₹15-20 ലക്ഷം വിലയ്ക്ക് വൈദ്യുത കാര്‍ വിപണിയിലിറക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്‌

പ്രമുഖ വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍ നയിക്കുന്ന ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് 15-20 ലക്ഷം രൂപ ശ്രേണിയില്‍ വൈദ്യുത കാര്‍ വിപണിയിലെത്തിച്ചേക്കും. ഇതിനായി ചൈനയിലെ വിവിധ ഇലക്ട്രിക് വാഹന (EV) നിര്‍മ്മാതാക്കളുമായി ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ചൈനയിലെ ഷാങ്ഹായ് ഓട്ടോമോട്ടീവിന്റെ (SAIC) ഉടമസ്ഥതയിലുള്ള എം.ജി മോട്ടോറുമായും ചർച്ചകൾ നടക്കുകയാണ്. കമ്പനിയുടെ ഇന്ത്യാ വിഭാഗമായ എം.ജി. മോട്ടോര്‍ ഇന്ത്യയുടെ 45-48 ശതമാനം ഓഹരികള്‍ ജെ.എസ്.ഡബ്ല്യു വാങ്ങിയേക്കുമെന്ന് സൂചനകളുണ്ട്.
മറ്റൊരു ചൈനീസ് കമ്പനിയായ ബി.വൈ.ഡിയുമായും ജെ.എസ്.ഡബ്ല്യു ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അറിയുന്നു.
വാഹന വിപണിയിലേക്കും
വാഹന വിപണിയിലേക്കും ചുവടുവയ്ക്കുന്നതിന്റെ ഭാഗമായാണ് ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് എം.ജി മോട്ടോര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. വൈദ്യുത വാഹന മേഖലയിലേക്ക് കടക്കാനാണ് ജെ.എസ്.ഡബ്ല്യു ഉദ്ദേശിക്കുന്നതെങ്കിലും എം.ജി മോട്ടോറിന്റെ നിയന്ത്രണം ലഭ്യമായാല്‍ പെട്രോള്‍, ഡീസല്‍ മോഡലുകളും കമ്പനിയുടെ കീഴിലുണ്ടാകും.
നിലവില്‍ എം.ജി മോട്ടോഴ്‌സിന് 23.28 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള എം.ജി ഇസഡ്.എസ് ഇ.വി., 9.98 ലക്ഷം രൂപയുടെ കുഞ്ഞന്‍ മോഡല്‍ കോമെറ്റ് ഇ.വി എന്നീ വൈദ്യുത കാറുകളുണ്ട്.
ചര്‍ച്ചകള്‍ സജീവം
എം.ജി മോട്ടോറുമായുള്ള ജെ.എസ്.ഡബ്ല്യുവിന്റെ ചര്‍ച്ചകളില്‍ ഇനിയും അന്തിമ തീരുമാനങ്ങളായിട്ടില്ല. എം.ജിയുമായുള്ള ചര്‍ച്ചകള്‍ പൊളിഞ്ഞാല്‍ ബദലെന്നോണമാണ് മറ്റ് ചൈനീസ് കമ്പനികളുമായുള്ള ചര്‍ച്ച. നേരത്തേ ഉപകമ്പനിയായ ജെ.എസ്.ഡബ്ല്യു എനര്‍ജി മുഖേന 2017ല്‍ വൈദ്യുത വാഹന വിപണിയിലേക്ക് പ്രവേശിക്കാന്‍ ജെ.എസ്.ഡബ്ല്യു ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല.
അംബാനിയും ഹീറോയും രംഗത്ത്
അതിര്‍ത്തിയില്‍ ചൈന കാട്ടുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളോടുള്ള സമീപനത്തില്‍ ഇന്ത്യ മാറ്റംവരുത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള പുതിയ നിക്ഷേപങ്ങള്‍ക്ക് അനുമതികള്‍ നല്‍കാന്‍ കേന്ദ്രം വിമുഖത കാട്ടുന്നുണ്ട്. ചൈനീസ് കമ്പനികള്‍ക്കുമേല്‍ നികുതി വിഷയങ്ങളില്‍ അന്വേഷണങ്ങളും പരിശോധനകളും കടുപ്പിച്ചിട്ടുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യാ വിഭാഗത്തിന്റെ ഭൂരിപക്ഷം ഓഹരികളും (50 ശതമാനത്തിലധികം) വിറ്റഴിക്കാനും തദ്ദേശീയ കമ്പനികളുമായി സഹകരിച്ച് 'ഇന്ത്യന്‍ കമ്പനി' എന്ന ലേബല്‍ സ്വന്തമാക്കാനും എം.ജി മോട്ടോര്‍ ശ്രമിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്പ്, പ്രേംജി ഇന്‍വെസ്റ്റ് തുടങ്ങിയ കമ്പനികളുമായും എം.ജി മോട്ടോര്‍ ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചനകള്‍.

എം.ജി മോട്ടോറിന്റെ ഓഹരി വില്‍പന നീക്കം വിജയിച്ചാല്‍ 51 ശതമാനം ഓഹരികളും ഇന്ത്യന്‍ പങ്കാളികളുടെ നിയന്ത്രണത്തിലായിരിക്കും. ഇതില്‍ 5-8 ശതമാനം കമ്പനിയുടെ ഇന്ത്യയിലെ ഡീലര്‍മാരുടെയും ജീവനക്കാരുടെയും കൈവശമായേക്കും. 49 ശതമാനം ഓഹരി പങ്കാളിത്തമാകും എം.ജി നിലനിറുത്തിയേക്കുക. എം.ജി മോട്ടോറിന് 120-150 കോടി ഡോളര്‍ (9,800 മുതല്‍ 12,000 കോടി രൂപവരെ) മൂല്യം വിലയിരുത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ടാറ്റയുടെ അപ്രമാദിത്തം
നിലവില്‍ ഇന്ത്യന്‍ വൈദ്യുത കാര്‍ വിപണിയില്‍ ടാറ്റാ മോട്ടോഴ്സിന്റെ അപ്രമാദിത്തമാണ്. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണ്‍പാദത്തില്‍ ഇന്ത്യയില്‍ ആകെ വിറ്റഴിഞ്ഞത് 18,917 വൈദ്യുത കാറുകളാണ്. ഇതില്‍ 10,846 എണ്ണവും ടാറ്റയുടെ മോഡലുകള്‍. 1,902 എണ്ണവുമായി എം.ജി മോട്ടോറാണ്‌ രണ്ടാംസ്ഥാനത്ത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബി.വൈ.ഡി ഇന്ത്യ എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it