വാഹന ഇന്‍ഷുറന്‍സ് കമ്മിഷന് കടിഞ്ഞാണിടാന്‍ ഐ.ആര്‍.ഡി.എ.ഐ; കാറുകള്‍ക്കും ബൈക്കുകള്‍ക്കും പ്രീമിയം കുറഞ്ഞേക്കും

ഷോറൂമുകളില്‍ നിന്ന് പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോഴുള്ള ഭീമമായ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കാന്‍ നീക്കം; ഭീമമായ കമ്മിഷന്‍ തുക തടയാന്‍ ഭീമാ സുഗം പ്ലാറ്റ്ഫോമും ക്യൂ.ആര്‍ കോഡ് സംവിധാനവും വരുന്നു
Vehicle  insurance
Vehicle insurance Image courtesy: Canva
Published on: 

പുതിയ കാറുകളും ഇരുചക്രവാഹനങ്ങളും വാങ്ങുമ്പോള്‍ ഡീലര്‍മാര്‍ വഴി ഇന്‍ഷുറന്‍സ് എടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത. വാഹന വിതരണക്കാരും ഏജന്റുമാരും ഈടാക്കുന്ന ഉയര്‍ന്ന കമ്മിഷന്‍ തുകയ്ക്ക് കടിഞ്ഞാണിടാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) തയാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിര്‍ദേശങ്ങള്‍ റെഗുലേറ്റര്‍ പുറത്തിറക്കി.

പുതിയ കാര്‍ വാങ്ങുമ്പോള്‍ ഡീലര്‍ വഴിയോ അല്ലെങ്കില്‍ ഓട്ടോമോട്ടീവ് ഡീലറുമായി ബന്ധപ്പെട്ട ഇടനിലക്കാര്‍ വഴിയോ നിര്‍ബന്ധിത മോട്ടോര്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത് പതിവാണ്. ഇന്‍ഷുറന്‍സ് ഇവര്‍ വഴി തന്നെ വാങ്ങണമെന്ന് നിര്‍ബന്ധമില്ലെങ്കിലും, എളുപ്പത്തിനും വേറെ ഇന്‍ഷുറന്‍സ് പോളിസി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി പലരും ഇത് തന്നെയാണ് തിരഞ്ഞെടുക്കുന്നത്.

ഇത് മുതലെടുത്ത് ഏജന്റുമാരും ഡീലര്‍മാരും വന്‍ തുക കമ്മിഷനായി ഈടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐ.ആര്‍.ഡി.എ.ഐയുടെ ഇടപെടല്‍.

259% കമ്മിഷന്‍ കുതിപ്പ്; കണക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2024-25) മാത്രം മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയമായി ലഭിച്ച 29,000 കോടി രൂപയില്‍ 7,050 കോടി രൂപയും കമ്മിഷനായിട്ടാണ് പോയത്. അതായത് ശരാശരി 24 ശതമാനത്തോളം തുക ഇന്‍ഷുറന്‍സ് വിതരണക്കാരുടെ കൈകളിലെത്തി.

2022-23 നും 2024-25 നും ഇടയില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായപ്പോള്‍ കമ്മിഷന്‍ തുകയില്‍ 259 ശതമാനത്തിന്റെ വമ്പന്‍ വര്‍ധനയാണുണ്ടായത്. ബ്രോക്കര്‍മാര്‍ വഴി നടത്തുന്ന മോട്ടോര്‍ ഇന്‍ഷുറന്‍സ് ബിസിനസിലെ ശരാശരി കമ്മിഷന്‍ നിരക്ക് 9 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ന്നു. നിര്‍ബന്ധിത തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ കമ്മിഷന്‍ നിരക്ക് 4.3 ശതമാനത്തില്‍ നിന്ന് 22 ശതമാനത്തിലേക്ക് കുതിച്ചു.

