ഇനി ജിപ്‌സിക്ക് മടങ്ങാം! ഇന്ത്യന്‍ ആര്‍മിയിലെ ബോര്‍ഡര്‍ പെട്രോളിംഗ് ഡ്യൂട്ടിക്ക് ജിംനി റെഡി

മുപ്പത് വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായിരുന്ന മാരുതി സുസുക്കി ജിപ്‌സിക്ക് ഇനി വിശ്രമം
maruti suzuki Gymny
maruti suzuki
Published on

മുപ്പത് വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായിരുന്ന മാരുതി സുസുക്കി ജിപ്‌സിക്ക് ഇനി വിശ്രമം. ഇളമുറക്കാരനായ സുസുക്കി ജിംനി 5 ഡോര്‍ പതിപ്പ് അതിര്‍ത്തി ഡ്യൂട്ടിക്ക് സജ്ജമായതോടെയാണിത്. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് (ഐ.ടി.ബി.പി) 60 ജിംനികള്‍ അടങ്ങിയ ആദ്യ ബാച്ച് കഴിഞ്ഞ ദിവസം കൈമാറി. ഇവ നിലവിലുള്ള ജിപ്‌സിക്ക് പകരമായാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഇവയെ ലേ-ലഡാക്ക്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ബോര്‍ഡര്‍ പെട്രോളിംഗിനാണ് ഉപയോഗിക്കുക. ഇതാദ്യമായാണ് ജിംനി കേന്ദ്രസേനയുടെ ഭാഗമാകുന്നത്.

തണുപ്പുകാലത്ത് -45 ഡിഗ്രി വരെ തണുപ്പ് അനുഭവപ്പെടുന്ന ഹിമാലയന്‍ മലനിരകളില്‍ ഉള്‍പ്പെടെയാണ് ഐ.ടി.ബി.പിയുടെ സേവനം. അതിനാല്‍ തന്നെ ഏത് ദുര്‍ഘട പാതയും കടന്നുചെന്ന് പരിശോധന നടത്താനുള്ള വാഹനങ്ങളും സേനക്ക് ആവശ്യമാണ്. ഈ ആവശ്യങ്ങളെല്ലാം സാധ്യമാകുന്ന വാഹനമാണ് ജിംനിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്‌സിക്യൂട്ടീവ് പാര്‍ത്ഥോ ബാനര്‍ജി പറഞ്ഞു.

ഒരു ലുക്കില്ലെന്നേയുള്ളൂ

സാധാരണ എസ്.യു.വികളുടെ വലിപ്പവും എഞ്ചിന്‍ ശേഷിയും ഇല്ലെങ്കിലും ഓഫ്‌റോഡ് പ്രകടനത്തില്‍ മികവ് തെളിയിച്ച വാഹനമാണ് സുസുക്കി ജിംനി. 12.74 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 14.79 ലക്ഷം രൂപ വരെയാണ് വിലയുണ്ട്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ കെ15ബി പെട്രോള്‍ എഞ്ചിന്‍ 103 ബി.എച്ച്.പി കരുത്തും 134 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഒപ്ഷനുകളില്‍ വാഹനം ലഭിക്കും. മാനുവലില്‍ ലിറ്ററിന് 16.94 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ ലിറ്ററിന് 16.39 കിലോമീറ്ററും മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ജിപ്‌സി യുഗം കഴിഞ്ഞു?

അന്താരാഷ്ട്ര വിപണിയിലെ രണ്ടാം തലമുറ ജിംനിയുടെ ഇന്ത്യന്‍ പതിപ്പാണ് ജിപ്‌സി. 90 കള്‍ മുതല്‍ വിവിധ സേനകളുടെ ഭാഗം. ഏതാണ്ട് 35,000ല്‍ അധികം ജിപ്‌സികള്‍ സൈന്യത്തിനുണ്ടെന്നാണ് ഏകദേശ കണക്ക്. 1.3 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഏത് ഓഫ്‌റോഡ് പാതയും എളുപ്പത്തില്‍ താണ്ടാനുള്ള കരുത്ത് നല്‍കുന്നു. 2018ല്‍ ഉത്പാദനം നിറുത്തി. അതിന് ശേഷവും കുറച്ച് കാലം കൂടി ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ജിപ്‌സികള്‍ നിര്‍മിച്ച് നല്‍കിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com