സെപ്റ്റംബറില്‍ വാഹന രജിസ്‌ട്രേഷന്‍ 45% ഉയര്‍ന്നു; ഇലക്ട്രിക് വാഹനങ്ങളില്‍ ഇരട്ടിയിലേറെ കുതിപ്പ്

ഇരുചക്ര, പാസഞ്ചര്‍, വാണിജ്യ വാഹന വിഭാഗങ്ങളിലെല്ലാം ശക്തമായ മുന്നേറ്റം. കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ രജിസ്‌ട്രേഷനും ഉത്സവകാല ആവശ്യവും വളര്‍ച്ചയ്ക്ക് തുണയായി
Car sales outlet
Image : Canva
Published on: 

രാജ്യത്തെ വാഹന വില്പനയില്‍ സെപ്റ്റംബറില്‍ വന്‍കുതിപ്പ്. 2025 സെപ്റ്റംബറിനെ അപേക്ഷിച്ച് ഈ മാസം ഇതുവരെയുള്ള വാഹന രജിസ്‌ട്രേഷനില്‍ 45 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച സെപ്റ്റംബറായിരിക്കും 2026ലേത് എന്നാണ് വാഹനലോകത്തിന്റെ പ്രതീക്ഷ.

ഇരുചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയെല്ലാം ഈ മാസം 40 ശതമാനത്തിലേറെ വളര്‍ച്ച രേഖപ്പെടുത്തി. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇരട്ടിയിലേറെയായി.

ശതമാനം ഉയരാന്‍ കാരണം 2025

ഈ മാസത്തെ വില്പന കഴിഞ്ഞ വര്‍ഷം സെപ്റ്റംബറുമായി ചേര്‍ത്തുവായിക്കുമ്പോഴാണ് ഉയര്‍ന്നു നില്‍ക്കുന്നതെന്ന വസ്തുത വിസ്മരിച്ചുകൂടാ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22നാണ് ജിഎസ്ടി പരിഷ്‌കരണം നിലവില്‍ വന്നത്. 2025 സെപ്റ്റംബര്‍ ഒന്നുമുതല്‍ 21 വരെ വാഹന വില്‍പന തീര്‍ത്തും കുറഞ്ഞിരുന്നു.

ആളുകള്‍ ജിഎസ്ടി നിരക്കിളവിന്റെ നേട്ടം കൊയ്യാനായി വാങ്ങല്‍ നീട്ടിവച്ചിരുന്നു. ഇതാണ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ വില്‍പന ഇടിയാന്‍ കാരണം. ഇത്തവണ ഉത്സവകാലത്തിന്റെ തുടക്കം തന്നെ മികച്ച വില്‍പനയാണ് നടക്കുന്നത്. ജിഎസ്ടി പരിഷ്‌കരണം മൂലം വില കുറഞ്ഞതും ഉണര്‍വിന് കാരണമായി.

ഇരുചക്ര വാഹനങ്ങളില്‍ ടിവിഎസും ഹീറോയും

ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ ഇതുവരെ 48% ഉയര്‍ന്നു. വിപണിയുടെ ശരാശരി വളര്‍ച്ചയെക്കാള്‍ മികച്ച പ്രകടനമാണ് ടിവിഎസ് മോട്ടോറും ഹീറോ മോട്ടോകോര്‍പ്പും കാഴ്ചവയ്ക്കുന്നത്. അതേസമയം, ബജാജ് ഓട്ടോയും റോയല്‍ എന്‍ഫീല്‍ഡും വിപണിയുടെ മൊത്തത്തിലുള്ള വളര്‍ച്ചയെക്കാള്‍ പിന്നിലായി.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഈ മാസം 126 ശതമാനം വര്‍ധനയാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 26.6 ശതമാനത്തിലേറെ വിഹിതവുമായി ടിവിഎസ് മുന്നേറ്റം തുടരുന്നു. ബജാജ് ചേതക്കിന്റെ വിപണി വിഹിതം മുന്‍മാസത്തെ അപേക്ഷിച്ച് ഏകദേശം 1.4 ശതമാനം പോയിന്റും ഹീറോ വിഡയുടേത് 1.5 ശതമാനം പോയിന്റും ഉയര്‍ന്നു. ഏഥറിന്റെ വിഹിതം 0.8 ശതമാനം പോയിന്റ് കുറഞ്ഞു. ഒല ഇലക്ട്രിക്കിന്റെ വിഹിതം 1.5 ശതമാനം പോയിന്റ് ഇടിഞ്ഞ് ഏകദേശം ആറ് ശതമാനത്തിലെത്തി.

പാസഞ്ചര്‍, വാണിജ്യ വാഹനങ്ങള്‍ക്കും മുന്നേറ്റം

പാസഞ്ചര്‍ വാഹന രജിസ്‌ട്രേഷന്‍ 41 ശതമാനം വര്‍ധിച്ചു. ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവ ഈ വിഭാഗത്തിലെ ശരാശരിയേക്കാള്‍ മികച്ച പ്രകടനം നടത്തി. ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വിഭാഗത്തിന്റെ വളര്‍ച്ച വിപണിയുടെ ശരാശരിയേക്കാള്‍ താഴെയായിരുന്നു.

വാണിജ്യ വാഹന രജിസ്‌ട്രേഷന്‍ 44 ശതമാനം ഉയര്‍ന്നു. ഇടത്തരം, ഹെവി വാണിജ്യ വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ മുന്നില്‍. വളര്‍ച്ച 51 ശതമാനം. ടാറ്റ മോട്ടോഴ്‌സിന്റെ വാണിജ്യ വാഹന വിഭാഗം അശോക് ലെയ്ലാന്‍ഡിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മുച്ചക്ര വാഹന രജിസ്‌ട്രേഷനും 26 ശതമാനം വര്‍ധിച്ചു.

India’s vehicle registrations rose 45% year-on-year in September 2026 so far, with electric two-wheeler registrations jumping 126%

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com