സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. ആറു മാസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുംബൈ ആസ്ഥാനമായ വാഹന നിര്‍മാണക്കമ്പനിയായ ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ഇലക്ട്രിക് ടൂവീലര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങാനുള്ള കരാറില്‍ കെ.എ.എല്‍ ഒപ്പു വച്ചു.
പ്രതിവര്‍ഷം 6,000 വാഹനങ്ങള്‍
കണ്ണൂര്‍ മട്ടന്നൂര്‍ കിന്‍ഫ്ര പാര്‍ക്കില്‍ രണ്ടേക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന പ്ലാന്റില്‍ നിന്ന് പ്രതിവര്‍ഷം 6,000 വാഹനങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. രണ്ടു മോഡലുകളായിരിക്കും ആദ്യ ഘട്ടത്തില്‍ പുറത്തിറക്കുക. 75,000 രൂപയില്‍ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.
ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും കൂടാതെ ഓട്ടോകളും ഇവിടെ നിര്‍മിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍ സര്‍ക്കാര്‍ സബ്സിഡിയും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. 4.64 കോടി രൂപയാണ് സംരംഭത്തിന് അംഗീകൃത മൂലധനം. 26 ശതമാനം ഓഹരി കെ.എ.എലിനും ബാക്കി ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസിനുമാണ്. സംരംഭം വഴി 200 പേര്‍ക്കു നേരിട്ടും നിരവധി പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കും .
മൂന്ന് വര്‍ഷം മുമ്പ് കെ.എ.എല്‍ പുറത്തിറക്കിയ വൈദ്യുത ഓട്ടോകള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവില്‍ വൈദ്യുത ഓട്ടോകള്‍ കൂടാതെ മാലിന്യ നീക്കത്തിനുപയോഗിക്കുന്ന ഇ-കാര്‍ട്ട്, ഇലക്ട്രിക് സൈക്കിളുകള്‍, സ്‌പോര്‍ട്‌സ് സൈക്കിളുകള്‍ എന്നിവയും കെ.എ.എല്‍ നിര്‍മിക്കുന്നുണ്ട്.
ട്രൈടണ്‍ ഇലക്ട്രിക് സൈക്കിള്‍ ഒക്ടോബറില്‍
നവീന സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സൈക്കിള്‍ അടുത്ത ഒക്ടോബര്‍ 2 ന് തിരുവനന്തപുരത്തെ കെ.എ.എല്‍ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുമെന്ന് ചെയര്‍മാന്‍ സ്റ്റാന്‍ലി പുല്ലുവിള പറഞ്ഞു. ഉയര്‍ന്ന നിലവാരത്തിലുള്ള സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ട്രൈടണ്‍ സൈക്കിളുകള്‍ക്ക് കൂടുതല്‍ ഭാരം വഹിക്കാന്‍ കെല്‍പ്പുണ്ട്. ശക്തമായ 12 ആംപിയര്‍ ബാറ്ററി 70-80 കിലോമീറ്റര്‍ നല്‍കും. 250 വാട്സിന്റെ ഹബ്ബ് മോട്ടോറാണ് ഉപയോഗിക്കുന്നത്.