തന്ത്രം വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ 15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ നിരവധി ഇവി ഓപ്ഷനുകള്‍ നിലവിലുണ്ട്. മഹീന്ദ്രയും ടാറ്റ മോട്ടോര്‍സും പുതിയ മോഡലുകള്‍ അടുത്ത വര്‍ഷം വിപണിയിലെത്തിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിച്ചാല്‍ വിപണിയിലെ സമവാക്യങ്ങള്‍ മാറുന്ന വര്‍ഷമാണ് വരാനിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

India sees a reverse trend in EV sales, crossing 20 lakh units sold, while global demand declines due to geopolitical concerns and rising costs

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com