ലക്ഷ്വറി കാര്‍ വിപണിയിലേക്ക് ശതകോടീശ്വരന്‍ സജ്ജന്‍ ജിന്‍ഡാലിന്റെ ജെ.എസ്.ഡബ്ല്യു മോട്ടോഴ്സ്, ആദ്യ ഹൈബ്രിഡ് എസ്.യു.വി ജൂണിലെത്തും

പ്രീമിയം പ്ലഗ്-ഇന്‍ ഹൈബ്രിഡ് മോഡലുമായാണ് ജെ.എസ്.ഡബ്ല്യു മോട്ടോഴ്സ് പാസഞ്ചര്‍ വാഹന വിപണിയില്‍ അരങ്ങേറ്റം കുറിക്കുന്നത്
Electric vehicle
Representational ImageCanva
Published on

സ്റ്റീല്‍ മുതല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വരെ യുള്ള വൈവിധ്യമാര്‍ന്ന ബിസിനസ് മേഖലകളില്‍ ശക്തമായ സാന്നിധ്യമായ പ്രമുഖ്യ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പായ ജെ.എസ്.ഡബ്ല്യു (JSW) ഗ്രൂപ്പ് പാസഞ്ചര്‍ വാഹന വിപണിയിലേക്കും കടക്കുന്നു.

ശതകോടീശ്വരന്‍ സജ്ജന്‍ സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്റെ വാഹന നിര്‍മ്മാണ വിഭാഗമായ ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്റെ ആദ്യ ഉല്‍പ്പന്നമായ പ്ലഗ്-ഇന്‍ ഇലക്ട്രിക് ഹൈബ്രിഡ് (PHEV) എസ്യുവി 2026 ജൂണില്‍ വിപണിയിലിറക്കും.

ഏകദേശം 45 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്ന ഈ വാഹനം പ്രീമിയം സെഗ്മെന്റില്‍ ബി.എം.ഡബ്ല്യു, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ ആഗോള വമ്പന്മാരുമായാകും നേരിട്ട് മത്സരിക്കുക.

നിലവില്‍ വിദേശ ലക്ഷ്വറി കാര്‍ നിര്‍മ്മാതാക്കള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന PHEV സാങ്കേതികവിദ്യയുമായാകും വാഹനം എത്തുക.

ഉല്‍പ്പാദനം മഹാരാഷ്ട്രയില്‍

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ (ഔറംഗബാദ്) ഗ്രൂപ്പ് സ്ഥാപിക്കുന്ന പുതിയ ഫാക്ടറിയിലായിരിക്കും വാഹനത്തിന്റെ നിര്‍മ്മാണം നടക്കുകയെന്ന് കമ്പനി സി.ഇ.ഒ രഞ്ജന്‍ നായക് സ്ഥിരീകരിച്ചു. '2026-ല്‍ ഒരു ഹൈബ്രിഡ് മോഡലിലൂടെയാകും ജെ.എസ്.ഡബ്ല്യു മോട്ടോഴ്സ് യാത്രാ വാഹന വിപണിയില്‍ അരങ്ങേറ്റം കുറിക്കുക. ഇതിനായി അന്താരാഷ്ട്ര കമ്പനികളുമായുള്ള സാങ്കേതിക പങ്കാളിത്ത ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്,' അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ ഹൈബ്രിഡ്, റേഞ്ച് എക്സ്റ്റന്‍ഡഡ് ഇലക്ട്രിക് വാഹനങ്ങള്‍ (REEV) എന്നീ മേഖലകളിലും പുതിയ പങ്കാളിത്തത്തിലൂടെ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. വരും ആഴ്ചകളില്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക കരാറുകള്‍ ഒപ്പിട്ടേക്കും.

വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നു

നിലവില്‍ എം.ജി മോട്ടോര്‍ ഇന്ത്യയില്‍ 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്, രാജ്യത്തെ രണ്ടാമത്തെ വലിയ ഇ.വി നിര്‍മ്മാതാക്കളാണ്. 2025-ല്‍ എം.ജി വിന്‍ഡ്സര്‍ (MG Windsor) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറായി മാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോഴ്സിന്റെ ഇ.വി വില്‍പ്പനയില്‍ 136 ശതമാനം വര്‍ധനവുണ്ടായി. 51,387 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്.

ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, മാരുതി സുസുക്കി തുടങ്ങിയ പ്രമുഖര്‍ ഇ.വി വിപണിയില്‍ സജീവമാകുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഇ.വി വിഹിതം 10 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022-ല്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ 'വിദ' (Vida), 2021ല്‍ അശോക് ലെയ്ലന്‍ഡിന്റെ 'സ്വിച്ച്' (Switch) എന്നീ ബ്രാന്‍ഡുകള്‍ക്ക് ശേഷം ഇന്ത്യന്‍ വാഹന വിപണിയിലേക്ക് എത്തുന്ന പ്രധാന തദ്ദേശീയ ബ്രാന്‍ഡാകും ജെ.എസ്.ഡബ്ല്യു മോട്ടോഴ്സ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com