ഐ - പേസ് അവതരിപ്പിക്കും മുമ്പേ ജെഎല്‍ആര്‍ ഇലക്ട്രിക് വെഹിക്കിള്‍ വിപ്ലവത്തിനൊരുങ്ങി

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗിനായി 22 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ രാജ്യത്ത് സജ്ജീകരിച്ചതായി കമ്പനി വ്യക്തമാക്കി

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ (ജെഎല്‍ആര്‍) ഇലക്ട്രിക് എസ്‌യുവിയായ ഐ - പേസ് അവതരിപ്പിക്കാനിരിക്കെ രാജ്യത്ത് ഇലക്ട്രിക് ചാര്‍ജിംഗ് സജ്ജീകരണങ്ങളുമായി ജെഎല്‍ആര്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗിനായി 22 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ രാജ്യത്ത് ഒരുക്കിയതായി കമ്പനി വ്യക്തമാക്കി. 19 നഗരങ്ങളിലായി 22 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലാണ് പുതുതായി ചാര്‍ജിംഗ് സൗകര്യവും വില്‍പ്പനയും ശേഷമുള്ള സേവനങ്ങളും ലഭ്യമാക്കിയിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

രാജ്യത്തൊട്ടാകെയുള്ള മെട്രോ നഗരങ്ങളിലും പ്രധാന നഗര കേന്ദ്രങ്ങളിലുമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാവുക.
'ഇലക്ട്രിക് വാഹനങ്ങള്‍ ഒരു പുതിയ മൊബിലിറ്റി സൊല്യൂഷന്‍ മാത്രമല്ല, സ്വന്തമാക്കുന്നത് ഒരു പുതിയ ഉടമസ്ഥാവകാശ അനുഭവവും കൂടിയാണ്. ഒരു ഇലക്ട്രിക് വാഹനം വാങ്ങുന്നത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്ലൊരു അനുഭവമാണെന്ന് ഉറപ്പാക്കാന്‍ ഞങ്ങളുടെ ചില്ലറ വ്യാപാരികളുമായി നിരന്തരം പ്രവര്‍ത്തിച്ചിട്ടുണ്ട്' ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയരക്ടറുമായ രോഹിത് സൂരി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 35 ഓളം ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജറുകളാണ് രാജ്യത്തുടനീളമുള്ള റീട്ടെയിലര്‍ ഔട്ട്‌ലെറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ ടാറ്റാ പവറിന്റെ 200 ലധികം ചാര്‍ജിംഗ് സ്റ്റേഷനുകളിലൂടെ ഐ പേസ് ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും കഴിയും. മാളുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഹൈവേകള്‍ തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ഈ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥിതിചെയ്യുന്നത്.
ഈ സൗകര്യങ്ങള്‍ക്ക് പുറമെ വീട്ടില്‍നിന്ന് ചാര്‍ജിംഗ് ചെയ്യാനാവുന്ന സൗകര്യങ്ങളും നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടു.


Related Articles
Next Story
Videos
Share it