വൈദ്യുത വാഹന വിപണിയില്‍ കരുത്തറിയിക്കാന്‍ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്; ഒപ്പം കൂടാന്‍ ഫോക്‌സ്‌വാഗണും
വളരുന്ന വൈദ്യുത വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ സജ്ജന്‍ ജിന്‍ഡാലിന്റെ ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്. ഇതിനായി കമ്പനി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്സ്‌വാഗണുമായി കൈകോര്‍ക്കും. ഇരു കമ്പനികളും തമ്മിലുള്ള നിര്‍ദ്ദിഷ്ട പങ്കാളിത്തം 50-50 സംയുക്ത സംരംഭമായി മാറുമെന്നാണ് സൂചന. ഇടപാടിന്റെ അന്തിമ രൂപരേഖകള്‍ തീരുമാനിക്കാന്‍ ഇരു കമ്പനികളും നിലവില്‍ ചര്‍ച്ചയിലാണ്.
ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ വികസിപ്പിക്കുന്നതിനായി ഗ്രൂപ്പ് ഇതിനകം ചൈനയുടെ എസ്.എ.ഐ.സി (SAIC) മോട്ടോറിന്റെ ഉടമസ്ഥതയിലുള്ള എം.ജി മോട്ടോര്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. എം.ജി മോട്ടോറുമായുള്ള സംയുക്ത സംരംഭത്തില്‍ ജെ.എസ്.ഡബ്ല്യുവിന് 35 ശതമാനം ഓഹരിയുണ്ടാകുമെന്നാണ് സൂചന.
കൂടാതെ, ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് അടുത്തിടെ ഒഡീഷ സര്‍ക്കാരുമായി ഇ.വി ബാറ്ററി നിര്‍മ്മാണ പദ്ധതിക്കുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു. 40,000 കോടി രൂപ മുതല്‍ മുടക്കില്‍ കട്ടക്കിലും പാരദ്വീപിലുമാണ് ഇത് വരുന്നത്. നിലവില്‍ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെടെ വൈദ്യുത വാഹന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് സര്‍ക്കാർ ഉദ്ദേശിക്കുന്നത്. 2024-25ലെ ഇടക്കാല ബജറ്റില്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനത്തിന്റെ വികസനത്തിന് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്.