2023ല്‍ ഇന്ത്യയുടെ വൈദ്യുത വാഹന വില്‍പ്പന 10 ലക്ഷം കവിഞ്ഞു

2023 ല്‍ ഇന്ത്യയുടെ വൈദ്യുത വാഹന വില്‍പ്പന ഇതുവരെ 10 ലക്ഷം കവിഞ്ഞതായി വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ വ്യക്തമാക്കി. സെപ്തംബര്‍ 20 വരെ 10,41,598 ഇ.വികള്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്തു. ഇത് ഈ വര്‍ഷം രാജ്യത്തെ മൊത്തം വാഹന വില്‍പ്പനയുടെ 6.4 ശതമാനമാണ്. 2022ല്‍ മൊത്തം 10,24,784 ഇ.വികളാണ് രജിസ്റ്റര്‍ ചെയ്തത്. ഈ നിരക്കിനെ നിലവില്‍ മറികടന്നിരിക്കുകയാണ്.

2023ല്‍ വിറ്റഴിച്ച വൈദ്യുത വാഹനങ്ങളില്‍ 57 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. തൊട്ടുപിന്നാലെ മുച്ചക്ര വൈദ്യുത വാഹനങ്ങളും പാസഞ്ചര്‍ കാറുകളുമാണുള്ളത്. കേരളത്തില്‍ സെപ്തംബര്‍ 20 വരെ 54,518 ഇ.വി രജിസ്‌ട്രേഷനുകളാണ് നടന്നത്. 2022ല്‍ മുഴുവന്‍ വര്‍ഷമെടുത്താല്‍ ഇത് 39,620 ആയിരുന്നു. ഇതില്‍ സംസ്ഥാനത്ത് 33,440 ഇരുചക്രവാഹനങ്ങളും 3,796 പാസഞ്ചര്‍ കാറുകളും പിന്നാലെ മുച്ചക്ര വൈദ്യുത വാഹനങ്ങളും വില്‍പന നടത്തി.

തിളങ്ങിയത് മേയില്‍

2023ല്‍ പ്രതിമാസ ഇ.വി വില്‍പ്പന 1,00,000 യൂണിറ്റുകള്‍ കവിഞ്ഞു. 1,58,374 വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പനയോടെ മേയിലാണ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയത്. പിന്നീട് ജൂണില്‍ FAME-II (Faster Adoption and Manufacturing of (Hybrid &) Electric Vehicles) സബ്സിഡി വെട്ടിക്കുറച്ചതിന്റെ ആഘാതം മൂലം വില്‍പ്പനയില്‍ 35% ഇടിവുണ്ടാകുകയും വില്‍പ്പന 1,02,447 യൂണിറ്റായി കുറയുകയും ചെയ്തു. പിന്നീട് ജൂലൈയില്‍ വ്യവസായം വീണ്ടെടുക്കാന്‍ തുടങ്ങി. ഓഗസ്റ്റില്‍ 1,26,741 യൂണിറ്റുകള്‍ വിറ്റഴിച്ചതോടെ വില്‍പ്പന വീണ്ടും ഉയര്‍ന്നു.

വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായത്

വ്യക്തിഗത വാങ്ങലുകള്‍ വര്‍ധിച്ചത്, കൂടുതല്‍ ഇ.വി കമ്പനികള്‍ വിപണിയിലെത്തിയത്, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വിപുലീകരണം തുടങ്ങി നിരവധി കാരണങ്ങളാണ് വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കുന്നതനായി സഹായിച്ചു. മാത്രമല്ല ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളുടെ സമീപകാലത്തുള്ള വരവ്, നികുതി ആനുകൂല്യങ്ങള്‍, മെച്ചപ്പെട്ട ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ തുങ്ങിയവയും ഈ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടായതായി വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it