ചരിത്രത്തില്‍ ആദ്യം! ഒരു മാസത്തെ ഇവി വില്പനയില്‍ 10,000 കടന്ന് ടാറ്റ, മത്സരം കടുപ്പിച്ച് മഹീന്ദ്രയും മാരുതിയും; വിപണി നല്കുന്ന സൂചനകളിത്

ഇവി വിപണിയുടെ 39 ശതമാനം ടാറ്റയുടെ കൈവശമാണ്. മഹീന്ദ്ര 23 ശതമാനം, എംജി 19 ശതമാനം എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്രകടനം
ചരിത്രത്തില്‍ ആദ്യം! ഒരു മാസത്തെ ഇവി വില്പനയില്‍ 10,000 കടന്ന് ടാറ്റ, മത്സരം കടുപ്പിച്ച് മഹീന്ദ്രയും മാരുതിയും; വിപണി നല്കുന്ന സൂചനകളിത്
Published on

രാജ്യത്ത് ഇവി വില്പനയില്‍ പുതിയ റെക്കോഡിട്ട് ടാറ്റ മോട്ടോഴ്‌സ്. മേയ് മാസം ചരിത്രത്തിലെ ഏറ്റവും മികച്ച വില്പനയാണ് ടാറ്റയുടെ ഇവി വിഭാഗത്തിന് നേടാനായത്. 10,517 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തെ അപേക്ഷിച്ച് 85 ശതമാനം വര്‍ധന.

2025 മേയില്‍ ആകെ വിറ്റഴിച്ചത് 5,685 യൂണിറ്റുകളായിരുന്നു. ഇതാണ് ഇരട്ടിയായത്. കയറ്റുമതിയിലും നേട്ടം കൊയ്യാന്‍ ടാറ്റയ്ക്ക് സാധിച്ചു. കഴിഞ്ഞ മാസം 700 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം സമാനമാസത്തില്‍ 483 യൂണിറ്റുകളായിരുന്നു. 44.93 ശതമാനം വര്‍ധന. ടാറ്റ ഇവിയുടെ വില്പനയില്‍ കയറ്റുമതിയുടെ വിഹിതം കുറവാണെങ്കിലും വളര്‍ച്ച നേടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മത്സരം കടുക്കുന്നു

ടിയാഗോ, പഞ്ച്, നെക്‌സണ്‍, ഹാരിയര്‍ തുടങ്ങി ജനപ്രിയ മോഡലുകളെല്ലാം വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. ഈ വര്‍ഷം കൂടുതല്‍ ഇവി മോഡലുകള്‍ ഇറക്കാനും കമ്പനി ലക്ഷ്യമിടുന്നു.

രണ്ടാംസ്ഥാനത്ത് മഹീന്ദ്രയാണ്. മേയില്‍ 6,133 യൂണിറ്റുകള്‍ മഹീന്ദ്ര വിറ്റഴിച്ചു. എംജി മോട്ടോഴ്‌സ് 4,936 യൂണിറ്റുകളും മാരുതി സുസൂക്കി 1,577 യൂണിറ്റുകളും വിന്‍ഫാസ്റ്റ് 1,224 യൂണിറ്റുകളും ഇന്ത്യന്‍ നിരത്തുകളിലിറക്കി.

ഇവി വിപണിയുടെ 39 ശതമാനം ടാറ്റയുടെ കൈവശമാണ്. മഹീന്ദ്ര 23 ശതമാനം, എംജി 19 ശതമാനം എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്രകടനം. ഇവി മാര്‍ക്കറ്റില്‍ പുതുമുഖങ്ങളായ മാരുതി സുസൂക്കിക്ക് നിലവില്‍ 6 ശതമാനം മാത്രമാണ് വിപണി വിഹിതമുള്ളത്. ഇത് വരുംദിവസങ്ങളില്‍ ഉയരും.

മേയ് മാസത്തെ ആകെ 26,319 ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 79 ശതമാനമാണ് രജിസ്‌ട്രേഷനിലെ വളര്‍ച്ച.

2027 സാമ്പത്തികവര്‍ഷത്തെ ആദ്യ രണ്ടു മാസത്തില്‍ ആകെ ഇവി രജിസ്‌ട്രേഷന്‍ 52,274 യൂണിറ്റുകളായി. 77 ശതമാനം വളര്‍ച്ച. അതേസമയം, ഹ്യുണ്ടായ് 19 ശതമാനവും ടെസ്ലയും കിയയും യഥാക്രമം 15%, 14% വീതവും രജിസ്‌ട്രേഷനില്‍ ഇടിവുണ്ടായി.

ഇവി വില്പന ഉയരാനുള്ള കാരണങ്ങള്‍

  • ഇന്ധനവില ഉയര്‍ന്നത്

  • ചാര്‍ജിങ് സൗകര്യങ്ങളുടെ വ്യാപനം

  • ബാറ്ററി സാങ്കേതികവിദ്യയിലെ പുരോഗതി

  • പരിപാലന ചെലവ് കുറവ്

  • പരിസ്ഥിതി ബോധം

  • കോര്‍പ്പറേറ്റ്, ഫ്ളീറ്റ് ഡിമാന്‍ഡ്

  • ദീര്‍ഘകാല ലാഭം

  • ഉപഭോക്തൃ വിശ്വാസം വര്‍ധിച്ചത്

Tata Motors crossed 10,000 monthly EV sales for the first time as India's electric vehicle market recorded strong growth amid rising competition from Mahindra, MG, and Maruti Suzuki

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com