

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാകുന്നു. ഗ്രാമീണ മേഖലകളിലെ ഡിമാന്‍ഡിലെ കുറവും തുടര്‍ച്ചയായ വിലവര്‍ധനയും സാധാരണക്കാര്‍ ആശ്രയിക്കുന്ന എന്‍ട്രി ലെവല്‍ ബൈക്കുകളുടെ വില്‍പനയെ പ്രതികൂലമായി ബാധിക്കുന്നതായാണ് വിലയിരുത്തല്‍.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മികച്ച നേട്ടമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍, രണ്ടാം പകുതിയില്‍ വളര്‍ച്ച ഒറ്റയക്കത്തിലേക്ക് താഴുമെന്ന ആശങ്കയിലാണ്. പെട്രോള്‍ വാഹനങ്ങള്‍ സമ്മര്‍ദ്ദം നേരിടുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ജനപ്രീതി ഉയരുന്നത് വിപണിയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ തുടങ്ങിയ പ്രമുഖ കമ്പനികളും വില്‍പനയില്‍ തിരിച്ചടി നേരിടുമെന്ന തിരിച്ചറിവിലാണ്.
2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഹീറോ, ടിവിഎസ് തുടങ്ങിയ കമ്പനികള്‍ ഏകദേശം 18 മുതല്‍ 20 ശതമാനം വരെ വില്‍പന വളര്‍ച്ച കൈവരിച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ വളര്‍ച്ച ഒറ്റയക്ക ശതമാനത്തിലേക്ക് താഴാനിടയുണ്ടെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ജിഎസ്ടി നിരക്കുകള്‍ കുറച്ചതിനെത്തുടര്‍ന്ന് വാഹന വിപണിയില്‍ വലിയ തോതില്‍ ആവശ്യകത ഉയര്‍ന്നിരുന്നു.
ഉത്സവകാല വില്‍പനയിലെ മന്ദതയും വാഹന നിര്‍മാതാക്കളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍സ് (FADA) കണക്കനുസരിച്ച്, ഈ വര്‍ഷത്തെ നവരാത്രി കാലത്ത് മൊത്തം വാഹന റീട്ടെയില്‍ വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം ഏഴ് ശതമാനം കുറഞ്ഞു. ഇരുചക്ര വാഹനങ്ങളുടെ വില്‍പനയില്‍ മൂന്ന് ശതമാനത്തോളമായിരുന്നു ഇടിവ്.
കുറഞ്ഞ വിലയും മികച്ച മൈലേജും ലക്ഷ്യമിട്ട് ബൈക്ക് വാങ്ങുന്നവരാണ് ഇപ്പോഴത്തെ വിലവര്‍ധനയില്‍ കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സ്റ്റീല്‍, അലുമിനിയം, ചെമ്പ്, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ എന്നിവയുടെ വിലയും ചരക്കുനീക്ക ചെലവും തുടര്‍ച്ചയായി ഉയരുകയാണ്. കഴിഞ്ഞ മൂന്ന് പാദങ്ങളായി നിര്‍മാണച്ചെലവിലുണ്ടായ വര്‍ധന വാഹനങ്ങളുടെ വില കൂട്ടാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കി.
പ്രത്യേകിച്ച് 100 സിസി വിഭാഗത്തിലെ ബൈക്കുകളുടെ തുടര്‍ച്ചയായ വിലവര്‍ധന കുറഞ്ഞ വരുമാനക്കാരുടെ വാങ്ങല്‍ ശേഷിയെ ബാധിക്കുന്നതായി ബജാജ് ഓട്ടോ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കൂടുതല്‍ മൈലേജ് ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ 100 സിസി മോഡലുകളിലേക്ക് മാറുന്ന പ്രവണതയും പ്രകടമാണ്.
രാജ്യത്തെ ഇരുചക്ര വാഹന വിപണിയുടെ അടിത്തറ ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ടാണ്. കാര്‍ഷിക വരുമാനത്തിലെ ഏറ്റക്കുറച്ചിലുകളും കാലാവസ്ഥാ വ്യതിയാനങ്ങളും ഈ വിഭാഗത്തിന്റെ വാങ്ങല്‍ തീരുമാനങ്ങളെ നേരിട്ട് സ്വാധീനിക്കുന്നു. എല്‍നീനോ കടുക്കുന്നത് കാര്‍ഷികമേഖലയെ ബാധിക്കും. ഇത് ഗ്രാമങ്ങളിലെ വാങ്ങല്‍ശേഷിയെ പ്രതികൂലമായി സ്വാധീനിക്കും. 2027 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള വിളവെടുപ്പ് കാലത്ത് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകാനുള്ള സാധ്യതയുണ്ട്.
പെട്രോള്‍ ബൈക്കുകളുടെ വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോള്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പന ശക്തമായി ഉയരുകയാണ്. ആവശ്യത്തിന് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ കഴിയാത്തതാണ് ഈ വിഭാഗത്തില്‍ കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ഹീറോയുടെ ഇലക്ട്രിക് വാഹന വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 105 ശതമാനം ഉയര്‍ന്നു. കമ്പനിയുടെ വിഡ (VIDA) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉത്സവകാലത്ത് 16,000ലധികം യൂണിറ്റുകളുടെ റീട്ടെയില്‍ വില്‍പന കൈവരിച്ചു. വിപണി വിഹിതം ഏകദേശം 12 ശതമാനത്തിലെത്തുകയും ചെയ്തു.
ബജാജിന്റെ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ആകെ വില്‍പന 10 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടു. രണ്ടാം പാദത്തില്‍ ചേതക് വില്‍പ്പന ഇരട്ടിയിലധികം വര്‍ധിച്ച് 1.5 ലക്ഷം യൂണിറ്റുകളിലെത്തി. പ്രതിമാസ റീട്ടെയില്‍ വില്‍പന 45,000 യൂണിറ്റിന് മുകളിലാണ്. ടിവിഎസിന്റെ ഐക്യൂബും വില്‍പനയില്‍ ഏറെ മുന്നിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine