നികുതിയുടെ ബംപറില്‍ ഇടിക്കാതെ റോള്‍സ് റോയ്‌സ് ഒഴുകിയിറങ്ങും, ഇന്ത്യയിലേക്ക്! ബ്രിട്ടീഷ് ആഡംബര കാറുകള്‍ക്ക് വില കുറയുന്നത് 90 ലക്ഷം വരെ, വ്യാപാര കരാര്‍ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയോ?

തീരുമാനം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്
ROLLS-ROYCE PHANTOM COUPÉ AVIATOR
Rolls Royce Cars website
Published on

യു.കെയുമായി ഒപ്പിട്ട സ്വതന്ത്ര വ്യാപാര കരാര്‍ ഇന്ത്യയില്‍ പ്രീമിയം വാഹന ശ്രേണിയുടെ ഗതി മാറ്റുമെന്ന് വിദഗ്ധര്‍. യു.കെയില്‍ നിര്‍മിക്കുന്ന കാറുകളും ബൈക്കുകളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന തീരുവ 100 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറച്ചതോടെയാണിത്.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, ആസ്റ്റന്‍ മാര്‍ട്ടിന്‍, മക്‌ലാറന്‍, മിനി തുടങ്ങിയ ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡുകള്‍ ഇനി കൂടുതലായി എത്തുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ട്രയംഫ്, ബി.എസ്.എ, നോര്‍ട്ടണ്‍ തുടങ്ങിയ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡുകളും ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കും. ടി.വി.എസിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ടണ്‍ ബൈക്കുകള്‍ ഇക്കൊല്ലം മുതല്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

വില കുറയുന്നത് എങ്ങനെ

പ്രമുഖ ബ്രിട്ടീഷ് ബ്രാന്‍ഡുകളുടെ കാറുകള്‍ കംപ്ലീറ്റ് ബില്‍റ്റ് യൂണിറ്റ് (സി.ബി.യു) രൂപത്തിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. അതായത് പൂര്‍ണമായും യു.കെയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന നികുതിയാണ് ഇവക്ക് ഈടാക്കുന്നത്. എന്നാല്‍ പുതിയ വ്യാപാരം നയം അനുസരിച്ച് ഇവയുടെ ഇറക്കുമതി തീരുവ 90 ശതമാനം കുറയും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 78.3 മില്യന്‍ ഡോളര്‍ (ഏകദേശം 664 കോടി രൂപ) മൂല്യമുള്ള കാറുകളാണ് ഇന്ത്യ യു.കെയില്‍ നിന്നും ഇറക്കുമതി ചെയ്തത്. വ്യാപാര കരാര്‍ നിലവില്‍ വരുന്നതോടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ.

Landrover Defender Octa
Landrover.in

എത്ര കുറയും?

പ്രീമിയം കാറുകളുടെ വിലയില്‍ 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉദാഹരണത്തിന് ജാഗ്വാര്‍ ലാന്‍ഡ്‌റോവറിന്റെ പ്രീമിയം എസ്.യു.വിക്ക് നിലവില്‍ നല്‍കേണ്ടത് 2.4 കോടി രൂപയാണ്. ഇവയുടെ അടിസ്ഥാന വില 1.5 കോടി രൂപയിലെത്താനാണ് സാധ്യതയെന്ന് അനലിസ്റ്റുകള്‍ പറയുന്നു. അതായത് യഥാര്‍ഥ വിലയേക്കാള്‍ 90 ലക്ഷം രൂപയുടെ കുറവ്. മോഡലുകള്‍ മാറുന്നതിന് അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും പുതിയ സെസ് ഏര്‍പ്പെടുത്തുമോ എന്നാണ് ഇപ്പോള്‍ വാഹന ലോകം ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ വാഹന കമ്പനികള്‍ക്ക് എങ്ങനെ?

അതേസമയം, യു.കെയില്‍ നിന്നും വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് ക്വാട്ട ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ യു.കെ മാതൃകയില്‍ മറ്റ് രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറില്‍ എത്താനുള്ള സാധ്യത ഇന്ത്യന്‍ വാഹന കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്. ഇന്ത്യന്‍ കാറുകള്‍ക്ക് യു.കെയില്‍ 10 ശതമാനം ഇറക്കുമതി തീരുവയാണ് നിലവിലുള്ളത്. അതുകൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് പെട്ടെന്ന് ഉപയോഗമൊന്നും ലഭിക്കില്ല. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് അനലിസ്റ്റുകള്‍ കരുതുന്നത്. യു.കെ വിപണിയിലൂടെ യൂറോപ്പിലേക്ക് പ്രവേശിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ കമ്പനികള്‍.

India-UK trade deal to reduce import duties, making Rolls-Royce, Bentley, Land Rover and other British luxury cars more affordable.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com