

രാജ്യത്തെ ഓട്ടോമൊബൈല്‍ വിപണിയില്‍ അനുകൂല അന്തരീക്ഷം തുടരുന്നുവെന്ന് ജൂലൈ കണക്കുകള്‍ വ്യക്തമാക്കുന്നു. മാരുതി സുസൂക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യൂണ്ടായ് അടക്കം എല്ലാ കമ്പനികളും വില്പനയില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ മാസം നേടിയത്. ജിഎസ്ടി പരിഷ്‌കരണത്തിനു ശേഷവും വിപണിയിലെ അനുകൂല തരംഗം തുടരുന്നുവെന്ന സൂചനയാണ് വില്പന കണക്കുകള്‍ നല്കുന്നത്.
ഇന്ത്യന്‍ കാര്‍ വിപണിയിലെ വമ്പന്മാരായ മാരുതി സുസൂക്കി ജൂലൈയിലും ഗംഭീര പ്രകടനം നടത്തി. 2,41,421 യൂണിറ്റുകളാണ് ഒറ്റമാസം കൊണ്ട് വിറ്റത്. ആഭ്യന്തര മാര്‍ക്കറ്റില്‍ മാത്രം 2,00,123 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഒരു മാസത്തെ കമ്പനിയുടെ റെക്കോഡ് വില്പനയാണിത്. മുന്‍ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് വില്പനയില്‍ 42.4 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 1,40,570 യൂണിറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്.
ടാറ്റ മോട്ടോഴ്‌സ് ജൂലൈയില്‍ വിറ്റഴിച്ചത് 63,760 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് 59 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ വര്‍ഷം സമാനമാസത്തില്‍ 40,175 യൂണിറ്റുകളായിരുന്നു വില്പന. ഇത്തവണ 23,585 യൂണിറ്റുകള്‍ അധികമായി വില്ക്കാന്‍ സാധിച്ചു.
ഇവി വിഭാഗത്തില്‍ ഡിമാന്‍ഡ് കുതിച്ചുയരുന്നതിനാണ് കഴിഞ്ഞ മാസം സാക്ഷ്യംവഹിച്ചത്. ഉയരുന്ന ഇന്ധന വിലവര്‍ധന കൂടുതല്‍ ഉപയോക്താക്കളെ ഇവിയിലേക്ക് ആകര്‍ഷിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 15,217 ഇവികളാണ് കമ്പനി ഇക്കാലയളവില്‍ നിരത്തിലിറക്കിയത്. മുന്‍ വര്‍ഷം സമാനമാസത്തെ അപേക്ഷിച്ച് 114 ശതമാനം വര്‍ധന. ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്പനയുടെ 24 ശതമാനമാണ് ഇവിയുടെ ഷെയര്‍. കഴിഞ്ഞ വര്‍ഷമിത് 18 ശതമാനം മാത്രമായിരുന്നു.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയിലും നേട്ടമുണ്ടാക്കാന്‍ ടാറ്റായ്ക്കായി. മുന്‍വര്‍ഷം ജൂലൈയില്‍ 654 യൂണിറ്റുകള്‍ വിറ്റഴിച്ചിടത്ത് ഇത്തവണ 1,149 യൂണിറ്റുകളായി വര്‍ധിച്ചു. 76 ശതമാനത്തിന്റെ വര്‍ധന. ആഭ്യന്തര മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം 62,611 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 58 ശതമാനം വര്‍ധന.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ചരിത്രത്തിലെ റെക്കോഡ് വില്പനയാണ് ജൂലൈയിലേത്. ആഭ്യന്തര, വിദേശ വിപണികളിലായി 75,360 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 25.4 ശതമാനമാണ് വര്‍ധന.
ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയ്ക്കും ജൂലൈ നേട്ടത്തിന്റേതായി. 8,158 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 22 ശതമാനം വര്‍ധന.
Read DhanamOnline in English
Subscribe to Dhanam Magazine