Begin typing your search above and press return to search.
സണ്‍ ഫിലിം പതിപ്പിക്കുന്ന കടകള്‍ക്കു മുന്നില്‍ വാഹന തിരക്ക്, മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടി
വാഹനങ്ങളില്‍ സണ്‍ ഫിലിമുകൾ ഉപയോഗിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതോടെ വാഹന ഉടമകള്‍ കൂളിംഗ് ഫിലിമുകള്‍ പതിപ്പിക്കാനായി വലിയ ഉത്സാഹമാണ് കാണിക്കുന്നത്. കാർ ആക്‌സസറീസ് ഷോപ്പുകളിൽ അഭൂതപൂർവമായ തിരക്കാണ് സൺ ഫിലിമുകൾക്കായി അനുഭവപ്പെടുന്നത്.
ചൂടുളള കാലാവസ്ഥയില്‍ അനുയോജ്യം
സൺ ഫിലിമുകൾ ഉപയോഗിച്ചതിന് വാഹനങ്ങൾക്ക് അനാവശ്യമായി പിഴ ചുമത്തരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന് (എം.വി.ഡി) കോടതി നിർദ്ദേശം നൽകിയത്.
രാവിലെ മുതൽ രാത്രി വരെ കാറുകളിൽ കൂളിംഗ് ഫിലിമുകള്‍ പതിപ്പിക്കുന്നതിന് വലിയ തിരക്കാണ് ഉളളതെന്ന് കൊച്ചിയിലെ കാർ ആക്‌സസറീസ് ഉടമകള്‍ പറയുന്നു. ഒരു ദിവസം ഒരു തൊഴിലാളിക്ക് അഞ്ച് മുതൽ ആറ് വരെ കാറുകളിലാണ് സണ്‍ ഫിലിമുകള്‍ പതിപ്പിക്കാന്‍ സാധിക്കുക. സണ്‍ ഫിലിമുകൾ വാഹനങ്ങളില്‍ പതിപ്പിക്കുന്നതിന് പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമുള്ളതിനാൽ ഈ ജോലി എടുക്കുന്നവര്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചിരിക്കുകയാണ്.
കനത്ത ചൂടുളള കാലാവസ്ഥയില്‍ സൺ കൺട്രോൾ ഫിലിമുകൾ ആഡംബരത്തിന് പകരം അവശ്യവസ്തുവായി മാറിയിരിക്കുകയാണ്. മാത്രവുമല്ല, രാത്രിയിൽ എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ഹൈ-ബീം ലൈറ്റുകളിൽ നിന്ന് രക്ഷ നേടാന്‍ ഇത് ഡ്രൈവർമാരെ സഹായിക്കുകയും ചെയ്യുന്നു.
കാറുകളിൽ സൺ കൺട്രോൾ ഫിലിം സ്ഥാപിക്കാന്‍ ഒരുങ്ങിയതിന് കടയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ എം.വി.ഡി ശ്രമിച്ചതിനെ തുടര്‍ന്നാണ് കടയുടമ കോടതിയെ സമീപിച്ചത്. എം.വി.ഡിയുടെ നടപടിയെ ചോദ്യം ചെയ്ത് ഒരു സൺ കൺട്രോൾ ഫിലിം നിർമ്മാണ കമ്പനിയും ഒരു വാഹനയുടമയും കേസില്‍ കക്ഷി ചേരുകയും ചെയ്തു.
മാനദണ്ഡങ്ങള്‍ പാലിക്കണം
സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂളുകളിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സണ്‍ ഫിലിം വാഹനങ്ങളില്‍ സ്ഥാപിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. വാഹനങ്ങളുടെ മുന്നിലും പിന്നിലും ഉള്ള ഗ്ലാസുകളിൽ 70 ശതമാനം ദൃശ്യപരത ഫിലിമുകള്‍ക്ക് ഉണ്ടാകണമെന്നും വശങ്ങളിലെ ഗ്ലാസുകളില്‍ 50 ശതമാനം ദൃശ്യപരത മാത്രമേ ആവശ്യമുള്ളൂവെന്നും കോടതി അറിയിച്ചിരുന്നു.
സണ്‍ ഫിലിമുകള്‍ വ്യത്യസ്ത ഗുണ നിലവാരത്തിലുളളവ വിപണിയില്‍ ധാരാളമായി ലഭ്യമാണ്. അതുകൊണ്ട് ശരിയായ ഗുണനിലവാരമുളള ഫിലിമുകള്‍ വാഹനങ്ങളില്‍ പതിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ഈ മേഖലയിൽ ജോലി ചെയ്യുന്നവര്‍ പറയുന്നു.
Next Story