ഇന്ത്യയിലെ വില്‍പ്പന കൂട്ടാന്‍ പുതിയ പദ്ധതികളുമായി ജീപ്പ്, രണ്ട് എസ് യു വികള്‍ അവതരിപ്പിക്കും

ഇന്ത്യന്‍ വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാന്‍ പുതിയ തന്ത്രവുമായി അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ്. ഈ വര്‍ഷം രണ്ട് പുതിയ സ്പോര്‍ട്-യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ് യു വി) ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന മിഡ്-സൈസ്, മൂന്ന്-വരി എസ്യുവിയായ മെറിഡിയനും രാജ്യത്ത് സംയോജിപ്പിക്കുന്ന ഗ്രാന്‍ഡ് ചെറോക്കിയുമാണ് ഈ വര്‍ഷത്തില്‍ ജീപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

'ഞങ്ങള്‍ ഇന്ത്യയില്‍ വളരേണ്ടതുണ്ട്, എല്ലാ ശ്രദ്ധയും ഇന്ത്യയില്‍ നല്‍കും'' ജീപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ്റ്റ്യന്‍ മ്യൂനിയര്‍ മുംബൈയില്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനായി വാഹനങ്ങളുടെ വില കുറയ്ക്കില്ലെന്നും മ്യൂനിയര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഒരു ശതമാനത്തില്‍ താഴെ വിഹിതമുള്ള ജീപ്പ്, കഴിഞ്ഞ വര്‍ഷം 250 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് നാല് എസ് യു വികള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹ്യുണ്ടായ്, കിയ എന്നിവയാണ് ജീപ്പിന് പ്രധാന എതിരാളികളായി ഇന്ത്യന്‍ വിപണിയിലുള്ളത്.
ബ്രസീലിന് സമാനമായി ഇന്ത്യയിലെ വിപണിയും ശക്തമാക്കാനാണ് വാഹന നിര്‍മാതാക്കള്‍ ആഗ്രഹിക്കുന്നത്. മൂന്ന് മോഡലുകളിലായി പ്രതിമാസം 15,000 എസ് യു വികളാണ് ബ്രസീലില്‍ ജീപ്പ് വിറ്റഴിക്കുന്നത്. കോമ്പസ്, റാംഗ്ലര്‍ എന്നീ മോഡലുകള്‍ പുറത്തിറക്കിയ ഇന്ത്യയില്‍ പ്രതിമാസം 1,000 എസ് യു വികളുടെ വില്‍പ്പന മാത്രമാണുള്ളത്. കൂടാതെ, എല്ലാ വാഹന നിര്‍മാതാക്കളും ഇലക്ട്രിക്കിലേക്കുള്ള മാറ്റങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജീപ്പും 2025 ഓടെ അതിന്റെ പോര്‍ട്ട്ഫോളിയോ ഇലക്ട്രിക്കാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. ഇന്ത്യ തയ്യാറാകുമ്പോള്‍ മാത്രമേ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരൂ എന്നാണ് മ്യൂനിയര്‍ പറയുന്നത്.Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it