ഇന്ത്യന്‍ വൈദ്യുതി വാഹന വിപണി 11.25 ലക്ഷം കോടി രൂപയുടേതാകുമെന്ന് റിപ്പോര്‍ട്ട്

2030 ഓടെ ഇന്ത്യന്‍ വൈദ്യുത വാഹന വിപണി 150 ശതകോടി ഡോളറിന്റേതാകുമെന്ന് (ഏകദേശം 11.25 ലക്ഷംകോടി രൂപ) റിപ്പോര്‍ട്ട്. ഈ പതിറ്റാണ്ടില്‍ 90 ശതമാനം വാര്‍ഷിക വളര്‍ച്ച ഈ മേഖല നേടുമെന്നാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ആര്‍ബിഎസ്എ അഡൈ്വസേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. 2020-21 സാമ്പത്തിക വര്‍ഷം ആകെ വില്‍പ്പനയുടെ 1.3 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടേത്.

ഓട്ടോമൊബീല്‍, ബാറ്ററി, ചാര്‍ജിംഗ് ടെക്‌നോളജി മേഖലകളില്‍ ആര്‍ & ഡി, പ്രോഡക്റ്റ് ഡെവലപ്‌മെന്റ് എന്നിവയ്ക്കായി വന്‍തോതിലുള്ള നിക്ഷേപം ഇന്ത്യയില്‍ ആവശ്യമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 25000 കോടി രൂപയുടെ നിക്ഷേപം ടു വീലര്‍, ത്രീവീലര്‍, ഫോര്‍ വീലര്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ, ഇന്ധന വിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വില വര്‍ധന, കാര്‍ബണ്‍ പുറന്തള്ളുന്നതിനെതിരെയുള്ള ശക്തമായ നടപടികള്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആളുകളില്‍ ശക്തമാകുന്ന ബോധം തുടങ്ങിയവയെല്ലാം ഇലക്ട്രിക് വാഹന വിപണിക്ക് തുണയാകുമെന്നാണ് വിലയിരുത്തല്‍. വന്‍കിട ഓട്ടോമൊബീല്‍ കമ്പനികളും നിക്ഷേപകരും ഈ മേഖലയില്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്.
വിദേശ നിക്ഷേപങ്ങളും ഇന്ത്യയിലേക്ക് ഒഴുകുകയാണ്. ഒല ഇലക്ട്രിക് 200 ദശലക്ഷം ഡോളരാണ് അടുത്തിടെ വിദേശത്തു നിന്ന് നേടിയത്. ഇതോടെ കമ്പനിയുടെ മൂല്യം 5 ശതകോടി ഡോളറില്‍ എത്തുകയും ചെയ്തു.
ടാറ്റ മോട്ടോഴ്‌സിന് കീഴിലുള്ള ഇലക്ട്രിക് വാഹന കമ്പനിയിലും അബുദാബിയിലെ എഡിക്യൂവില്‍ നിന്നടക്കമുള്ള നിക്ഷേപം എത്തിയിരുന്നു. ഇലക്ട്രിക് സ്‌കൂട്ടര്‍ റെന്റല്‍ സ്റ്റാര്‍ട്ട് അപ്പായ ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തിനായി 742 കോടിയോളം രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
2026 ഓടെ ഇരുപത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തുന്നതോടെ 4 ലക്ഷം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ വേണ്ടി വരും.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ തന്നെ 2020 ല്‍ കാറുകളുടെ വില്‍പ്പന 16 ശതമാനം വരെ ഇടിഞ്ഞിരുന്നു. അതേസമയം 3 ദശലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞു.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it