വില്‍പ്പന 37 ശതമാനം ഇടിഞ്ഞു, ജാഗ്വാര്‍ ലാന്‍ഡ് റോവറിന് സംഭവിച്ചതെന്ത്?

ജൂണ്‍ പാദത്തിലെ വില്‍പ്പനയില്‍ വന്‍ ഇടിവുമായി ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. വില്‍പ്പനയില്‍ 37 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 78,825 യൂണിറ്റുകളാണ് കഴിഞ്ഞപാദത്തില്‍ വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ജാഗ്വാര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന 48 ശതമാനം ഇടിഞ്ഞ് 15,207 യൂണിറ്റിലെത്തി. ലാന്‍ഡ് റോവറിന്റെ വില്‍പ്പന 33 ശതമാനം കുറഞ്ഞ് 63,618 യൂണിറ്റിലെത്തി.

ആഗോളതലത്തിലുണ്ടായ ചിപ്പ് ക്ഷാമമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയ്ക്ക് തിരിച്ചടിയായത്. 'റെക്കോര്‍ഡ് ഓര്‍ഡര്‍ ബുക്ക് ഉണ്ടായിരുന്നിട്ടും, ആഗോള ചിപ്പ് ക്ഷാമം കാരണം വില്‍പ്പന പരിമിതപ്പെടുത്തുന്നത് തുടരുകയാണ്. ചൈനയിലെ കോവിഡ് ലോക്ക്ഡൗണുകളും കാരണമായതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നിരുന്നാലും, പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ശക്തമായി തുടരുകയാണെന്നും കമ്പനി പറഞ്ഞു.

2022 ജൂണ്‍ വരെ, മൊത്തം ഓര്‍ഡര്‍ ബുക്ക് ഏകദേശം രണ്ട് ലക്ഷത്തോളമായി. 2022 മാര്‍ച്ചില്‍ നിന്ന് ഏകദേശം 32,000 ഓര്‍ഡറുകളാണ് വര്‍ധിച്ചത്. പുതിയ റേഞ്ച് റോവറിന് 62,000ലധികം ഓര്‍ഡറുകളാണ് ലഭിച്ചത്. പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട്ടിനും ഡിഫന്‍ഡറിനും യഥാക്രമം 20000, 46000 ഓര്‍ഡറുകള്‍ ലഭിച്ചതായും കമ്പനി വ്യക്തമാത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it