ഓട്ടോമൊബൈല്‍ ഡീലര്‍മാരും മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍വീസ് പ്രൊവൈഡര്‍മാരും (MISP) ചേര്‍ന്ന് ആകെ ഇന്‍ഷുറന്‍സ് വിപണിയുടെ 30 ശതമാനത്തോളമാണ് കൈയാളുന്നത്. പുതിയ വാഹനങ്ങള്‍ക്ക് ഡീലര്‍ ബ്രോക്കര്‍മാര്‍ക്ക് ശരാശരി 27 ശതമാനവും എം.ഐ.എസ്.പികള്‍ക്ക് 38 ശതമാനവും കമ്മിഷന്‍ ലഭിക്കുന്നുണ്ട്. പഴയ വാഹനങ്ങള്‍ സര്‍വീസിന് എത്തിക്കുമ്പോള്‍ എടുക്കുന്ന പോളിസികളില്‍ 12 ശതമാനം കമ്മിഷനും ഇവര്‍ നേടുന്നു.

'ഭീമാ സുഗം' വഴി മാറ്റം വരുന്നു

സുതാര്യത ഉറപ്പാക്കാനും ചെലവ് കുറയ്ക്കാനുമായി 'ഭീമാ സുഗം' (Bima Sugam) പോലുള്ള മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (MII) പ്ലാറ്റ്ഫോമുകളിലേക്ക് ഇന്‍ഷുറന്‍സ് വില്‍പന മാറ്റാനാണ് ഐ.ആര്‍.ഡി.എ.ഐ ലക്ഷ്യമിടുന്നത്. അടുത്ത 4 മുതല്‍ 6 മാസത്തിനുള്ളില്‍ ഈ പ്ലാറ്റ്ഫോം പ്രവര്‍ത്തനക്ഷമമാകും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകളുടെ ഫീസ് പ്രീമിയത്തിന്റെ 5 ശതമാനമായി പരിമിതപ്പെടുത്താനും നിര്‍ദേശമുണ്ട്.

ഇനിമുതല്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഭീമാ സുഗം പ്ലാറ്റ്ഫോം വഴി ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഷോറൂമുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ഇതിനായി ക്യൂ.ആര്‍ കോഡ് (QR Code) സൗകര്യവും ഡീലര്‍മാര്‍ ഒരുക്കേണ്ടിവരും.

കമ്മിഷന്‍ പരിധികള്‍ പുനഃക്രമീകരിക്കുന്നു

പുതിയ വാഹനങ്ങളുടെ നിര്‍ബന്ധിത തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് വിതരണ സ്ഥാപനങ്ങള്‍ക്ക് (Distribution entities) സീറോ (0%) കമ്മിഷനും ഏജന്റുമാര്‍ക്ക് പരമാവധി 2.5 ശതമാനം കമ്മിഷനുമായി വെട്ടിക്കുറയ്ക്കും. ഓണ്‍ ഡാമേജ് (Own Damage) പോളിസികള്‍ക്കുള്ള കമ്മിഷന്‍ വാഹനത്തിന്റെ പഴക്കവും വിതരണ ചാനലും അനുസരിച്ച് 5 ശതമാനം മുതല്‍ 15 ശതമാനം വരെയായി പരിമിതപ്പെടുത്തും.

കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വാഹന സാന്ദ്രതയും പുതിയ വാഹന വില്പനയും ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍, ഐ.ആര്‍.ഡി.എ.ഐയുടെ ഈ പുതിയ പരിഷ്‌കാരം സാധാരണക്കാരായ വാഹന ഉടമകളുടെ പോക്കറ്റ് ചോര്‍ച്ച തടയാന്‍ ഏറെ സഹായിക്കും. നിലവില്‍ ഈ നിര്‍ദേശങ്ങളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിരിക്കുകയാണ് റെഗുലേറ്റര്‍. അന്തിമ ഘടന പുറത്തുവരുന്നതോടെ വാഹന ഇന്‍ഷുറന്‍സ് രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്നാണ് കരുതുന്നത്.

Insurance regulator IRDAI proposes strict caps on dealer commissions and pushes digital platforms like Bima Sugam to lower motor insurance costs for buyers.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com